ഇന്ത്യന്‍ വ്യോമസേനയുടെ 87 വര്‍ഷങ്ങള്‍

സ്വാതന്ത്ര്യത്തിന് ശേഷം പ്രധാനപ്പെട്ട നാല് യുദ്ധങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇന്ത്യന്‍ വ്യോമസേന ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണിന്ന്. അത്ര എളുപ്പമായിരുന്നില്ല ഇന്ത്യന്‍ വ്യേമസേനയുടെ ഈ യാത്ര.

ഇന്ത്യന്‍ വ്യോമസേനയുടെ 87 വര്‍ഷങ്ങള്‍

ഇന്ത്യന്‍ വ്യോമസേന 87 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 1932 നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് അനുസരിച്ച് വ്യോമസേന രൂപീകൃതമായത്. 87 വര്‍ഷങ്ങള്‍ പിന്നീടുമ്പോള്‍ ഫ്രാന്‍സില്‍ നിന്ന് റഫേല്‍ യുദ്ധവിമാനം സ്വന്തമാക്കിയിരിക്കുകയാണ് സേന. ഇന്ത്യ വാങ്ങുന്ന 36 യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേതാണിത്. സ്വാതന്ത്ര്യത്തിന് ശേഷം പ്രധാനപ്പെട്ട നാല് യുദ്ധങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇന്ത്യന്‍ വ്യോമസേന ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണിന്ന്. അത്ര എളുപ്പമായിരുന്നില്ല ഇന്ത്യന്‍ വ്യേമസേനയുടെ ഈ യാത്ര.

1910 മാര്‍ച്ചിലായിരുന്നു ഇന്ത്യയിലാദ്യമായി ഒരു വിമാനം പറന്നുയര്‍ന്നത്. മദ്രാസില്‍ (ഇന്നത്തെ ചെന്നൈ) ഹോട്ടല്‍ നടത്തിയിരുന്ന ഒരു ഫ്രഞ്ച് വ്യവസായി താന്‍ രൂപകല്‍പന ചെയ്ത ബൈപ്ലെയിന്‍ (രണ്ട് ജോടി ചിറകുള്ള വിമാനം) പറത്തുകയായിരുന്നു. വൈകാതെ തന്നെ ചില ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥര്‍ യുദ്ധങ്ങളില്‍ വിമാനം ഉപയോഗിക്കുന്നതിന്റെ സാധ്യത തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ആര്‍മിയുടെ പഞ്ചാബ് റെജിമെന്റിലെ ക്യാപ്റ്റന്‍ എസ് ഡി മാസെയ് ലക്‌നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരില്‍ മിലിറ്ററി ഫ്‌ളൈയിംഗ് സ്‌കൂള്‍ സ്ഥാപിച്ചു. ഇവിടെ നിന്ന് പരിശീലനം നേടിയവര്‍ ഇന്ത്യന്‍ എയര്‍ കോര്‍പ്‌സ് എന്ന അനൗദ്യോഗിക സേനയുടെ കീഴില്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു. ധനികനായ ബംഗാളി ഭൂവുടമയുടെ മകനായ ഇന്ദ്ര ലാല്‍ റോയ് ആണ് ആദ്യ ഇന്ത്യന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പൈലറ്റായി കണക്കാക്കപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവന്‍ സുബ്രതോ മുഖര്‍ജി 1954 ല്‍ ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആകുന്ന ആദ്യ ഇന്ത്യക്കാരനായി.

1918 ല്‍ ഇന്ത്യന്‍ എയര്‍ കോര്‍പ്‌സ് ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ കീഴിലുള്ള റോയല്‍ എയര്‍ ഫോഴ്‌സിന്റെ (ആര്‍എഎഫ്) ഭാഗമായി മാറി. 1927 ആയപ്പോഴേക്കും ഇന്ത്യയ്ക്ക് പ്രത്യേകമായി ഒരു വ്യോമസേന രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. 1930 ല്‍ ബ്രിട്ടനില്‍ റോയല്‍ എയര്‍ ഫോഴ്‌സ് ആസ്ഥാനത്ത് പരിശീലനം നേടുന്നതിനായി ആറ് ഇന്ത്യന്‍ കേഡറ്റുമാരെ തെരഞ്ഞെടുത്തു. പിന്നീട് 1932 ഒക്ടോബര്‍ എട്ടിന് ബ്രിട്ടീഷ് ഇന്ത്യ സര്‍ക്കാര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ആക്ട് പാസാക്കുകയും ഇന്ത്യന്‍ വ്യോമസേന പിറന്നു. തുടക്കത്തില്‍ ആറ് ഓഫീസര്‍മാരും 19 ഭടന്മാരുമാണ് ഉണ്ടായിരുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ആദ്യ സ്‌ക്വാഡ്രന്‍ നിലവില്‍ വരുന്നത്. നാല് വെസ്റ്റ്‌ലാന്‍ഡ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രന്‍.

ശൈശവ ദശയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നത്. ഇന്ത്യന്‍ പൈലറ്റിനും ബ്രിട്ടീഷ് പൈലറ്റിനും ലഭിച്ചിരുന്ന വേതനത്തില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ബ്രിട്ടീഷ് ടെക്‌നീഷ്യന്മാര്‍ ഇന്ത്യന്‍ പൈലറ്റുമാരെ സല്യൂട്ട് ചെയ്തിരുന്നില്ല. വിമാനം പോലുള്ള സങ്കീര്‍ണ്ണമായ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിവില്ലാത്തവരാണ് ഇന്ത്യക്കാര്‍ എന്നാണ് ബ്രിട്ടീഷ് എയര്‍ ഫോഴ്‌സ് കരുതിയിരുന്നത്.

1939 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഹിറ്റലറുടെ ജര്‍മ്മനിയുമായി യുദ്ധം പ്രഖ്യാപിച്ചതായിരുന്നു ഇന്ത്യന്‍ വ്യോമസേനയ്ക്ക് വഴിത്തിരിവായത്. ഇന്ത്യന്‍ വ്യോമസേന വിപുലീകരിക്കുന്നതിനായി 17 ദശലക്ഷം പൗണ്ടാണ് നല്‍കിയത്. വര്‍ഷാവസാമായപ്പോഴേക്കും സേനയുടെ കരുത്ത് വര്‍ധിച്ചു. അംഗബലം 200 ആയി, ആധുനിക വിമാനങ്ങള്‍ സ്വന്തമാക്കി. ഇന്ത്യന്‍ വ്യോമസേനാംഗങ്ങള്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും റോയല്‍ എയര്‍ ഫോഴ്‌സിന് വേണ്ടി പൈലറ്റുമാര്‍ സേവനമനുഷ്ഠിച്ചു. 1945 ല്‍ ബ്രിട്ടന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സേവനങ്ങള്‍ കണക്കിലെടുത്ത് റോയല്‍ പദവി നല്‍കി. പിന്നീട് റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നാണ് വ്യോമസേന അറിയപ്പെട്ടത്. പിന്നീട് 1950 ല്‍ ഇന്ത്യ റിപ്പബ്ലിക്കായപ്പോള്‍ റോയല്‍ പദം എടുത്തുമാറ്റുകയും വീണ്ടും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു.

Read More >>