ഈ സ്ഥിതി തുടര്‍ന്നാല്‍ ആര്‍ക്കും 'ദൈവത്തിന്റെ നാടി'നെ രക്ഷിക്കാനാകില്ല: സെന്‍കുമാര്‍ കേസില്‍ കടുത്ത പരിഹാസവുമായി സുപ്രീം കോടതി

സംസ്ഥാന മുഖ്യമന്ത്രിയുടെ വിശ്വാസം പിടിച്ചുപറ്റാനാകാതെ വന്നാല്‍ ചീഫ് സെക്രട്ടറിയെ മാറ്റാനാകും. ഇത്തരത്തിലൊരു നടപടിയുണ്ടായാൽ സാധാരണ നിലയിലത് ചോദ്യം ചെയ്യാനാകില്ല. എന്നാല്‍ പോലീസ് മേധാവിയുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും കേസില്‍ മന്ത്രിസഭാംഗങ്ങള്‍ക്കെതിരെയോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയോ അന്വേഷണം വരാവുന്ന സന്ദര്‍ഭങ്ങളില്‍ പോലീസ് മേധാവിയെ മാറ്റിയാല്‍ എന്താകും ഫലമെന്ന് കോടതി ചോദിച്ചു.

ഈ സ്ഥിതി തുടര്‍ന്നാല്‍ ആര്‍ക്കും ദൈവത്തിന്റെ നാടിനെ രക്ഷിക്കാനാകില്ല: സെന്‍കുമാര്‍ കേസില്‍ കടുത്ത പരിഹാസവുമായി സുപ്രീം കോടതി

മുന്‍ ഡിജിപി സെന്‍കുമാറിനെ തല്‍സ്ഥാനത്ത് തിരിച്ചെടുക്കണമെന്ന് ഉത്തരവിടുന്ന വിധിയില്‍ കേരള സര്‍ക്കാരിനെതിരെ കടുത്ത പരിഹാസവുമായി സുപ്രീം കോടതി. 56 പേജ് വരുന്ന വിധിന്യായത്തിന്റെ അവസാന ഭാഗത്താണ് പരിഹാസം. 'തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയമനം നടത്തുന്ന കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് വിട്ടുവീഴ്ചകള്‍ നടത്തിയാല്‍ ദൈവത്തിന്റെ നാടിനെ ആര്‍ക്കും രക്ഷിക്കാനാകില്ല' എന്നാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരങ്ങിയ ബെഞ്ച് പരിഹസിച്ചത്.

