ഡല്‍ഹി മുഖ്യമന്ത്രിയ്ക്കായി കേസ് വാദിക്കാന്‍ ഫീസിനത്തില്‍ ഇളവ് നല്‍കിയെന്ന് രാംജത് മലാനി

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ അപകീർത്തി കേസ് വാദിക്കാനായി രാംജത് മലാനി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു കനത്ത ബിൽ അയച്ചെന്നായിരുന്നു വാർത്ത. സൗജന്യമായി കേസ് വാദിക്കാം എന്ന് പറഞ്ഞ മലാനി ഫീസിൽ ഇളവ് നൽകിയിട്ടുണ്ടെന്ന് പിന്നീട് അറിയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രിയ്ക്കായി കേസ് വാദിക്കാന്‍ ഫീസിനത്തില്‍ ഇളവ് നല്‍കിയെന്ന് രാംജത് മലാനി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു വേണ്ടി വാദിക്കുന്നതിനുള്ള മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനി ഫീസിനത്തില്‍ 3.5 കോടി രൂപയോളം വരുന്ന ബില്‍ അയച്ചുവെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. അത്രയും പണം കൊടുക്കാന്‍ കേജ്രിവാളിനു സാധിക്കുമോയെന്ന ചര്‍ച്ചകളും സജീവമായി. പണം ഇല്ലെങ്കില്‍ കേസ് സൗജന്യമായി വാദിക്കാന്‍ തയ്യാറാണെന്നും ഇന്നലെ മലാനി പറഞ്ഞിരുന്നു.

എന്നാല്‍ കേജ്രിവാളിനു ഫീസില്‍ കിഴിവ് നല്‍കിയിട്ടുണ്ടെന്നാണ് മലാനി പുതിയതായി അറിയിക്കുന്നത്. 'അപകീര്‍ത്തി കേസില്‍ വാദിക്കുന്നതിനു ഞാന്‍ കേജ്രിവാളിനു കിഴിവ് നല്‍കിയിട്ടുണ്ട്. മറ്റ് കക്ഷികളില്‍ നിന്നും സാധാരണ വാങ്ങാറുള്ള ഫീസ് ചോദിച്ചിട്ടില്ല. കോടതിയില്‍ ഓരോ തവണ ഹാജറാകുന്നതിനുള്ള ഫീസും കുറച്ചിട്ടുണ്ട്. മാത്രമല്ല, കോടതിയില്‍ വാദിക്കാന്‍ പോകുന്നതിനു മുമ്പുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ഫീസ് വാങ്ങുന്നതേയില്ല,' മലാനി പറഞ്ഞു.

കേജ്രിവാളിന്‌റെ വക്കീല്‍ ആകുന്നതിനു ഒരു കോടി രൂപയാണ് മലാനി വാങ്ങുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി നല്‍കിയ കേസ് വാദിക്കുന്നതിനായി കോടതിയില്‍ ഹാജരാകുന്നതിനു ഒരോ തവണയ്ക്കും 22 ലക്ഷം രൂപ വീതമാണ് ഫീസ്.

കേസ് സൗജന്യമായി വാദിക്കാമെന്ന് പറഞ്ഞിട്ടും കേജ്രിവാളിന്‌റെ പക്കല്‍ നിന്നും ഫീസ് വാങ്ങുന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍, 'ഞാന്‍ കക്ഷികളുടെ സാമ്പത്തികനില അനുസരിച്ചാണ് ഫീസ് വാങ്ങാറുള്ളത്. കേജ്രിവാള്‍ പണമില്ലെന്ന് പറയുകയാണെങ്കിലും ഞാന്‍ ഈ കേസ് വാദിക്കും' എന്നായിരുന്നു മലാനിയുടെ മറുപടി.