തോക്കു കൊണ്ട് കൊല്ലാനാവാത്ത ഒരു മനുഷ്യൻ; ഷാഹിദ് അസ്മിയുടെ രക്തസാക്ഷിത്വത്തിന് എട്ടു വയസ്സ്

"അനീതി കാട്ടിത്തന്നു കൊണ്ട് അവൻ എന്നെ നീതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു.വേദനയും അപമാനവും എന്താണെന്നു പഠിപ്പിച്ചു കൊണ്ട് അവൻ എന്റെ ഹൃദയത്തെ കരുണയിലേക്ക് ഉണർത്തി.കഠിനമായ ഈ വഴികളിലൂടെയാണ് ഞാൻ കഠിനമായ പാഠങ്ങൾ പഠിച്ചത്. മുൻവിധികൾക്കെതിരെ പോരാടാൻ, അടിച്ചമർത്തുന്നവരെ നേരിടാൻ,അധഃകൃതരായവർക്കൊപ്പം നില്ക്കാൻ."

തോക്കു കൊണ്ട് കൊല്ലാനാവാത്ത ഒരു മനുഷ്യൻ; ഷാഹിദ് അസ്മിയുടെ രക്തസാക്ഷിത്വത്തിന് എട്ടു വയസ്സ്

'നിങ്ങൾക്കൊരാളെ കൊല്ലാനാകും. പക്ഷെ അയാൾ വിശ്വസിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത ആശയങ്ങളെ ഇല്ലാതെയാക്കാനുള്ള കഴിവ് നിങ്ങളുടെ വെടിയുണ്ടകൾക്കില്ല.'

ഷാഹിദ് അസ്മി കൊല്ലപ്പെട്ടിട്ട് എട്ടു വർഷമാകുന്ന വേളയിൽ സുഹൃത്ത് അസിം ഖാൻ അദ്ദേഹത്തെ ഓർക്കുകയാണ്, ഒരു ജേർണലിസ്റ്റായിരുന്ന തന്നെ വക്കീലാകാൻ പ്രേരിപ്പിച്ച ഷാഹിദ് ഭായിയെ പറ്റി. ഷാഹിദ് ഇല്ലാതെയായപ്പോൾ ഉണ്ടായ ആ വലിയ ശൂന്യതയെ പറ്റി, ഷാഹിദിന്റെ മരണത്തോടെ നിയമം പഠിക്കാൻ ചേർന്നതിനെ പറ്റി.

"ഷാഹിദിന്റെ മരണം എന്റെ ജീവിതത്തെ ഒരുപാട് മാറ്റി മറിച്ചു.ഒരു ജേർണലിസ്റ്റ് ആയിരുന്നു ഞാൻ അതുവരെ. പക്ഷെ എനിക്കിനിയൊരു വക്കീലാകണം. ഷാഹിദിനെ പോലെയൊരു വക്കീൽ. അതെത്രത്തോളം സാധ്യമാണ് എന്നറിയില്ല.എങ്കിലും ഞാൻ ശ്രമിക്കും."

ഭീകരവാദ കേസുകളിൽ തടവിലായ നിരപരാധികൾക്കു വേണ്ടി വാദിക്കാൻ ഇനിയൊരു ഷാഹിദ് അസ്മി ഉണ്ടാകേണ്ടതിന്റെ ആവശ്യകത അസിം തിരിച്ചറിയുന്നുണ്ട്. പ്രത്യേകിച്ച് നിങ്ങൾ ഏതു നിമിഷവും ഭീകരവാദിയായി മുദ്രകുത്തപ്പെടാനിടയുള്ള ഈ ഫാസിസ്റ്റു ഭരണകാലത്ത്.

2010 ഫെബ്രുവരി 11 നാണ് ഷാഹിദിനെ മുംബൈ കുർളയിലെ സ്വന്തം ഓഫീസിൽ വച്ച് അക്രമികൾ വെടി വച്ച് കൊലപ്പെടുത്തുന്നത്. ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും എവിടെയും യാതൊരു അവ്യക്തതയും ഇല്ലാതിരുന്നിട്ടും ഷാഹിദ് അസ്മിയുടെ മരണം വലിയ ചർച്ചയായില്ല.ഐ ആം ഷാഹിദ് അസ്മിയെന്നോ ഷൂട്ട് മീ റ്റൂ എന്നോ ഹാഷ് ടാഗുകൾ ഉണ്ടായില്ല. നിയമങ്ങളെ നിയമം കൊണ്ട് നേരിട്ട ആ മനുഷ്യൻ ഇന്ന് ഏറെക്കുറേ ഓർമ്മയാണ്.

