ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജവാന്‍മാര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് മാവോയിസ്റ്റുകള്‍ അക്രമം നടത്തിയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെയ്പില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢിലെ ദക്ഷിണ സുഖ്മയില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. തന്ത്രപ്രധാനമായ ഒരു റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കിയ ജവാന്‍മാരാണ് കൊല്ലപ്പെട്ടതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ഖുര്‍ഖപാല്‍-ചിന്താഗുഫ പ്രദേശത്താണ് വെടിവെയ്പ്‌ നടന്നതെന്ന് പോലീസ് പറഞ്ഞു. 90 സൈനികരാണ് റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കി സംഭവസ്ഥലത്തുണ്ടായിരുന്നത്. ''രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. സിആര്‍പിഎഫിന്റെ തിരിച്ചടിയില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു'' ദന്തേവാദ ഡപ്യൂട്ടി ജനറല്‍ ഇന്‍സ്‌പെക്ടര്‍ ജി സുന്ദരാജ് പറഞ്ഞു.

ജവാന്‍മാര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് മാവോയിസ്റ്റുകള്‍ അക്രമം നടത്തിയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. സിആര്‍പിഎഫ് 74 ബറ്റാലിയനിലെ ഇന്‍സ്പക്ടര്‍മാര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ''ഗ്രാമീണരെ ഉപയോഗിച്ച് നക്‌സലുകള്‍ ഞങ്ങളുള്ള സ്ഥലം ആദ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഏകദേശം 200 നക്‌സലുകളുടെ നേതൃത്വത്തില്‍ ആക്രമണം നടത്തുകയായിരുന്നു'' സിആര്‍പിഎഫ് ജവാന്‍ ഷേര്‍ മുഹമ്മദ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ആക്രമണം ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിയാണെന്ന് വിശേഷിപ്പിച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഡല്‍ഹി യാത്ര റദ്ദാക്കി റായ്പൂരിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിംഗ് ആക്രമണത്തെ അപലപിച്ചു.