മുറിവേറ്റ പശു കാരണം മധ്യപ്രദേശിലെ ഗ്രാമത്തിൽ ഒരു മരണവും സാമുദായിക സംഘർഷവും

പശുവിന്റെ മുറിവ് വെടിയേറ്റതു കൊണ്ടുണ്ടായതാണെന്ന ആരോപണത്തെ തുടർന്നാണ് സിലാവാൻ ഗ്രാമത്തിൽ സാമുദായികസംഘർഷം ഉടലെടുത്തത്. പശു മൃഗാശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു...

മുറിവേറ്റ പശു കാരണം മധ്യപ്രദേശിലെ ഗ്രാമത്തിൽ ഒരു മരണവും സാമുദായിക സംഘർഷവും

ഒരു പശുവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലുള്ള സിലാവാന്‍ ഗ്രാമത്തില്‍ സാമുദായിക സംഘര്‍ഷം. ഭോപ്പാലിൽ നിന്ന് 225 കിലോമീറ്റർ അകലെയാണ്, ഈ നഗരം.

ഏപ്രില്‍ 27 നാണ് പശുവിനെ ഒരു കാലൊടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അയൽവാസിയായ അഖ്തര്‍ ഖാന്‍ പശുവിനെ വെടിവയ്ക്കുകയായിരുന്നു എന്നാണ്, ക്ഷീരകർഷകനായ ഘനശ്യാം ലോധിയും ഗ്രാമത്തിലെ ഇതര ഹിന്ദുക്കളും പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ 'പ്രതി'യെ ഐപിസി 429 വകുപ്പ് പ്രകാരം (പശുവിനെ കൊല്ലുകയോ മുടന്തുവരുത്തുകയോ ചെയ്യുന്ന കുറ്റം) അറസ്റ്റ് ചെയ്യുകയും പിന്നീടു ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

എന്നാൽ പശുവിനെ പരിശോധിച്ച മൃഗഡോക്ടര്‍ പശുവിന്റെ മുറിവ് വെടിയുണ്ട കൊണ്ടുണ്ടായതല്ലെന്നായിരുന്നു റിപ്പോർട്ട് നൽകിയത്. പക്ഷേ ഘനശ്യാമും കൂട്ടരും ഖാനെതിരെയുള്ള ആരോപണത്തില്‍ ഉറച്ചു നിൽക്കുകയായിരുന്നു. തൻറെ കോഴികളെ ആക്രമിക്കാന്‍ വരുന്ന നായ്ക്കളെ ഖാന്‍ വെടി വയ്ക്കാറുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു. അന്നേദിവസം രണ്ടുനായ്ക്കളെ അഖ്തർ ഖാൻ കൊന്നിരുന്നു. കൂട്ടത്തിൽ പശുവിനും വെടിയേറ്റിരുന്നു എന്നാണ് അവരുയർത്തിയ വാദം. ഖാന്‍ പശുവിനെ വെടി വയ്ക്കുന്നതിന് ഒരു ദൃക്സാക്ഷിയുണ്ടെന്നാണു ഘനശ്യാമും കൂട്ടരും അവകാശപ്പെട്ടത്.

സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ പൊലീസ് പശുവിനെ എക്സ് റേ പരിശോധനയ്ക്കായി മേയ് അഞ്ചിനു ഭോപ്പാലിലേയ്ക്കു കൊണ്ടുപോയി. എന്നാല്‍ എക്സ് റേ പരിശോധനയിലും പശുവിനു വെടിയേറ്റതിൻറെ സാധ്യതകള്‍ ഉണ്ടായിരുന്നില്ല.

പശു ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഘനശ്യാമും മരുമകന്‍ സുനിലും ഭോപ്പാലില്‍ തന്നെ തങ്ങി. മെയ് എട്ടിനു ഘനശ്യാമിനെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൂങ്ങിമരണമാണെന്നാണു പറയപ്പെടുന്നത്.

അതേസമയം അഖ്തര്‍ ഖാന്റെ ബന്ധുക്കള്‍ ഭോപ്പാലില്‍ വന്നു ഘനശ്യാമിനെ കണ്ടിരുന്നെന്നാണ് സുനില്‍ അവകാശപ്പെട്ടത്. കേസ് പിന്‍വലിക്കാനായി അവര്‍ ഘനശ്യാമിനു പണം വാഗ്ദാനം ചെയ്തതായി സുനില്‍ ആരോപിച്ചു. സുനിലിന്റെ പരാതി അനുസരിച്ചു പൊലീസ് അഖ്തറിനെയും ബന്ധുക്കളായ സമദ് ഖാൻ, സലീം ഖാൻ, ഭുറാ ഖാൻ, അബ്ദുൾ ഹസൻ എന്നിവരെയും അബ്രാർ എന്നയാളെയും പ്രതിയാക്കി കേസെടുത്തു. ആത്മഹത്യാ പ്രേരണയായിരുന്നു കുറ്റം.

