പുരോ​ഗമന ചിന്താ​ഗതിക്കാരെ കൊലപ്പെടുത്തുന്നത് അപകടകരമായ പ്രവണത; ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ ബോംബേ ഹൈക്കോടതി

ഈ കേസുകള്‍ ഓരോ തവണ മാറ്റിവെക്കുമ്പോഴും ഓരോ വിലപ്പെട്ട ജീവിതങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു മാധ്യമപ്രവര്‍ത്തകയുടെ വിലപ്പെട്ട ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ്, ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയായ മാധ്യമപ്രവര്‍ത്തകയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഗൗരിയുടെ കൊലപാതകത്തെപ്പറ്റി ജസ്റ്റിസ് ധര്‍മാധികാരി പറഞ്ഞു

പുരോ​ഗമന ചിന്താ​ഗതിക്കാരെ കൊലപ്പെടുത്തുന്നത്  അപകടകരമായ പ്രവണത; ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ ബോംബേ ഹൈക്കോടതി

സ്വതന്ത്ര ചിന്താഗതിക്കാരായ എതിരാളികളെ കൊലപ്പെടുത്തുന്നത് അപകടകരമായ പ്രവണതയാണെന്ന് ബോംബേ ഹൈക്കോടതി. യുക്തിവാദികളായ നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തെക്കുറിച്ചുള്ള വാദം കേള്‍ക്കുന്നതിനിടെ, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി എന്നിവര്‍ക്ക് ശേഷം സമാനമായ രീതിയില്‍ ഗൗരി ലങ്കേഷും കൊലചെയ്യപ്പെട്ടു എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

സ്വതന്ത്ര -പുരോ​ഗമന ചിന്താ​ഗതിക്കാരെ കൊലപ്പെടുത്തുന്നത് അവരുടെ നിലപാടിന്റെ പേരിലുള്ള വേട്ടയാടലാണ്. തനിക്കെതിരെ ആരെങ്കിലും നിലനില്‍ക്കുന്നുവെങ്കില്‍ അയാളെ ഇല്ലാതാക്കുക എന്ന പതിവാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. രാജ്യത്തിന് ദുഷ്‌പേരുണ്ടാക്കുന്ന അപകടകരമായ പതിവായി മാറിയിരിക്കുകയാണ് ഇത്തരം കൊലപാതകങ്ങള്‍, ജസ്റ്റിസ് ധര്‍മാധികാരി നിരീക്ഷിച്ചു.

ജസ്റ്റിസ് ധര്‍മാധികാരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ധബോല്‍ക്കര്‍, പന്‍സാരെ കൊലപാതകക്കേസുകള്‍ പരിഗണിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികളെല്ലാം കേസില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഗൗരി ലങ്കേഷിന്റെ കൊലപാതകികളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വ്യാഴാഴ്ച ധബോല്‍ക്കര്‍ കൊലപാതകക്കേസില്‍ സിബിഐ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗോവിന്ദ് പന്‍സാരെ കേസില്‍ സിഐഡിയും സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.

അന്വേഷണ ശ്രമങ്ങള്‍ ആത്മാര്‍ത്ഥമായിരിക്കുമ്പോഴും, പ്രധാന കുറ്റവാളികള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഈ കേസുകള്‍ ഓരോ തവണ മാറ്റിവെക്കുമ്പോഴും ഓരോ വിലപ്പെട്ട ജീവിതങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു മാധ്യമപ്രവര്‍ത്തകയുടെ വിലപ്പെട്ട ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ്, ഒരു സ്വതന്ത്രചിന്താഗതിക്കാരിയായ മാധ്യമപ്രവര്‍ത്തകയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഗൗരിയുടെ കൊലപാതകത്തെപ്പറ്റി ജസ്റ്റിസ് ധര്‍മാധികാരി പറഞ്ഞു.

എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകവും ധബോല്‍ക്കര്‍-പന്‍സാരെ കൊലപാതകങ്ങളും സനാതന്‍ സന്‍സ്ഥ എന്ന തീവ്ര വലതുപക്ഷ സംഘടനയാണ് നടത്തിയത്. ഈ ബന്ധം സിബിഐ അന്വേഷിച്ച് കണ്ടെത്തിയതാണ്. ഇവരെല്ലാം കൊല്ലപ്പെട്ടത് വീടിനു മുന്നില്‍ വെച്ചാണ്. ഇവരുടെ കൊലപാതകങ്ങളും ഗൗരിയുടെ കൊലപാതകവും തമ്മിലുള്ള സമാനതകളും പരിശോധിച്ചിട്ടുണ്ട്.

ധബോല്‍ക്കറുടെ കൊലപാതകക്കേസിലെ പ്രതിപ്പട്ടികയില്‍ സനാതന്‍ സന്‍സ്ഥ അംഗങ്ങളായ വീരേന്ദ്ര താവ്‌ഡേയെ ആണ് മുഖ്യ ആസൂത്രകനായി സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ധബോല്‍ക്കറെ കൊലപ്പെടുത്തിയത് ഇവരാണ്.

ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ സമീര്‍ ഗെയ്ക്ക്വാദ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. അന്വേഷണ ഏജന്‍സികള്‍ വേണ്ടവിധത്തില്‍ സനാതന്‍ സന്‍സ്ഥയെപ്പറ്റി അന്വേഷണം നടത്തുന്നില്ലെന്ന് പന്‍സാരെയുടെയും ധബോല്‍ക്കറുടെയും കേസില്‍ അവരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭയ് നെവ്ഗി പറയുന്നു. എന്‍ഐഎ കേസില്‍ കക്ഷി ചേരണമെന്നും നെവ്ഗി ആവശ്യപ്പെട്ടു. സ്വതന്ത്ര ചിന്താഗതിക്കാരായവരെ കൊലപ്പെടുത്തുന്നത് അപകടകരമായ പ്രവണതയെന്ന് ബോംബേ ഹൈക്കോടതി.

എന്നാല്‍, നെവ്ഗിയുടെ ആവശ്യം കോടതി തള്ളി. സനാതന്‍ സന്‍സ്ഥയെപ്പറ്റി മതിയായ അന്വേഷണം നടക്കുന്നില്ലെന്ന് നെവ്ഗി തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നാണ് ജസ്റ്റിസ് ധര്‍മാധികാരി മറുപടി നല്‍കിയത്.

Read More >>