കക്കൂസ് മാലിന്യം കോരുന്നത് അനാഥ കുട്ടികള്‍; ഹൈദരാബാദിലെ എന്‍ജിഒ-യില്‍ ബാലവേലയും തോട്ടിപ്പണിയും

എയിഡ്‌സ് ബാധിതരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സർക്കാരിതര സ്ഥാപനമാണ് അഗേപ്. അവിടെയുള്ള ഒരു പെണ്‍കുട്ടിയാണ് കക്കൂസ് മാലിന്യം കോരുന്നത്. എട്ട് മുതല്‍ പതിനാല് വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് ഈ അനാഥാലയത്തില്‍ ഉള്ളത്

കക്കൂസ് മാലിന്യം കോരുന്നത്  അനാഥ കുട്ടികള്‍; ഹൈദരാബാദിലെ എന്‍ജിഒ-യില്‍ ബാലവേലയും തോട്ടിപ്പണിയും

തോട്ടിപ്പണിയും ബാലവേലയും ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത് ക്രിമിനല്‍ കുറ്റവുമാണ്. എന്നാലും ഇതിനൊന്നും ഒരു കുറവുമില്ലെന്നതാണു വാസ്തവം.

ഹൈദരാബാദിലെ ഉപ്പലില്‍ ഉള്ള ഒരു സർക്കാരിതര സ്ഥാപനമായ 'അഗേപി'ല്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ഒരു സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി നിന്ന് മാലിന്യം കോരുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണത്. എയിഡ്‌സ് ബാധിതരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് "അഗേപ്'. അവിടെയുള്ള ഒരു പെണ്‍കുട്ടിയാണു കക്കൂസ് മാലിന്യം കോരുന്നത്.


ബലാല ഹക്കുല സംഗം എന്ന സംഘടന ഈ വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തി. '1986 ലെ ബാലവേലാ നിയമം അനുസരിച്ചുള്ള 14ാം വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 73 ാം വകുപ്പ് പ്രകാരവും വാര്‍ഡനെതിരേ കേസെടുത്തു. വാര്‍ഡൻ പ്രജാവതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് . കുട്ടികളെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനും വീട്ടുജോലികള്‍ക്കും അവര്‍ ഉപയോഗിക്കുന്നുണ്ട്,' രാചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭാഗവത് അറിയിച്ചു.

പ്രജാവതിയെ കൂടാതെ 'അഗേപി'ലെ സൂപ്പര്‍വൈസര്‍മാരേയും [പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

എട്ട് മുതല്‍ പതിനാല് വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് ഈ അനാഥാലയത്തില്‍ ഉള്ളത്. ശനിയാഴ്ചകളില്‍ കുട്ടികളെക്കൊണ്ട് അഴുക്കുചാല്‍ വൃത്തിയാക്കിപ്പിക്കാറുണ്ട്. ഇത് കണ്ട നാട്ടുകാര്‍ ബലാല ഹക്കുല സംഗത്തിനെ വിവരമറിയിക്കുകയായിരുന്നു.

'ഞങ്ങള്‍ അഗേപില്‍ പോയപ്പോള്‍ കുട്ടികള്‍ ചൂല്‍ കൊണ്ട് മുറികൾ വൃത്തിയാക്കുന്നതാണു കണ്ടത്,' ബലാല ഹക്കുല സംഗം അംഗമായ അചുത റാവു പറഞ്ഞു.

എല്ലാ ദിവസവും വീട്ടു ജോലികള്‍ ചെയ്യിക്കാറുണ്ടെന്ന് കുട്ടികളും സാക്ഷ്യപ്പെടുത്തി.