ആന്ധ്രയില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 20 മരണം

അപകടത്തെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ നിരവധി ഷോപ്പുകള്‍ നശിച്ചു. സംഭവത്തെത്തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.

ആന്ധ്രയില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 20 മരണം

പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 20 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ യേര്‍പ്പേടു എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ അനധികൃത മണല്‍ വാരല്‍ അവസാനിപ്പിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് യേര്‍പ്പാടു പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം ചെയ്തവര്‍ക്കിടയിലേക്കാണ് ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.

താങ്ങാവുന്നതിലധികം ലോഡ് കയറ്റി അമിതവേഗതയിലെത്തിയ ട്രക്ക് ആദ്യം ഒരു ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം ആള്‍ക്കുട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളെ ഇടിച്ചുതകര്‍ത്ത ട്രക്ക് ഒടുവില്‍ ഒരു കടയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ നിരവധി ഷോപ്പുകള്‍ നശിച്ചു. സംഭവത്തെത്തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ആറ് പേര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചതായും ബാക്കിയുള്ളവര്‍ അഗ്നിബാധയില്‍പ്പെട്ട് കൊല്ലപ്പെടുകയാണുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റവരെ തിരുപ്പതിയിലെ റൂയ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 10 പേരുടെ നില അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ അടിയന്തരമായി അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ട്രക്ക് ഡ്രൈവറുടെ അറസ്റ്റ് ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധം നടത്തുന്നത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.