ഹിന്ദു ദൈവങ്ങളെ തോട്ടിലൊഴുക്കി യുപിയിലെ മൂന്നു ദളിത് ​ഗ്രാമങ്ങൾ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്; ആക്രമിച്ചു ചെറുക്കാന്‍ സംഘപരിവാര്‍

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള ഇദാരി, രൂപാഡി,കപൂര്‍പൂര്‍ ഗ്രാമങ്ങളിലെ 180 കുടുംബങ്ങള്‍ മങ്കാമൗ എന്ന ഗ്രാമത്തില്‍ ഒത്തുകൂടിയാണ് ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും ഇവര്‍ ബദി നഹര്‍ തോട്ടിലൊഴുക്കി. സഹാറന്‍പൂരില്‍ ഈ മാസം ആദ്യം താക്കൂര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ദളിത് ജാദവ് വിഭാഗത്തില്‍പ്പെട്ടവരെ ആക്രമിച്ചിരുന്നു. പൊലീസ് സംരക്ഷണം ലഭിച്ചില്ലെന്നും യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ രക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദളിത് വിഭാഗം ഹിന്ദു മതം ഉപേക്ഷിക്കുന്നത്.

ഹിന്ദു ദൈവങ്ങളെ തോട്ടിലൊഴുക്കി യുപിയിലെ മൂന്നു ദളിത് ​ഗ്രാമങ്ങൾ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്; ആക്രമിച്ചു ചെറുക്കാന്‍ സംഘപരിവാര്‍

സവർണ ഹിന്ദുവിഭാഗത്തിന്റെയും പൊലീസിന്റെയും ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദുദൈവ വി​ഗ്രഹങ്ങളെ തോട്ടിലൊഴുക്കി ഉത്തർപ്രദേശിൽ ദളിത് ​കുടുംബങ്ങൾ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്. പശ്ചിമ ഉത്തര്‍പ്രദേശില്‍ സഹാരന്‍പൂര്‍ ജില്ലയിലെ മൂന്നു ഗ്രാമങ്ങളിലെ 180 ദളിത് കുടുംബങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നത്.

ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഈ മാസം ആദ്യം ദളിതുകള്‍ക്കെതിരെയുണ്ടായ താക്കൂര്‍ വിഭാഗത്തിന്റെ ആക്രമണം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും ദളിത് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള ഇദാരി, രൂപാഡി, കപൂര്‍പൂര്‍ എന്നീ ഗ്രാമങ്ങളിലെ 180 കുടുംബങ്ങള്‍ വ്യാഴാഴ്ച മങ്കമൗ ഗ്രാമത്തില്‍ ഒത്തുകൂടിയാണ് ഹിന്ദുമതം ഉപേക്ഷിക്കുന്നെന്ന സൂചന നല്‍കിയത്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും പ്രതീകാത്മകമായി ഇവര്‍ ബദി നഹര്‍ തോട്ടിലൊഴുക്കി.


ഈ മാസം അഞ്ചിനു സഹാരന്‍പൂരിലെ ഷബീര്‍പൂര്‍ ഗ്രാമത്തില്‍ സവര്‍ണ ഹിന്ദുവിഭാഗമായ താക്കൂറുകള്‍ ദളിത് ജാദവ് വിഭാഗത്തെ ആക്രമിച്ചിരുന്നു. കാവി തലക്കെട്ടു ധരിച്ചെത്തിയ താക്കൂര്‍ വിഭാഗത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനെതിരെ മെയ് ഒമ്പിതിന് ഭീം ആര്‍മി എന്ന ദളിത് സംഘടനയുടെ നേതൃത്വത്തില്‍ സഹാറന്‍പൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തിനു നേരെ ബജ്‌റംഗ്ദള്‍, ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.


ഹിന്ദുമതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് രണ്ടു ദളിത് യുവാക്കളെ ബജ്‌റംഗ്ദള്‍- ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കി ഇവര്‍ക്കെതിരെ കേസെടുപ്പിച്ചെങ്കിലും പിന്നീട് വെറുതെ വിടുകയാണുണ്ടായത്. ഷബീര്‍പൂരിലെ ഗ്രാമങ്ങളില്‍ വെടിമരുന്നുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഒരു പൊലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞത് വിവാദമായിരുന്നു.

ദളിതുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മൊറാദാബാദിലെ 50 ദളിത് കുടുംബങ്ങള്‍ ഹിന്ദുമതം ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ദളിതുകള്‍ക്കു നേരെയുള്ള ആക്രമണം തടയാന്‍ യോഗി ആദിത്യനാത് സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ ഹിന്ദുമതം ഉപേക്ഷിക്കുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്.

ഭീം ആര്‍മി എന്ന പേരില്‍ ദളിത് സംഘടനകള്‍ ഒന്നിക്കുന്നതാണ് സവര്‍ണഹിന്ദു വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്നതെന്ന് ഹിന്ദുമതം ഉപേക്ഷിച്ച നരേന്ദ്ര ഗൗതം പറയുന്നു. രാഷ്ട്രീയ ചായ്‌വില്ലാത്തതും അക്രമരാഹിത്യവുമുള്ള കൂട്ടായ്മയാണിത്. എന്നാല്‍ മാവോയിസ്റ്റുകളുമായി അടുപ്പമുണ്ടെന്നാരോപിച്ച് ദളിത് വിഭാഗങ്ങളെ പൊലീസ് വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞദിവസം ദളിത് ഗ്രാമമായ ചപൂരില്‍ പൊലീസ് റെയ്ഡ് നടത്തി ഭീം ആര്‍മി അംഗങ്ങളായ അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഭീം ആര്‍മിയിലുള്ളവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വാദം.