ചെന്നൈയിൽ തുണിക്കടയിൽ നിന്നും 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി

പഴയ 500, 1000 രൂപയുടെ നോട്ടുകളാണ് ചെന്നൈ പൊലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെന്നൈയിൽ തുണിക്കടയിൽ നിന്നും 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി

ചെന്നൈയിലെ കോടമ്പാക്കത്തെ തുണിക്കടയിൽ നിന്നും 45 കോടിയുടെ അസാധു നോട്ടുകൾ പിടികൂടി. പഴയ 500, 1000 രൂപയുടെ നോട്ടുകളാണ് ചെന്നൈ പൊലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാെലീസ് യൂണിഫോമുകൾ വിൽക്കുന്ന കടയിൽ നിന്നാണ് പണം കണ്ടെടുത്തത്. സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം, ‌ഒരു ജ്വല്ലറിയുടമയുടെ പണമാണിതെന്നാണ് കടയുടമയുടെ വാദം. നോട്ടുനിരോധന സമയത്ത് മാറ്റിയെടുക്കാൻ പറ്റാതെ വന്നതോടെ തന്റെ കടയിൽ കൊണ്ടുവച്ചതാണെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. എന്നാൽ ഈ വിവരം ചെന്നൈ പൊലീസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി മാർച്ചിൽ അവസാനിച്ചിരുന്നു. ഇതിനുശേഷം അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. സമയപരിധി അവസാനിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പൊലീസും ആദായനികുതി, റവന്യു വകുപ്പ് ഉദ്യോ​ഗസ്ഥരും കോടിക്കണക്കിനു നിരോധിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ മാർച്ചിൽ ചെന്നൈയിൽ നിന്നും പൊലീസ് 1.02 കോടി, 3.45 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ രണ്ടിടങ്ങളിൽ നിന്നും പിടിച്ചെടുത്തിരുന്നു. കമ്മീഷൻ വ്യവസ്ഥയിൽ പഴയ നോട്ടുകൾ മാറ്റിക്കൊടുക്കുന്ന ഏജന്റുമാരും ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാരും പലയിടങ്ങളിലായി പിടിയിലായിട്ടുണ്ട്.