ബാബരി മസ്ജിദ് തകർത്ത സംഭവം: വിരലെണ്ണി പറയാം ഇവരാണ് ആ 14 പേർ

"ഞങ്ങൾ രക്തം ചിന്തി, വെടിയുണ്ടകൾ ഏറ്റു, ജയിലിൽ പോയി,ഞങ്ങളുടെ കുടുംബങ്ങൾ നരകിച്ചു. എന്നിട്ടും 30 വർഷമായി രാമക്ഷേത്രം നിർമ്മിക്കുന്നതിന് കുറിച്ച് ചോദിക്കുമ്പോൾ ബിജെപി വീണ്ടും വീണ്ടും നുണ മാത്രമാണ് പറയുന്നത്" -സന്തോഷ് ദുബൈ പറയുന്നു.

ബാബരി മസ്ജിദ് തകർത്ത സംഭവം: വിരലെണ്ണി പറയാം ഇവരാണ് ആ 14 പേർ

വീണ്ടും ഒരു ഡിസംബർ ആറ് വന്നിരിക്കുകയാണ്. കലാപങ്ങളുടെ ഉണങ്ങാത്ത മുറിവുകൾക്കും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനും തുടക്കം കുറിച്ച ദിവസം. ബാബരി മസ്ജിദ് സംഘപരിവാർ കർസേവകരാൽ തകർക്കപ്പെട്ട ദിവസം.

1990 ൽ ബിജെപി നേതാവായ എൽ കെ അഡ്വാനി നയിച്ച രഥയാത്രയേയും 1992 ൽ ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും അയോധ്യയിലേയ്ക്ക് നടത്തിയ മാർച്ചിനേയും തുടർന്നാണ് 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് സംഘപരിവാർ കർസേവകരാൽ തകർക്കപ്പെടുന്നത്.

1984 ൽ ആണ് വിശ്വ ഹിന്ദു പരീഷത്ത് ബിജെപിയുടെ പിന്തുണയോടെ ബാബ്‌റി മസ്ജിദ് നിൽക്കുന്ന സ്ഥലത്തു രാമ ക്ഷേത്രം നിർമ്മിക്കാനുള്ള അജണ്ട ആദ്യം മുന്നോട്ടു വയ്ക്കുന്നത്. മുഗൾ ചക്രവർത്തിയായ ബാബർ നിർമ്മിച്ചബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്യുന്നത് രാമന്റെ ജന്മ സ്ഥലത്താണെന്നായിരുന്നു വി എച് പിയുടെയും മറ്റു സന്ഘ പരിവാർ സംഘടനകളുടെയും അവകാശവാദം. 1986 ൽ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാൻ ബാബരി മസ്ജിദ് തുറന്നുകൊടുക്കണമെന്നു ഫൈസാബാദ് ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടായപ്പോൾ വി എച് പിയുടെ അവകാശ വാദത്തിനു നിയമ സാധുത ലഭിക്കുകയും ചെയ്തു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മൗനാനുവാദത്തോടെ ബാബരി മസ്ജിദിന്റെ വാതിലുകൾ ഹിന്ദുക്കൾക്കായി തുറക്കപ്പെട്ടു.

പതിനയ്യായിരത്തോളം വരുന്ന സംഘപരിവാർ കർസേവകർ ബാബരി മസ്ജിദ് തകർത്ത ദിവസം അഡ്വാനി, ഉമാ ഭാരതി മുരളി മനോഹർ ജോഷി തുടങ്ങിയ പ്രധാന ബിജെപി നേതാക്കളെല്ലാം സംഭവ സ്ഥലത്തുണ്ടായിരുന്നു.

ബാബരി മസ്ജിദ് വിഷയത്തിലെ 14 പ്രധാനികൾ ഇവരാണ് :

1.എൽ കെ അദ്വാനി1990 ൽ രാമ ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് രഥയാത്ര നടത്തുമ്പോൾ എൽ അഡ്വാനി ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു. ഗുജറാത്തിലെ സോംനാഥിൽ ആരംഭിച്ച രഥയാത്ര അയോധ്യയിൽ അവസാനിപ്പിക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നതെങ്കിലും ബിഹാറിലെ സമസ്തിപൂരിൽ വച്ച് അന്നത്തെ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും മൃദു ഹിന്ദുക്കളെ പോലും രാമ ക്ഷേത്ര നിർമ്മാണം എന്ന ആവശ്യത്തിലേയ്ക്ക് എത്തിക്കുന്നതിൽ വിജയം കണ്ടെത്തി. അദ്വാനി നിരന്തരം വർഗ്ഗീയ വിഷം തുളുമ്പുന്ന പ്രസംഗങ്ങളിലൂടെ മുസ്ലിം വിരുദ്ധത ആളുകളിൽ നിറച്ചു. ഈ പ്രസ്നഗങ്ങളാണ് കർസേവകർ പള്ളി തകർക്കുന്നതിലേയ്ക്ക് എത്തിച്ചത്.