അതേ സമയം ഏതാനും മണിക്കൂറുകൾക്കു ശേഷം ഘനശ്യാമിന്റെ മൃതശരീരവുമായി ഗ്രാമത്തിലെത്തിയ സുനില്‍ ഭോപ്പാൽ പൊലീസിനോടു പറഞ്ഞ കഥയല്ല, ഗ്രാമവാസികളോടു പറഞ്ഞത്. ആശുപത്രിയില്‍ തോക്കുധാരികളായ ആറു പേര്‍ വന്നിരുന്നെന്നും അവര്‍ തന്റെ നെറ്റിയില്‍ തോക്കു ചൂണ്ടി ഘനശ്യാമിനെ തട്ടിക്കൊണ്ടുപോയെന്നും സുനിൽ ആരോപിച്ചു. അടുത്ത ദിവസം ഘനശ്യാമിനെ മരിച്ച നിലയില്‍ കാണുകയായിരുന്നെന്നാണ് സുനിലിന്റെ പുതിയ വാദം.

ഈ സംഭവങ്ങള്‍ ഗ്രാമത്തില്‍ സാമുദായികസംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഘനശ്യാമിന്റെ മരണവും പശുവിന്റെ പരിക്കും സംബന്ധിച്ചുള്ള വാസ്തവം പൊലീസുകാര്‍ ഒളിപ്പിക്കുകയാണെന്നു ഗ്രാമത്തിലെ ഹിന്ദുക്കള്‍ ആരോപിക്കുന്നു. ആരോപണത്തെ തുടർന്ന് ആറു പൊലീസുകാരെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി.

എന്റെ ഭര്‍ത്താവിന് അങ്ങിനെയൊന്നും ചെയ്യാനാവില്ല. പൊലീസുകാര്‍ ആദ്യം പശുവിനെ കൊണ്ടുപോയി, കൂടെപ്പോകാന്‍ അദ്ദേഹത്തിനെ നിര്‍ബന്ധിക്കുകയും ചെയ്തു. ആദ്യം പശുവിനെ വെടി വച്ചു, പിന്നെ എന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ വച്ചു കൊന്നു,'

ഘനശ്യാമിന്റെ ഭാര്യ രാധ പറയുന്നു.

ഘനശ്യാമിന്റേത് ആത്മഹത്യയാണെന്നുള്ള റിപ്പോര്‍ട്ട് അവര്‍ തള്ളിക്കളഞ്ഞു. ഘനശ്യാമിന് മൂന്നു ബിഗ ഭൂമിയുണ്ടായിരുന്നു. കൂടാതെ താനും ഭർത്താവും കൂലിത്തൊഴിലാളികളായും ജോലി ചെയ്തിരുന്നു. പശു വേഗം സുഖം പ്രാപിക്കണമെന്നും പണം വാങ്ങി രാജിയാവാൻ തയ്യാറല്ലെന്നുമുള്ള ആഗ്രഹത്തിലും നിലപാടിലുമായിരുന്നു ഘനശ്യാമെന്ന് രാധ പറയുന്നു. ആരെയെങ്കിലും തനിക്കുപകരം ഭോപ്പാലിലേക്കു വിടാനാവുമെങ്കിൽ താൻ വേഗം ഗ്രാമത്തിൽ തിരികെയെത്താമെന്നും ഘനശ്യാം ഫോൺ വിളിച്ചു പറഞ്ഞിരുന്നതായും രാധ കൂട്ടിച്ചേർക്കുന്നു.

എന്റെ നെറ്റിയില്‍ തോക്കു ചൂണ്ടിയത് ആരാണെന്ന് എനിക്കറിയില്ല. എന്റെ അമ്മാവനെ അവര്‍ കൊണ്ടുപോകുമ്പോള്‍ ഞാന്‍ മിണ്ടാന്‍ പോലും പറ്റാത്തവിധം ഭയന്നിരുന്നു. അമ്മാവനെ കൊല്ലുന്നതു ഞാന്‍ കണ്ടിട്ടില്ല. കേസ് പിന്‍വലിപ്പിക്കാന്‍ വേണ്ടി അവര്‍ ചെയ്തതാകും,'

ഘനശ്യാമിന്റെ മരുമകൻ സുനിൽ പറയുന്നു.