പതിനാലാം വയസ്സിൽ 1992 ലെ മുംബൈ കലാപങ്ങളുടെ പേരിൽ പൊലീസ് പിടിയിലായ ഷാഹിദ് പിന്നീട് പാക് അധീന കശ്മീരിലെ തീവ്രവാദി പരിശീലന ക്യാമ്പിലാണ് എത്തിച്ചേരുന്നത്. എന്നാൽ അവിടെ നിന്നും തിരിച്ചു പോന്ന ഷാഹിദ് അസ്മി ഒരു തീവ്രവാദ വിരുദ്ധനായിരുന്നു. പിന്നീട് ടാഡ നിയമം വഴി വീണ്ടും അറസ്റ്റിലായ ഷാഹിദ് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തിഹാർ ജയിലിൽ 7 വർഷം കഴിഞ്ഞു. ജയിൽ കാലഘട്ടത്തിൽ തന്നെ നിയമ പഠനം ആരംഭിച്ച ഷാഹിദ് 2003 ൽ ക്രിമിനൽ അഭിഭാഷകനായി മാറി.

തീവ്രവാദക്കുറ്റം ആരോപിക്കപ്പെട്ട നിരപരാധികൾക്കു വേണ്ടിയാണു ഷാഹിദ് അസ്മി പ്രധാനമായും വാദിച്ചിരുന്നത്. മുംബൈ ഭീകരാക്രമണക്കേസിൽ തടവിലാക്കപ്പെട്ട ഫഹീം അൻസാരിക്കു വേണ്ടി ഷാഹിദ് അസ്മി വാദിച്ചത് അന്ന് ദേശീയ ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു. തെളിവുകളുടെ അഭാവത്തിൽ പിന്നീട് അൻസാരിയെ കോടതി വെറുതേ വിട്ടു.

വെറും ഏഴു വർഷത്തെ അഭിഭാഷക ജീവിതത്തിനിടയിൽ ഷാഹിദ് തന്റെ കരിയറിൽ പ്രദർശിപ്പിച്ച കഴിവും ധൈര്യവും അപാരമായിരുന്നു. ഭീകരവാദം ആരോപിക്കപ്പെട്ട 17 പേരെ അദ്ദേഹം മോചിപ്പിച്ചു.ഷാഹിദിന്റേത് ഒരു സാധാരണ ജീവിതമായിരുന്നില്ല. അദ്ദേഹത്തിന് വ്യക്തമായിരുന്നു താൻ എന്താണ് ചെയ്യേണ്ടത് എന്നും എന്തിനാണ് ചെയ്യേണ്ടത് എന്നും.

"കുറ്റക്കാരനല്ലാത്ത,കുറ്റാരോപിതൻ മാത്രമായ ഒരാളെ കഴുമരത്തിലേക്കയക്കുന്നത് വെറുതേ അങ്ങനെ കണ്ടു നിൽക്കാൻ എനിക്ക് സാധ്യമല്ല. അവർ അനുഭവിച്ച വേദനകളെ കുറിച്ചോർത്താൽ പോലും എന്റെ ഹൃദയം മുറിഞ്ഞു നീറാൻ തുടങ്ങും." ഒരിക്കൽ ഷാഹിദ് അസ്മി പറഞ്ഞു.

ഷാഹിദ് അനുഭവങ്ങളിൽ നിന്ന് പഠിച്ചവയാണ് എല്ലാം. 'ടെററിസ്റ്റ് ലോയർ' എന്ന് കോടതിക്കകത്തും പുറത്തും പലരും വിളിച്ചപ്പോൾ ഷാഹിദ് പതറാതിരുന്നത് ചെയ്യാത്ത കുറ്റത്തിന് വർഷങ്ങൾ ജയിലിൽ കഴിഞ്ഞപ്പോൾ താൻ നേരിട്ട അനുഭവങ്ങൾ ഓർമ്മയിലുള്ളത് കൊണ്ട് തന്നെയാണ്,കുറ്റവാളിയും കുറ്റാരോപിതനും തമ്മിലുള്ള അന്തരം വലുതാണ് എന്ന ബോധ്യമുള്ളതു കൊണ്ട് തന്നെയാണ്. താൻ നേരിട്ട അതെ അനുഭവങ്ങളിലൂടെ കടന്നു പോകുന്നൊരാളെ മനസിലാക്കാൻ ഷാഹിദിന് കഴിയുമായിരുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് ഷാഹിദ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നതും.