" ഞാൻ കര്സേവകരായ പ്രവീൺ ശർമ്മയോടും വിജയ് തിവാരിയോടും ഒപ്പമാണ് അവിടെ ( അയോധ്യയിൽ ) എത്തിയത്. ഞങ്ങളെ അദ്വാനിക്ക് പരിചയപ്പെടുത്തി. വെല്ലുവിളി നിറഞ്ഞ സ്വരത്തോടെയാണ് അഡ്വാനി ഞങ്ങളോട് സംസാരിച്ചത്. ബാബരി മസ്ജിദാണ് രാമക്ഷേത്ര നിർമ്മാണത്തിന് നമ്മുടെ മുൻപിലുള്ള ഏറ്റവും വലിയ തടസം. എനിക്ക് രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയാറുള്ള 300 കർസേവകരെ വേണം. ഡിസംബർ ആറിന് ശേഷം ബാബ്‌റി മസ്ജിദ് എന്റെ കണ്മുൻപിൽ ഉണ്ടാകാൻ പാടില്ല. പള്ളി തകർക്കാൻ നിങ്ങള്ക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കും. ഇവിടെ നമ്മുടെ സർക്കാരാണുള്ളത്"-ബാബരി മസ്ജിദ് തകർത്ത കേസിൽ സിബിഐയുടെ കുറ്റപത്രത്തിൽ പേരുള്ള സന്തോഷ് ദുബേ ദി വയർ പത്രത്തോട് പറഞ്ഞു.

2 . മുരളി മനോഹർ ജോഷി1991 ൽ ബിജെപി ദേശീയ അധ്യക്ഷനായ മുരളി മനോഹർ ജോഷിയും തന്റെ മുൻഗാമിയായ അദ്വാനിയെ പോലെ ബാബരി മസ്ജിദ് തകർക്കുന്നതിൽ എത്തിച്ച രാമ ക്ഷേത്ര നിർമ്മാണ പ്രക്ഷോഭങ്ങളിൽ തന്റെ പങ്കു കൃത്യമായി വഹിച്ചു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിന് മറ്റു സംഘപരിവാർ നേതാക്കളോടൊപ്പം മുരളി മനോഹർ ജോഷിയും സംഭവ സ്ഥലത്തുണ്ടായിരുന്നു.

ജോഷിക്ക് മേൽ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തപ്പെട്ടത്. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്നും ഒരു ശക്തിക്കും തങ്ങളെ തടയാൻ കഴിയില്ലെന്നു അയോധ്യയിലേയ്ക്കുള്ള യാത്രക്കിടെ മഥുരയിൽ കര്സേവകരോട് പറഞ്ഞതായും ബാബ്‌റി മസ്ജിദ് തകർക്കുന്നതിനായി കർസേവകരെ പ്രേരിപ്പിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞതായി സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

3 . കല്യാൺ സിങ്ബാബരിമസ്ജിദ് തകർക്കപ്പെടുമ്പോൾ കല്യാൺ സിങ് ആയിരുന്നു യുപി മുഖ്യമന്ത്രി. എന്നാൽ സാഹചര്യം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഡിസംബർ ആറിന് വൈകിട്ട് കല്യാൺ സിങ് രാജി വച്ചു. പള്ളിക്കു അപകടം ഒന്ന് വരാൻ സമ്മതിക്കില്ലെന്ന് സുപ്രീം കോടതിക്ക് മുൻപാകെ കല്യാൺ സിംഗ് നേരത്തെ ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കര്സേവകരുടെ യാത്രയ്ക്ക് കോടതി അനുമതി നൽകിയിരുന്നത്.

