ആദിത്യനാഥിന്റെ 'ആന്റി റോമിയോ സ്‌ക്വാഡ് സദാചാര പോലീസായി; ഉത്തര്‍പ്രദേശില്‍ കമിതാക്കളെ തടവിലാക്കി പോലീസ്

വനിതാ പോലീസിന്റെ അസാന്നിധ്യത്തിലാണ് സ്ത്രീയെ പോലീസ് തടവിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡ് സദാചാര പോലീസായി; ഉത്തര്‍പ്രദേശില്‍ കമിതാക്കളെ തടവിലാക്കി പോലീസ്

ഉത്തര്‍പ്രദേശില്‍ പൂവാലവേട്ടയ്‌ക്കെന്ന പേരില്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് സദാചാര പോലീസാകുന്നു. ഗാസിയാബാദ് പാര്‍ക്കിലിരുന്ന യുവാവിനേയും യുവതിയേയും കസ്റ്റഡിയിലെടുത്ത പോലീസ് വനിതാ പോലീസിന്റെ അസാന്നിധ്യത്തില്‍ തടവിലാക്കി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പൂവാലവേട്ടയെന്ന പേരില്‍ സദാചാര പോലീസിംഗ് നടത്തിയ പോലീസുകാരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം പൂവാല വേട്ടയ്ക്കായി രൂപീകരിച്ചതാണ് ആന്റി റോമിയോ സ്‌ക്വാഡ്. സ്വന്തം ഇഷ്ടപ്രകാരം സമയം ചെലവഴിക്കുന്നവരെ വേട്ടയാടരുതെന്ന് പോലീസിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് അംബേദ്കര്‍ പാര്‍ക്കില്‍ നിന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ട ശേഷം ഇരുവരേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ സ്ത്രീകളെ തടവിലാക്കാവൂ എന്ന് നിയമമുള്ളിടത്താണ് ഒരു വനിതാ പോലീസ് പോലും സ്‌റ്റേഷനില്ലാതിരുന്നിട്ടും യുവതിയെ ലോക്കപ്പിലടച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. ഇതോടെ കോട്വാളി സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മെഹ്താബ്, കോണ്‍സ്റ്റബിള്‍മാരായ ദിലീപ് കുമാര്‍, പങ്കജ് കുമാര്‍ എന്നിവരെ പോലീസ് സൂപ്രണ്ട്് സസ്‌പെന്‍ഡ് ചെയ്തു. ആന്റി റോമിയോ സ്‌ക്വാഡിന്റെ മറവില്‍ പോലീസ് സംസ്ഥാനത്ത് സദാചാര പോലീസ് ചമയുന്നതായി ആരോപണമുണ്ട്.