സംവരണം ആവശ്യപ്പെട്ട് ജാട്ട് പ്രക്ഷോഭം; ഡല്‍ഹിയിലും ഹരിയാനയിലും നിരോധനാജ്ഞ

ഡല്‍ഹി നഗരത്തില്‍ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഗതാഗത നിയന്ത്രണം തുടര്‍ന്നുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞയും.നിരോധനാജ്ഞയുടെ ഭാഗമായി ഡല്‍ഹി മെട്രോയുടെ 34 സ്‌റ്റേഷനുകള്‍ ഇന്നു രാത്രി മുതല്‍ അടച്ചിടും. ഇതോടെ രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവന്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ സര്‍വ്വീസുകള്‍ക്ക് തടസം നേരിടും.

സംവരണം ആവശ്യപ്പെട്ട് ജാട്ട് പ്രക്ഷോഭം; ഡല്‍ഹിയിലും ഹരിയാനയിലും നിരോധനാജ്ഞ

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടുള്ള ജാട്ട് വിഭാഗക്കാരുടെ പ്രക്ഷോഭം ശക്തമായതോടെ ഡല്‍ഹിയിലും ഹരിയാനയിലും നിരോധനാജ്ഞ. നാളെ പാര്‍ലമെന്റ് ഖരാവോ ചെയ്യുമെന്ന് ജാട്ട് നേതാക്കള്‍ പ്രഖ്യാപിച്ചതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ഡല്‍ഹി നഗരത്തില്‍ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഗതാഗത നിയന്ത്രണം തുടര്‍ന്നുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞയും.നിരോധനാജ്ഞയുടെ ഭാഗമായി ഡല്‍ഹി മെട്രോയുടെ 34 സ്‌റ്റേഷനുകള്‍ ഇന്നു രാത്രി മുതല്‍ അടച്ചിടും. ഇതോടെ രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവന്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ സര്‍വ്വീസുകള്‍ക്ക് തടസം നേരിടും.

ജന്തര്‍ മന്തറില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും നാളെ ട്രാക്ടറുകളിലെത്തി പാര്‍ലമെന്റ് ഖരാവോ ചെയ്യുമെന്നുമാണ് ജാട്ട് നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതോടൊപ്പം, രാത്രി എട്ടുവരെ ഡല്‍ഹിയിലേക്കുള്ള പ്രധാന ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനും പൊലീസിന്റെ നിര്‍ദേശമുണ്ട്.

അതേസമയം, ഹരിയാനയിലെ വിവിധ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കൂടുതല്‍ സുരക്ഷയ്്ക്കായി കരസേനയേയും വിന്യസിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന ആവശ്യം കഴിഞ്ഞദിവസം ഹരിയാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതോടൊപ്പം, കഴിഞ്ഞവര്‍ഷത്തെ ജാട്ട് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാമെന്നും ജയിലില്‍ കിടക്കുന്നവരുടെ കേസുകള്‍ പുനഃപരിശോധിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ഇപ്പോഴത്തെ ഈ പ്രക്ഷോഭം. കഴിഞ്ഞവര്‍ഷം ജാട്ട് സമുദായം നടത്തിയ പ്രക്ഷോഭത്തില്‍ നിരവധിയാളുകള്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.