4 . ഉമാ ഭാരതിഅദ്വാനിക്കും ജോഷിക്കുമൊപ്പം ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം സംഭവ സ്ഥലത്തുണ്ടായിരുന്ന ഉണ്ടായിരുന്ന ആളാണ് ഉമാ ഭാരതി.ഉമാ ഭാരതി വർഗ്ഗീയ പ്രസംഗങ്ങളും കലാപ ആഹ്വാനവും നടത്തിയെന്നാണ് ആരോപണം. ഉമാ ഭാരതിക്കു നേരെയും ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടിരുന്നു. "ഏക് ദക്ക ഓർ ദോ, ബാബ്‌റി മസ്ജിദ് തോട് ദോ" ( ഒരു തള്ള് കൂടി കൊടുക്കു , ബാബ്‌റി മസ്ജിദ് തകർക്കൂ ) " മസ്ജിദ് ഗിരാവോ മന്ദിർ ബനാവോ ബാബർ കി ഔലാദ് കോ പാകിസ്ഥാൻ ബാഗോ" ( മസ്ജിദ് താഴെ വീഴ്ത്തു, അമ്പലം നിർമ്മിക്കൂ, ബാബറിന്റെ മക്കളെ പാകിസ്താനിലേക്ക് ഓടിക്കൂ) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉമാ ഭാരതി വിളിച്ചതായി കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളതായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അയോധ്യയിൽ ഡിസംബർ ആറിന് സംഭവിച്ചതൊന്നിനും തനിക്കു ഖേദമില്ലെന്നും അയോധ്യ പ്രക്ഷോഭത്തിൽ പ്രതിയായി എന്നുള്ളത് തനിക്കു ഒരു കളങ്കമല്ലെന്നും മറിച്ചൊരു തിലകക്കുറിയാണെന്നും 2017 ൽ ആജ് തക്ക് പത്രത്തിനോട് പറഞ്ഞിരുന്നു.

5 . അശോക് സിംഗാൾബാബരി മസ്ജിദ് തകർക്കപെടുന്ന സമയത്തു വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രസിഡന്റായിരുന്നു അശോക് സിംഗാൾ. 1984 ൽ രാമ ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളാണ് സിംഗാൾ. പള്ളി പൊളിച്ച പ്രക്ഷോഭങ്ങളുടെ ശില്പികളിലൊരാളും സിംഗാളായിരുന്നു. ബാബരി മസ്ജിദ് തകർത്ത കേസിൽ സിംഗാളും പ്രതിയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള അജണ്ട മുന്നോട്ടു വച്ചവരിലും അശോക് സിംഗാൾ ഉണ്ട്. 2015 ൽ തന്റെ 89ാം വയസ്സിൽ അശോക് സിംഗാൾ മരിച്ചു

6. ലാലു പ്രസാദ് യാദവ്ആർ ജെ ഡി നേതാവായ ലാലുപ്രസാദ് യാദവായിരുന്നു 1990 ൽ ബീഹാർ മുഖ്യമന്ത്രി. അദ്വാനിയുടെ രഥയാത്ര തടയാൻ ധൈര്യം കാണിച്ച വ്യക്തി എന്ന നിലയിലാണ് ലാലു പ്രസാദ് യാദവിന്റ്റെ പേര് ചരിത്രം ഓർമ്മിക്കുന്നത്. 1990 ഒക്ടോബര് 23 നാണു ബിഹാറിലെ സമസ്തിപൂരിൽ വച്ച് ലാലു പ്രസാദ് യാദവിന്റെ ഉത്തരവ് പ്രകാരം അദ്വാനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. " ഞങ്ങൾക്ക് കേന്ദ്രത്തിൽ ഭരണം നഷ്ടമായി പക്ഷേ ആ സമയത്താവശ്യമായിരുന്നത് ചെയ്യാൻ സാധിച്ചു എന്നതിൽ എനിക്കഭിമാനം ഉണ്ട്.സാമുദായിക ധ്രുവീകരണം തടയാൻ അദ്വാനിയുടെ അറസ്റ്റ് അത്യാവശ്യമായിരുന്നു"- 2017 ൽ എൻ ഡി ടി വി ബ്ലോഗ് പോസ്റ്റിൽ ലാലു പ്രസാദ് യാദവ് തന്റെ ഓർമ്മകൾ പങ്കുവച്ചു.

