ഹാള്‍ ഓഫ് നേഷൻസും ഹാള്‍ ഓഫ് ഇന്‍ഡസ്ട്രീസും ഇനി ഓർമ്മ; പൊളിച്ചു നീക്കിയത് ഇന്ത്യയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ അടയാളങ്ങൾ

ഇന്ത്യയുടെ ആധുനിക നിര്‍മ്മാണരീതിയുടെ പ്രതീകമാണ് ഹാള്‍ ഓഫ് നേഷന്‍സ്. 1970 ല്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഇത്രയും വലിയ കെട്ടിടസമുച്ചയം നിര്‍മ്മിച്ചതിലൂടെ തെളിയിച്ചത് നമ്മുടെ നിർമ്മാണവൈഭവമായിരുന്നു. ഇന്ത്യയുടെ കെട്ടിടനിര്‍മ്മാണ രംഗത്തെ പുരോഗമനം പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു അവ.പൈതൃകസ്‌നേഹികള്‍ ഈ നടപടിയെ 'കനത്ത നിർമ്മാണ നഷ്ടം' എന്നാണ് വിശേഷിപ്പിച്ചത്.

ഹാള്‍ ഓഫ് നേഷൻസും ഹാള്‍ ഓഫ് ഇന്‍ഡസ്ട്രീസും ഇനി ഓർമ്മ; പൊളിച്ചു നീക്കിയത് ഇന്ത്യയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ അടയാളങ്ങൾ

ഇന്ത്യയിലെ ആധുനിക കെട്ടിടനിര്‍മ്മാണത്തിന്റെ പ്രതീകങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ലോകപ്രശസ്ത കെട്ടിടങ്ങള്‍ - ഹാള്‍ ഓഫ് നേഷന്‍സ്, ഹാള്‍ ഓഫ് ഇന്‍ഡസ്ട്രീസ് എന്നിവ പൊളിച്ചുനീക്കി. ന്യൂ ഡല്‍ഹിലെ പ്രഗതി മൈദാനിലായിരുന്നു ഇവ സ്ഥിതി ചെയ്തിരുന്നത്.

സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലായിരുന്നു ഈ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. തലസ്ഥാനത്തിന്റെ ആധുനിക മുഖം പണിയുന്നത്തിനു വഴിയൊരുക്കാനാണ് കെട്ടിടങ്ങള്‍ പൊളിച്ചതെന്ന് ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കെട്ടിടങ്ങള്‍ ഇന്ത്യയുടെ പൈതൃകസ്വത്തായി കണക്കാക്കിയിട്ടില്ലെന്നും വെറും 45 വര്‍ഷത്തെ പഴക്കമേ ഉള്ളൂവെന്നും അവര്‍ പറയുന്നു. നെഹ്‌റു പവലിയന്‍ പൊളിയ്ക്കുന്ന നടപടികള്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെരിറ്റേജിന്റെ എതിര്‍പ്പും നിയമയുദ്ധവും മറികടന്നാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നത്. വാണിജ്യമേളകളിലെ കേരള പവലിയനും ഇതോടെ നഷ്ടമാകും. എല്ലാ വര്‍ഷവും നടക്കാറുള്ള ഓട്ടോ എക്‌സ്‌പോ, ട്രേഡ് ഫെയര്‍ എന്നിവയും ഇനി മുതല്‍ ഉണ്ടാകാനിടയില്ല.

വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ളതാണു ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍. രാജ്യത്തിന്റെ വിദേശവിപണിയും വാര്‍ഷിക വാണിജ്യമേളകളും നടത്തുന്നത് അവരാണ്.

ഇന്ത്യയുടെ ആധുനിക ചിഹ്നങ്ങള്‍ തകര്‍ക്കുന്നത് ഞെട്ടിച്ചുവെന്ന് പ്രമുഖ അര്‍ബന്‍ പ്ലാനര്‍ ആയ ഏജികെ മേനോന്‍ പറഞ്ഞു. അവയുടെ നിര്‍മ്മാണ വൈദഗ്ധ്യവും ജനങ്ങള്‍ക്കുള്ള മാനസിക അടുപ്പവും പരിഗണിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ത്യയുടെ ആധുനിക നിര്‍മ്മാണരീതിയുടെ പ്രതീകമാണ് ഹാള്‍ ഓഫ് നേഷന്‍സ്. 1970 ല്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഇത്രയും വലിയ കെട്ടിടസമുച്ചയം നിര്‍മ്മിച്ചതിലൂടെ തെളിയിച്ചത് നമ്മുടെ നിർമ്മാണവൈഭവമായിരുന്നു. ഇന്ത്യയുടെ കെട്ടിടനിര്‍മ്മാണ രംഗത്തെ പുരോഗമനം പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു അവ. ആ നിലയ്ക്ക് പരിപാലിക്കേണ്ടതായിരുന്നു ആ കെട്ടിടങ്ങള്‍,' മേനോന്‍ പറഞ്ഞു.

കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് കെട്ടിടത്തിന്റെ ആര്‍ക്കിടെക്റ്റ് ആയ രാജ് റേവാള്‍ നല്‍കിയ പരാതി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 60 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കെട്ടിടങ്ങളെ മാത്രമേ പൈതൃകസ്വത്തായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇന്ത്യയിൽ തൂണുകള്‍ ഇല്ലാതെ പണിത ആദ്യത്തെ കെട്ടിടങ്ങളായിരുന്നു അവ. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനെതിരെ ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നിന്നു വരെ പരാതി ലഭിച്ചിരുന്നു.

പ്രഗതി മൈദാനിൽ 1.5 ലക്ഷം ചതുരശ്ര അടിയില്‍ ഏഴ് പ്രദര്‍ശനശാലകള്‍, 7000 ഇരിപ്പിടങ്ങളുള്ള ലോകനിലവാരമുള്ള സമ്മേളനസ്ഥലം എന്നിവ പണിയുമെന്ന് ഐടിപിഓ അറിയിച്ചു. അതിനുള്ള പ്ലാന്‍ അംഗീകരിച്ചു കഴിഞ്ഞു. 2019 ല്‍ നിർമ്മാണം പൂര്‍ത്തിയാക്കാനാണ് പരിപാടി.

പൈതൃകസ്‌നേഹികള്‍ ഈ നടപടിയെ 'കനത്ത നിർമ്മാണ നഷ്ടം' എന്നാണ് വിശേഷിപ്പിച്ചത്.