കാറിൽ രക്തം പറ്റുമെന്ന് വാദം; പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാതെ യുപി പൊലീസ്

രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് പ്രതികൾ. അപകടമുണ്ടായ ഉടനെ പൊലീസ് കൺട്രോൾ റൂമിൽ വിവരം ധരിപ്പിച്ചതിനെ തുടർന്നാണ് ഇവർ വന്നത്. അവരാണ് കാറിൽ രക്തം പറ്റുമെന്നു പറഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാതിരുന്നത്.

കാറിൽ രക്തം പറ്റുമെന്ന് വാദം; പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാതെ യുപി പൊലീസ്

കാറിൽ രക്തം പറ്റുമെന്ന ന്യായം പറഞ്ഞ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാതെ യുപി പൊലീസ്. അപകടവിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസാണ് മനുഷ്യത്വരഹിതമായി പെരുമാറിയത്. 17 വയസ്സുകാരനായ രണ്ടു കൗമാരക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും രക്തം വാർന്നു മരിച്ചു.

അർപിത് ഖുറാന, സണ്ണി എന്നിവരാണ് മരിച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലൂടെയാണ് പൊലീസുകാരുടെ ക്രൂരത പുറത്തറിഞ്ഞത്. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് പ്രതികൾ. അപകടമുണ്ടായ ഉടനെ പൊലീസ് കൺട്രോൾ റൂമിൽ വിവരം ധരിപ്പിച്ചതിനെ തുടർന്നാണ് ഇവർ വന്നത്. അവരാണ് കാറിൽ രക്തം പറ്റുമെന്നു പറഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാതിരുന്നത്.

ദയവു ചെയ്ത് ഇവരെ ആശുപത്രിയിലെത്തിക്കണമെന്നു കൂടിനിൽക്കുന്നവരിലൊരാൾ പറയുന്നത് വീഡിയോയിൽ കാണാം. ഇവിടെ വേറെ ആർക്കും കാറില്ലെന്നും അവർ പറയുന്നുണ്ട്. പൊലീസുകാരിൽ നിന്നും സഹായം ലഭിക്കാതെ വന്നതോടെ അതുവഴി കടന്നുപോയ മറ്റു വാഹനങ്ങൾ നിർത്താനുള്ള ശ്രമവും അവിടെ കൂടിയവർ നടത്തി. എന്നാൽ അതും വിജയിച്ചില്ല. പിന്നീട് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്നും മറ്റൊരു വാഹനമെത്തിച്ച് ഇരുവരെയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സഹാറൻപൂർ പൊലീസ് മേധാവി പ്രഭാൽ പ്രതാപ് സിങ് അറിയിച്ചു. അന്വേഷണ വിധേയമായി മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടിയുണ്ടാകും.

Read More >>