7. പി വി നരസിംഹ റാബാബരിമസ്ജിദ് തകർക്കപ്പെടുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു നരസിംഹ റാവു. നടപടികൾ എടുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പലരും റാവുവിനെ വിമർശിക്കുമ്പോഴും സംഭവം അന്വേഷിച്ച ലിബർഹാൻ കമ്മീഷൻ റാവുവിനെ കുറ്റവിമുക്തനാക്കി. " സംസ്ഥാനത്തെ സ്വന്തം പ്രതിനിധിയുടെ നിഷ്‌ക്രിയത്വവും സംഘപരിവാർ നൽകിയ സത്യവാങ്മൂലങ്ങളിൽ സുപ്രീം കോടതി സമർപ്പിച്ച അളവറ്റ വിശ്വാസവും മൂലം കേന്ദ്ര സർക്കാർ നിസ്സഹായരായി പോയി". സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം കാരണം നരസിംഹ റാവു സർക്കാർ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയില്ല. എന്നാൽ റാവുവിനും പള്ളി പൊളിച്ചതിൽ പങ്കുണ്ടെന്നു ചില വലതുപക്ഷ പ്രവർത്തകർ ആരോപിച്ചിരുന്നു. 2004 ൽ നരസിംഹ റാവു മരിച്ചു.

8. വിജയ രാജ്യ സിന്ധ്യരാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ അമ്മയും ബിജെപി നേതാവും പഴയ ഗ്വാളിയർ രാജ കുടുംബത്തിന്റെ രാജ മാതാവുമായിരുന്നു വിജയ രാജ സിന്ധ്യ. ഡിസംബർ ആറിന് അയോധ്യയിൽ നടന്ന റാലിയിൽ അഡ്വാനിക്കൊപ്പം ഏവരും സംഭവ സ്ഥലത്തുണ്ടായിരുന്നു. 1980 കളുടെ അവസാനം രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളിൽ വിജയ രാജ സിന്ധ്യ വലിയ പങ്കുവഹിച്ചിരുന്നു. 1957 ൽ കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ സിന്ധ്യ പിന്നീട് ബിജെപിയിൽ ചേർന്നു. 2001 ൽ വിജയ രാജ സിന്ധ്യ മരിച്ചു.

9.ബാൽ താക്കറെസംഭവ സ്ഥലത്തില്ലായിരുന്നെങ്കിലും ബാബരി മസ്ജിദ് തകർക്കാൻ നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്ത ആളെന്ന കരുതപ്പെടുന്ന ആളാണ് ശിവസേന അധ്യക്ഷനായിരുന്ന ബാൽതാക്കറെ.പള്ളി തകർക്കുന്നതിൽ തന്റെ സംഘടന വലിയ പങ്കുവഹിച്ചിരുന്നതായി ബാൽ താക്കറെ അവകാശപ്പെട്ടിരുന്നു. വർഗീയ രാഷ്ട്രീയത്തിന് പേരുകേട്ട താക്കറെ പള്ളി പൊളിച്ചതിനെ അഭിനന്ദിച്ചിരുന്നു.

10 . ഹാഷിം അൻസാരബാബരി മസ്ജിദ് -രാമജന്മ ഭൂമി തർക്ക കേസിലെ ഏറ്റവും പ്രായം കൂടിയ കക്ഷി ആയിരുന്നു ഹാഷിം അൻസാരി.ആറ് കക്ഷികളിൽ സുന്നി വഖഫ് ബോർഡിനെ പ്രതിനിധീകരിക്കുന്ന ഏക വ്യക്തി. 1949 ൽ ബാബരി മസ്ജിദിനുള്ളിൽ രാം ലല്ലയുടെ ( ശിശുവായ രാമൻ )വിഗ്രഹം വയ്ക്കുന്നതിന് താനും സാക്ഷിയായിരുന്നുവന്നു അൻസാരി അവകാശപ്പെട്ടിരുന്നു. 1986 ൽ രാജീവ് ഗാന്ധി ഹിന്ദുക്കൾക്കായി പള്ളി തുറന്നു കൊടുത്തതും ഡിസംബർ ആറിന് കർസേവകർ ബാബരി മസ്ജിദ് തർക്കത്തിനും സാക്ഷിയായ അൻസാരി 2016 ൽ മരിച്ചു. തനിക്കു ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ നടക്കുന്ന കലഹം മടുത്തെന്നാണ് മരിക്കുന്നതിന് മാസങ്ങൾക്കു മുൻപ് ഹഫിങ്ടൺ പോസ്റ്റിനു നൽകിയ അഭുമുഖത്തിൽ അൻസാരി പറഞ്ഞത്.

