ബാറ്ററി കാറുമായി അഞ്ച് വയസ്സുകാരൻ തിരക്കുള്ള റോഡിൽ; പോരാത്തതിന് ട്രാഫിക്ക് ബ്ലോക്കും: ഒടുവിൽ പൊലീസ് പൊക്കി

സതീഷ് എന്ന അഞ്ചു വയസ്സുകാരനാണ് തന്റെ കുഞ്ഞന്‍ കാറുമായി വന്ന് നഗരത്തില്‍ വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്.

ബാറ്ററി കാറുമായി അഞ്ച് വയസ്സുകാരൻ തിരക്കുള്ള റോഡിൽ; പോരാത്തതിന് ട്രാഫിക്ക് ബ്ലോക്കും: ഒടുവിൽ പൊലീസ് പൊക്കി

തന്റെ കുഞ്ഞന്‍ വണ്ടിയുമായി നഗരത്തിലെ തിരക്ക് പിടിച്ച റോഡില്‍ പൊലീസിനെ കുഴക്കി അഞ്ചുവയസ്സുകാരന്‍. വിജയവാഡയിലാണ് സംഭവം നടന്നത്. വിജയവാഡയിലെ ബെന്‍സ് സര്‍ക്കിളിന് സമീപത്ത് താമസിക്കുന്ന സതീഷ് എന്ന അഞ്ചു വയസ്സുകാരനാണ് തന്റെ കുഞ്ഞന്‍ കാറുമായി വന്ന് നഗരത്തില്‍ വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്.

വീട്ടില്‍ നിന്ന് ഒരു കിലോ മീറ്ററോളം തന്റെ കാര്‍ ഓടിച്ചാണ് സതീഷ് ബെന്‍സ് സര്‍ക്കിളില്‍ എത്തിയത്. എന്നാല്‍ മകന്‍ വീട്ടില്‍ നിന്ന് പോയ വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞില്ല. തിരക്കുള്ള പ്രദേശത്ത് കുട്ടി തന്റെ വണ്ടി നിര്‍ത്തിയതോടെ വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായപ്പോഴാണ് പൊലീസ് കുട്ടിയെ ശ്രദ്ധിച്ചത്. കാര്യം അറിഞ്ഞെത്തിയ ട്രാഫിക് എസ്‌ഐ ജഗന്നാഥ് റെഡ്ഡിയാണ് കുട്ടിക്ക് പരിക്കുകള്‍ ഒന്നും ഉണ്ടായിട്ടില്ലന്ന് പരിശോധിച്ച് അവനെ ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടു പോയത്.

രാവിലെ 9.15നും 9.30നും ഇടക്കാണ് സതീഷ് ബെന്‍സ് സര്‍ക്കിളില്‍ എത്തിയത്. ജ്യോതി മഹല്‍ തീയറ്ററിനടുത്തെത്തിയതോടെ വണ്ടി നിര്‍ത്തി. ഇവിടെ വളരെ തിരക്കുള്ള പ്രദേശമായതിനാല്‍ വലിയ തോതില്‍ ബ്ലോക്കുണ്ടായി. എന്നാല്‍ കാറില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞിട്ടും കുട്ടി സമ്മതിച്ചില്ലെന്നും പിന്നെ നിര്‍ബന്ധിച്ചാണ് ഓട്ടോയില്‍ സതീഷിനെ വീട്ടിലെത്തിച്ചതെന്നും ജഗന്നാഥ് റെഡ്ഡി പറഞ്ഞു. കുട്ടിയുടേത് വളരെ ചെറിയ കാര്‍ ആയിരുന്നു. ഇത് ആര്‍ക്കും പെട്ടെന്ന് കാണാനും സാധിക്കില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടിക്ക് അപകടമൊന്നും സംഭവിക്കാതിരുന്നതെന്നും റെഡ്ഡി പറഞ്ഞു.

ഇത്രയും തിരക്കേറിയ റോഡില്‍ അഞ്ചുവയസ്സുള്ള കുട്ടി ഇത്രയും ദൂരം കുട്ടി വണ്ടി ഓടിച്ചു വന്നുവെന്ന് ഓര്‍ക്കുമ്പോൾ ഭയം തോന്നുകയാണെന്ന് ഡിസിപി രവി ശങ്കര്‍ പറഞ്ഞു. കുട്ടികള്‍ കളിക്കുന്ന സമയത്ത് അവരെ നിരീക്ഷിക്കണമെന്നും ഡിസിപി സതീഷിന്റെ മാതാപിതാക്കളോട് പറഞ്ഞു.

Read More >>