പ്രധാനപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്ത പോലീസിന്റെ കാര്യക്ഷമതയില്‍ പൊതുജനങ്ങള്‍ക്കുള്ള സംശയമാണ് സംസ്ഥാന പോലീസ് മേധാവിയെ മാറ്റുന്നതിന് പ്രഥമദൃഷ്ട്യാ കാരണമായതെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പ്രഥമദൃഷ്ട്യാ നിഗമനങ്ങളിലെത്തുന്നതിന് പ്രബലവും യുക്തിഭദ്രവുമായ ഘടകങ്ങള്‍ ആവശ്യമാണ്. പോലീസിന്റെ കാര്യക്ഷമതയില്‍ ജനങ്ങള്‍ക്ക് സംശയമാണെന്ന് ആരോപിക്കുകയല്ലാതെ അതിനെ സാധൂകരിക്കുന്ന ഒന്നും തന്നെ സമര്‍പ്പിക്കപ്പെട്ടില്ലെന്നും കോടതി പറഞ്ഞു. വെറും പത്രറിപ്പോര്‍ട്ടുകള്‍ ഹാജരാക്കുക എന്നതല്ലാതെ കേസിന് ഉപോല്‍ബലകമായ ഒന്നും തന്നെ സംസ്ഥാന സര്‍ക്കാരിന് ഹാജരാക്കാനായില്ല. ഈ തെളിവുകള്‍ പോലീസ് മേധാവിയെ തല്‍സ്ഥാനത്തു നിന്ന് നീക്കുന്നതിന് മതിയായവയല്ല. വിശ്വസനീയവും യുക്തിഭദ്രവുമായ കാരണങ്ങളാകണം സംസ്ഥാന സര്‍ക്കാരിന് ഒരു ഉദ്യോസ്ഥനെ തല്‍സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യത്തില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ കോടതിക്ക് മുമ്പാകെ കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയത് കേവലം അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമാണ്. അതുകൊണ്ടുതന്നെ പ്രഥമദൃഷ്ട്യാ സെന്‍കുമാറിനോടുള്ള 'താല്‍പര്യക്കുറവ്' കോടതിക്ക് ബോധ്യം വന്നിട്ടില്ല.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നശേഷം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ജിഷ വധക്കേസ് എന്നിവയില്‍ നടത്തിയ അന്വേഷണങ്ങളിലെ ചില കാര്യങ്ങളില്‍ കോടതിക്ക് വിയോജിപ്പുണ്ട്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച പോലീസ് നടപടിയിലെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താതിരുന്നത് ഒരു മാസത്തിലധികമാണ്. ഇതിന് സമാനമായി ജിഷ വധക്കേസിലെ പോലീസിന്റെ സംശയകരമായ ഇടപെടലിനെക്കുറിച്ച് അന്വേഷണം നടത്താതെ നീട്ടിക്കൊണ്ടുപോയത് ഒരു മാസത്തോളമാണ്. ഇത് യാദൃച്ഛികമായി സംഭവിച്ചതാകാം. എന്നാല്‍ ഇത് രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ട് സംഭവിച്ചതാകാനും സാധ്യതയുണ്ടെന്നാണ് സെന്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകനില്‍ നിന്ന് കോടതിക്ക് മനസിലാക്കാനായത്-രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പോലീസ് മേധാവിയെ കുറഞ്ഞത് രണ്ട് വര്‍ഷം തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന ഉത്തരവും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസം പിടിച്ചുപറ്റാനാകാതെ വന്നാല്‍ ചീഫ് സെക്രട്ടറിയെ മാറ്റാനാകും. ഇത്തരത്തിലൊരു നടപടിയുണ്ടാൽ സാധാരണ നിലയിലത് ചോദ്യം ചെയ്യാനാകില്ല. എന്നാല്‍ പോലീസ് മേധാവിയുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും കേസില്‍ മന്ത്രിസഭാംഗങ്ങള്‍ക്കെതിരെയോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയോ അന്വേഷണം വരാവുന്ന സന്ദര്‍ഭങ്ങളില്‍ പോലീസ് മേധാവിയെ മാറ്റിയാല്‍ എന്താകും ഫലമെന്ന് കോടതി ചോദിച്ചു. പോലീസ് മേധാവിയുടേയും ചീഫ് സെക്രട്ടറിയുടേയും സ്ഥാനങ്ങള്‍ തന്ത്രപ്രധാനമാണ്. എന്നാല്‍ ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏതൊരു വ്യക്തിയേയും അയാളുടെ സ്ഥാനം പരിഗണിക്കാതെ കേസെടുക്കുകയും അന്വേഷിക്കുകയും ചെയ്യാനുള്ള അധികാരം പോലീസില്‍ നിക്ഷ്പിതമാണ്. ഭരണനിര്‍ഹണം നടത്തുന്നവരുടെ സ്വാധീനത്തില്‍ പോലീസ് സേന അതിന്റെ അധികാരം പ്രയോഗിക്കുന്നത് തടസ്സപ്പെടരുതെന്ന് കോടതി പറഞ്ഞു.

ഇപി റോയപ്പ തമിഴ്‌നാട് സര്‍ക്കാരിനെതിരെ നല്‍കിയ കേസിലെ പ്രസക്തമായ ചില വിധിന്യായങ്ങളും കോടതി ഇതൊടൊപ്പം പറയുന്നു. ചീഫ് സെക്രട്ടറിയുടെ നിയമനം ഒരു പ്രത്യേക കാലഘട്ടത്തിലേക്കുള്ളതല്ല. മുഖ്യമന്ത്രിയുടെ പൂര്‍ണ്ണവിശ്വാസം, ഇരുവര്‍ക്കുമിടയിലെ ധാരണ തുടങ്ങിയവ ഇതില്‍ നിര്‍ണ്ണായകമാണെന്നും കോടതി പറഞ്ഞു.