11. മഹന്ത് ഭാസ്കർ ദാസ്ബാബരി മസ്ജിദ് രാമജന്മഭൂമി തർക്ക കേസിലെ ഒരു കക്ഷിയായിരുന്ന നിർമോഹി അഖാരയുടെ സർപഞ്ചായിരുന്നു മഹന്ത് ഭാസ്കർ ദാസ്. വർഷങ്ങളോളം ദാസ് അഖാരയെ കേസിൽ പ്രതിനിധീകരിച്ചിരുന്നു. റാം ജന്മഭൂമി കേസ് ആദ്യം ഫയൽ ചെയ്തത് അന്നത്തെ മഹന്തായിരുന്ന മഹന്ത് രഘുനാഥ് ദാസ് ആയിരുന്നു. ബാബരി മസ്ജിദ് പരിസരത്തു രാമ ചഭുതര പൂജയുടെ ചുമതലക്കാരനായിരുന്ന ദാസും കേസിൽ കക്ഷി ചേരുകയായിരുന്നു. ഇതിനോടൊപ്പം രാമജന്മ ഭൂമിയുടെ പൂർണ്ണ അവകാശത്തിനായി സുപ്രീം സമീപിക്കുകയും ചെയ്തു. 2017 ൽ മരിച്ചു.

12. ഇക്ബാൽ അൻസാരിഹാഷിം അൻസാരിയുടെ മകൻ. പിതാവിന്റെ മരണ ശേഷം കേസിൽ കക്ഷി ചേർന്നു. കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സൂചിപ്പിച്ചു കൊണ്ട് ഈ അടുത്ത് ഭീഷണി കത്ത് കിട്ടിയതായി ഇക്ബാൽ അൻസാരി പറഞ്ഞിരുന്നു. അൻസാരിയെ ഇന്ത്യയിൽ നിന്നും പുറത്താക്കുമെന്നും കത്തിൽ പറഞ്ഞരുന്നതായി അൻസാരി പറയുന്നു. താൻ രാമന് എതിരല്ലെന്നും ബാബരി മസ്ജിദ് മുസ്ലീമുകൾക്കു അവകാശപെട്ടതാണെന്ന് വിശ്വസിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അൻസാരി പറയുന്നു.

13.സന്തോഷ് ദുബേബാബരി മസ്ജിദ് തകർത്ത കേസിലെ മുഖ്യ പ്രതിയാണ് ശിവസേനയുടെ യു പി അധ്യക്ഷനായ സന്തോഷ് ദുബേ. ബാബ്‌റി മസ്ജിദ് തകർക്കാൻ പള്ളിക്കു മുകളിൽ പിക്കാസുമായി കയറിയ നിരവധി കര്സേവകരിൽ ഒരാളാണ് സന്തോഷ് ദുബൈ. വിഷയത്തിൽ ബിജെപിയുടെ നിഷ്‌ക്രിയത്വം മനസ്സിലായെന്നു ദുബൈ ഹഫിങ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. "ഞങ്ങൾ രക്തം ചിന്തി, വെടിയുണ്ടകൾ ഏറ്റു, ജയിലിൽ പോയി,ഞങ്ങളുടെ കുടുംബങ്ങൾ നരകിച്ചു. എന്നിട്ടും 30 വർഷമായി രാമക്ഷേത്രം നിർമ്മിക്കുന്നതിന് കുറിച്ച് ചോദിക്കുമ്പോൾ ബിജെപി വീണ്ടും വീണ്ടും നുണ മാത്രമാണ് പറയുന്നത്" -സന്തോഷ് ദുബൈ പറയുന്നു.

14. മുഹമ്മദ് ആമിർആമിറിന്റെ പഴയ പേര് ബൽബീർ സിങ് എന്നായിരുന്നു. ബാബരി മസ്ജിദ് തകർക്കാൻ എത്തിയ ആയിരക്കണക്കിന് കർസേവകരിൽ ഒരാൾ. ബാൽ താക്കറയിൽ നിന്നും പ്രചോദനം ലഭിച്ചു വളരെ ചെറുപ്പത്തിലേ ശിവസേനയിൽ ചേർന്ന ആളാണ് ബൽബീർ സിങ് എന്ന ആമിർ. പാനിപട്ടിൽ ആർ എസ് എസ് ശാഖകളിലും പോയിരുന്നു. "നിയമം കയ്യിൽ എടുത്തതായും ഭരണഘടനയെ അപമാനിച്ചതായും ഞാൻ തിരിച്ചറിഞ്ഞു, കുറ്റബോധം കാരണമാണ് ഞാൻ ഇസ്ലാം സ്വീകരിച്ചത്" - മുഹമ്മദ് ആമിർ പറയുന്നു.