മലേഗാവ് സ്‌ഫോടനം: പ്രഗ്യാ സിങ്ങിന് ജാമ്യം, പ്രസാദ് പുരോഹിതിന് ജാമ്യമില്ല

മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈമിലെ കര്‍ക്കശമായ വകുപ്പുകള്‍ പ്രഗ്യയ്‌ക്കെതിരെ ചുമത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റ് ജനറല്‍ അനില്‍ സിങ്ങ് കോടതിയെ അറിയിച്ചിരുന്നു.

മലേഗാവ് സ്‌ഫോടനം: പ്രഗ്യാ സിങ്ങിന് ജാമ്യം, പ്രസാദ് പുരോഹിതിന് ജാമ്യമില്ല

മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ വിവാദ സന്യാസിനി പ്രഗ്യാ സിങ്ങ് താക്കൂറിന് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ജാമ്യം നിഷേധിച്ചു. ബോംബൈ ഹൈക്കോടതിയാണ് 2008ല്‍ നടന്ന സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കാന്‍ അഞ്ച് ലക്ഷം രൂപ ഇവര്‍ കോടതിയില്‍ കെട്ടിവെക്കണം. പ്രഗ്യയുടെ പാസ്‌പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

പ്രത്യേക എന്‍ഐഎ കോടതി നേരത്തെ പ്രഗ്യ്ക്ക് ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത ഹരജി കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ ജസ്റ്റിസുമാരായ രഞ്ജിത്തും ശാലിനി ഫന്‍സാല്‍ക്കറും വിധി പറയാതെ മാറ്റിവയ്ക്കുകയായിരുന്നു. പ്രഗ്യയ്ക്ക് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈമിലെ കര്‍ക്കശമായ വകുപ്പുകള്‍ പ്രഗ്യയ്‌ക്കെതിരെ ചുമത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റ് ജനറല്‍ അനില്‍ സിങ്ങ് കോടതിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് സാക്ഷിപ്പട്ടികയിലുള്ള പലരും വിചാരണയുടെ പല ഘട്ടങ്ങളില്‍ മൊഴിമാറ്റിയതായും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രഗ്യയുടെ ബൈക്ക് സ്‌ഫോടനത്തിനുപയോഗിച്ചിരുന്നതായി അന്വേഷണം നടത്തിയ ഭീകരവിരുദ്ധ സേന കണ്ടെത്തിയിരുന്നു. എന്നാല്‍ ബൈക്ക് മറ്റാരോ ആണ് ഉപയോഗിച്ചിരുന്നതെന്നും അയാള്‍ ഒളിവിലാണെന്നുമാണ് എന്‍ഐഎ പറഞ്ഞത്. മലേഗാവ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.