ആദിത്യനാഥിനെതിരെ 'യോഗിയോ അതോ ഭോഗിയോ' എന്നു ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഗ്രേറ്റര്‍ നോയിഡ പൊലീസാണ് 22കാരനായ റാഹത് ഖാന്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മകന്റെ ഫേസ്ബുക്ക് പാസ്‌വേഡ് മോഷ്ടിച്ച ലാന്‍ഡ് മാഫിയക്കാരാണ് പോസ്റ്റിട്ടതെന്ന് റാഹത്തിന്റെ അമ്മ മുന്നി പറഞ്ഞു

ആദിത്യനാഥിനെതിരെ യോഗിയോ അതോ ഭോഗിയോ എന്നു ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോര്‍ഫ് ചെയ്ത് യോഗിയോ ഭോഗിയോ എന്ന് അടിക്കുറിപ്പോടെ ഫേസ്ബുക്ക് പോസ്റ്റിട്ട റാഹത് ഖാന്‍ എന്ന 22കാരനെയാണ് ഗ്രേറ്റര്‍ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്.യോഗിയുടെ ഹിന്ദു യുവവാഹിനി സംഘടനയുടെ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ദന്‍കൗറില്‍ ജന്‍ സുവിധാ സെന്റര്‍ നടത്തിപ്പുകാരനാണ് റാഹത് ഖാന്‍.

ഐടി നിയമത്തിലെ 66A വകുപ്പ് പ്രകാരമാണ് റാഹത് ഖാനെതിരെ കേസെടുത്തിരിക്കുന്നത്. മകന്‍ നിരപരാധിയാണെന്ന് റാഹത്തിന്റെ അമ്മ മുന്നി പറഞ്ഞു. സാമൂഹ്യസേവനം നടത്തുന്ന കുടുംബമാണ് തങ്ങളുടേതെന്നും മുത്തലാക്ക് വിഷയത്തില്‍ പ്രധാനമന്ത്രിയടക്കം തങ്ങളെ പ്രശംസിച്ചിട്ടുണ്ടെന്നും മുന്നി പറയുന്നു.

ലാന്‍ഡ് മാഫിയയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍ നിരയില്‍ തന്റെ മകനുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായി ഫേസ്ബുക്ക് പാസ്‌വേഡ് മോഷ്ടിച്ചെന്നും മുന്നി പറയുന്നു. അവരാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും റാഹത്തിന്റെ അമ്മ പറഞ്ഞു.

ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് നാല് പേരെയാണ് ഇതുവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.വാരണാസി, ഗാസിപൂര്‍, സോന്‍ബന്ദ്ര, റായ്ബറേലി എന്നിവിടങ്ങളിലാണ് അറസ്റ്റുകള്‍.