ഇന്ത്യൻ സമ്പത്തിന്റെ 53 ശതമാനവും ഒരു ശതമാനം ജനത്തിന്റെ കൈയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്‌

ഉയരുന്ന അസമത്വം ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനെ മന്ദഗതിയിലാക്കും. ഈ നിലയില്‍ പോകുകയാണെങ്കില്‍ 2019 ആകുമ്പോഴേയ്ക്കും 90 ദശലക്ഷം ഇന്ത്യാക്കാര്‍ ദരിദ്രരായിത്തീരും എന്ന് യുഎൻ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യൻ സമ്പത്തിന്റെ  53 ശതമാനവും ഒരു ശതമാനം ജനത്തിന്റെ  കൈയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്‌

രാജ്യസമ്പത്തിന്റെ 53 ശതമാനവും കൈയാളുന്നത് ഒരു ശതമാനം വരുന്ന ഇന്ത്യക്കാരെന്നു യുഎന്‍ റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങളിലെ പോലെ ഇന്ത്യയിലെ വികസനം ഒരേ പോലെ സംസ്ഥാനങ്ങളിലേക്ക് പകരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തില്‍ റഷ്യയ്ക്കു പിറകിലാണ് ഇന്ത്യ. രാജ്യ സമ്പത്തിന്റെ 53 ശതമാനവും ഒരു ശതമാനം ഇന്ത്യക്കാരുടെ കൈവശമാണ്' -റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ നടന്ന യുണൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ ഇംപാക്റ്റ് (യുഎന്‍ജിസി) എന്ന ദ്വിദിന പരിപാടിയില്‍ ആയിരുന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നവീകരണത്തിലൂടെ ബിസിനസ്സുകള്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതെങ്ങനെ എന്നതായിരുന്നു ചര്‍ച്ചാവിഷയം.

യുഎന്‍ജിസി സിഇഒ ലൈസ് കിൻഗോ പറഞ്ഞതനുസരിച്ച് ഇന്ത്യയില്‍ ഒരു ലക്ഷം കോടി രൂപയുടെ വിപണിസാദ്ധ്യതകള്‍ ഉണ്ട്. ആഹാരം, കൃഷി, ഊര്‍ജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥായിയായ ബിസിനസ്സ് മോഡലിലൂടെ ഇന്ത്യയില്‍ 72 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും കിൻഗോ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് വ്യത്യസ്തമായ സാമ്പത്തികനിലയാണു വേണ്ടതെന്നു റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ദാരിദ്ര്യം, അസമത്വം, പണത്തിന്റെ ലഭ്യതയില്ലായ്മ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കണം അതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ രണ്ടാമത്തെ ഭക്ഷ്യോല്‍പാദകര്‍ എന്ന നിലയില്‍, ഇന്ത്യയ്ക്ക് കാര്‍ഷികരംഗങ്ങളിലും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വികസനമാണു വേണ്ടതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഉയരുന്ന അസമത്വം ദാരിദ്ര്യനിര്‍മ്മാര്‍ജനത്തെ മന്ദഗതിയിലാക്കും; ഈ നിലയില്‍ പോകുകയാണെങ്കില്‍ 2019 ആകുമ്പോഴേയ്ക്കും 90 ദശലക്ഷം ഇന്ത്യാക്കാര്‍ ദരിദ്രരായിത്തീരും എന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.