ജീവൽഭയം കാരണമാണ് ഇക്കാര്യങ്ങള്‍ ഭോപ്പാൽ പൊലീസിനോടു പറയാതിരന്നത് എന്നാണു സുനിൽ അവകാശപ്പെടുന്നത്.

സുനിലിനെ ഹിന്ദു സംഘടനകള്‍ പറഞ്ഞുപറയിപ്പിക്കുകയാണെന്നാണ് മുസ്ലീംങ്ങൾ ആരോപിക്കുന്നത്. അവര്‍ മെയ് എട്ടിനു തെരുവിലിറങ്ങുകയും ഘനശ്യാമിന്റെ ശവസംസ്കാരം നടത്താന്‍ വിസമ്മതിക്കയും ചെയ്തു. അടുത്ത ദിവസമാണ്, സംസ്കാരം നടത്തിയത്.

സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന് ഞങ്ങളെന്തിനാണ് അയാളെ കൊല്ലുന്നത്? ഞങ്ങളുടെ ഫോണ്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചാലറിയാം, ഞങ്ങള്‍ അന്നു ഭോപ്പാലില്‍ പോയിട്ടില്ലെന്ന്,'

സിംഘട പ്രൈമറി ആൻഡ് സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപകനും‍ കേസിൽ പ്രതിചേർക്കപ്പെട്ടരിൽ ഒരാളുമായ അബ്ദുള്‍ ഹസന്‍ പറയുന്നു.

തന്റെ അവസ്ഥ കണക്കിലെടുത്ത് പൊലീസ് കീഴടങ്ങാൻ സമയമനുവദിച്ചിട്ടുണ്ടെന്നും 56-കാരനായ ആ അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റിക്കോഡിങ് സംവിധാനം പ്രവർത്തനരഹിതമാണ്.

പശുവിനു വെടിയേറ്റതു മൂലമാണു പരിക്കേറ്റതെന്നു തെളിഞ്ഞാൽ രണ്ടു ലക്ഷം രൂപ നല്‍കാമെന്നു ഘനശ്യാമിനോടു പറഞ്ഞിരുന്നു. പക്ഷേ, മൃഗഡോക്ടര്‍മാരുടെ പരിശോധനയിൽ പശുവിനേറ്റ മുറിവ് വെടികൊണ്ടിട്ടുള്ളതല്ലെന്നു സ്ഥിരീകരിച്ചതോടെ ഘനശ്യാമിനു പ്രതീക്ഷ നഷ്ടമാവുകയും വിഷാദവാനാവുകയും ചെയ്തിരുന്നു. ഇതുമൂലമാവാം ഘനശ്യാം ആത്മഹത്യ ചെയ്തത്,'

അബ്ദുള്‍ ഹസന്‍ അഭിപ്രായപ്പെടുന്നു.

ഇതേ ഗ്രാമവാസിയായ ഖലീൽ ഖാൻ പറയുന്നത്, മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങൾക്കെതിരെ ഭൂരിപക്ഷ സമുദായത്തിൽ പെട്ട ഗ്രാമവാസികൾക്ക് മുറുമുറുപ്പുണ്ടായിരുന്നു എന്നാണ്. സർപഞ്ചും വില്ലേജ് സെക്രട്ടറിയും മുസ്ലീങ്ങളായിരുന്നു.

പിപ്ഡായി പൊലീസ് എഎസ്ഐ അവദേശ് ഗൗർ പറയുന്നത് പൊലീസ് മുസ്ലീങ്ങളിൽ നിന്നു പണംപറ്റി അവരെ പിന്തുണയ്ക്കുകയാണെന്നു ഗ്രാമീണർ ആരോപിക്കുന്നതിനാൽ താൻ ഇതേവരെ ഗ്രാമത്തിലേക്കു പോയിട്ടില്ല എന്നാണ്. ഘനശ്യാമിന്റെ ഓട്ടോപ്സി റിപ്പോർട്ടിനായി കാക്കുകയാണ്, ഭോപ്പാൽ പൊലീസ്.

ഗ്രാമത്തില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ പശുവിനെ എന്തു ചെയ്യണമെന്നറയാതെ കുഴങ്ങുകയാണു ഭോപ്പാലിലെ ആശുപത്രി അധികൃതര്‍. പശുവിന്റെ കാലൊടിഞ്ഞിട്ടുണ്ട്. ഭേദമാകാന്‍ ആഴ്ചകളെടുക്കും. പശുവിനെ ഏറ്റെടുക്കാന്‍ പ്രാദേശികഭരണകൂടത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇല്ലെങ്കില്‍ അടുത്തുള്ള ഗോശാലയില്‍ കൊണ്ടുവിടും എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.