"അനീതി കാട്ടിത്തന്നു കൊണ്ട് അവൻ എന്നെ നീതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു.വേദനയും അപമാനവും എന്താണെന്നു പഠിപ്പിച്ചു കൊണ്ട് അവൻ എന്റെ ഹൃദയത്തെ കരുണയിലേക്ക് ഉണർത്തി.കഠിനമായ ഈ വഴികളിലൂടെയാണ് ഞാൻ കഠിനമായ പാഠങ്ങൾ പഠിച്ചത്. മുൻവിധികൾക്കെതിരെ പോരാടാൻ, അടിച്ചമർത്തുന്നവരെ നേരിടാൻ,അധഃകൃതരായവർക്കൊപ്പം നില്ക്കാൻ."

ന്യൂ യോർക്കിലെ അഭിഭാഷകനായിരുന്ന റോയൽ ബ്ലാക്കിന്റെ ഈ വാക്കുകളായിരുന്നു ഷാഹിദ് എന്നും പിന്തുടർന്നത്.മുംബൈയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ ഗേറ്റിനു മുന്നിലും ഡെസ്കിനു മുന്നിലും ഈ വാക്കുകൾ തൂങ്ങുന്നുണ്ട്. നീതി മാത്രമായിരുന്നു ഷാഹിദിന്റെ ജീവിതത്തിലെ മുഖ്യ പദം.

ഷാഹിദ് അസ്മിയുടെ ജീവിതം പ്രമേയമാക്കി ഹൻസൽ മെഹ്ത സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് നിർമ്മിച്ച 'ഷാഹിദ്' എന്ന ചിത്രം 2013 ൽ പുറത്തിറങ്ങി. രാജ് കുമാർ റാവുവാണ് അന്നതിൽ ഷാഹിദ് ആയി വേഷമിട്ടത്. 2012 ലെ ടൊറന്റോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം പിന്നീട് 2013 ഒക്റ്റോബർ 18 ന് ഇന്ത്യയിൽ പൊതുപ്രദർശനത്തിനെത്തി.

തീവ്രവാദക്കേസുകൾ ആരോപിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന്റെ പേരിൽ കൊല്ലപ്പെട്ട ആദ്യത്തെ മുസ്ലിം അഭിഭാഷകൻ അല്ല ഷാഹിദ്. 2009 ഏപ്രിൽ മാസത്തിൽ ഇതേ കാരണത്താൽ നൗഷാദ് കാഷിംജി എന്ന മംഗളൂരു സ്വദേശിയായ അഭിഭാഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. എത്ര പേർക്കറിയാം ഇവരെയൊക്കെ? എന്ത് കൊണ്ടാണ് നമ്മൾ ഇവയൊന്നും കാണാത്തത്? ഒരു മുസ്ലിം പേരുകാരന് മുകളിൽ വളരെ എളുപ്പം ആരോപിക്കാവുന്ന ഒന്നായി ഭീകരവാദം മാറിയത് എങ്ങനെയാണ്? ആരെയാണ് ഒരു മുസ്ലിം ഇത്രയധികം ഭയപ്പെടുത്തുന്നത്?

ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരൻ എന്ന പേരിൽ അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടിട്ട് ഫെബ്രുവരി 9 ന് അഞ്ചു വർഷം തികഞ്ഞു. അഫ്സൽ ഗുരു കൊല്ലപ്പെട്ടത് ഒരു കശ്‍മീരി മുസ്ലിം ആയതു കൊണ്ട് മാത്രമാണ് എന്ന് അറിയാത്തവരല്ല നാം. ചെയ്തത് അനീതിയാണ് എന്ന് ബോധ്യമാല്ലാത്തവരല്ല നമ്മുടെ ഭരണകൂടം. ഒരു ഷാഹിദ് അസ്മിയുടെ അഭാവം ഇനിയും അഫ്സൽ ഗുരുമാരെ ഉണ്ടാക്കും എന്നറിവില്ലാത്തവരുമല്ല. പിന്നെന്തു കൊണ്ട്?

ഓർക്കുക, നമ്മുടെ മൗനങ്ങൾ പോലും ഒരു സമൂഹത്തോടുള്ള അനീതിയാണ്.

Read More >>