സര്‍ക്കാരിനെതിരെ വിമർശനവുമായി ലെഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ്; ''ദേശീയം പറച്ചിലല്ല, വേണ്ടത് പ്രൊഫഷണലിസം; അല്ലെങ്കിൽ ശവപ്പെട്ടികൾ കുന്നുകൂടും"

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി റിട്ടയേര്‍ഡ്‌ ലെഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ്. അടിയന്തരമായി സൈന്യത്തില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ നാം ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നു ലെഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ് പറഞ്ഞു.

സര്‍ക്കാരിനെതിരെ വിമർശനവുമായി     ലെഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ്; ദേശീയം പറച്ചിലല്ല, വേണ്ടത്  പ്രൊഫഷണലിസം; അല്ലെങ്കിൽ ശവപ്പെട്ടികൾ കുന്നുകൂടും

ഛത്തീസ്ഗഡിൽ 26 സിആർപിഎഫ് ജവാന്മാർ മാവോയിസ്റ്റ് ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി റിട്ടയേര്‍ഡ്‌ ലെഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ് രംഗത്തെത്തി.'അടിയന്തരമായി സൈന്യത്തില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ നാം ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരും. സിആര്‍പിഎഫിന് വിദഗ്ധമായ പരിശീലനം ആവശ്യമാണ്' എന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

സേനയില്‍ പരിഷ്‌കരണം കൊണ്ടുവന്നില്ലെങ്കില്‍ ജവാന്‍മാരുടെ ശവപ്പെട്ടിക്ക് ചുറ്റും കരയേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ വര്‍ധിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഞാന്‍ 2008ല്‍ സെന്‍ട്രല്‍ ആര്‍മി കമാന്‍ഡറായിരുന്ന സാഹചര്യത്തില്‍ നിന്ന് ഒട്ടും പുരോഗതി കൈവരിച്ചിട്ടില്ല' അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറയുന്നു

രക്തസാക്ഷികളുടെ ചിതയെയോര്‍ത്ത് കരയുകയല്ല അര്‍ധസൈനികവിഭാഗത്തെ ശക്തമാക്കുകയാണ് വേണ്ടത്. രാജ്യത്തെ പ്രത്യേക സൈന്യത്തിന്റെ എണ്ണത്തിലുള്ള കുറവും അവരെ 'ദേശീയവല്‍ക്കരണ'വുമായി ബന്ധിപ്പിക്കുന്നതും സേനയിലെ പരിഷ്‌കരണത്തെ തടയുമെന്നും അദ്ദേഹം പറഞ്ഞു.ഇതാണ് വേറൊരു ട്വീറ്റ്.

'ധീരതയും രക്തസാക്ഷിത്വവും ബഹുമാനിക്കപ്പെടണം. എന്നാലവ സൈന്യത്തിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തടസമാകരുത്' മറ്റൊരു ട്വീറ്റില്‍ എച്ച് എസ് പനാഗ് പറയുന്നു.
2013ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച പനാഗ് ആം ആദ്മി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.