ഗോരക്ഷകരെവിടെ? തമിഴ്‌നാട്ടില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നൂറുകണക്കിന് പശുക്കള്‍ ചത്തൊടുങ്ങുന്നു

പ്രതിദിനം ശരാശരി അഞ്ച് പശുക്കള്‍ നീലഗിരി ജില്ലയില്‍ ചാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗോരക്ഷകരെവിടെ? തമിഴ്‌നാട്ടില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നൂറുകണക്കിന് പശുക്കള്‍ ചത്തൊടുങ്ങുന്നു

തമിഴ്‌നാട്ടില്‍ വരള്‍ച്ചയുടെ പിടിയില്‍പ്പെട്ട് പശുക്കള്‍ ചത്തൊടുങ്ങുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നൂറു കണക്കിന് പശുക്കളാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ചത്തൊടുങ്ങിയത്. പ്രതിദിനം ശരാശരി അഞ്ച് പശുക്കള്‍ നീലഗിരി ജില്ലയില്‍ ചാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരള്‍ച്ചയുടെ പിടിയില്‍പ്പെട്ട മോയാര്‍, മസിനഗുഡി, ബാലകോല എന്നീ ഗ്രാമങ്ങളില്‍ ഇതുവരെ 300ലധികം പശുക്കള്‍ ചത്തതായാണ് റിപ്പോര്‍ട്ട്. പച്ചപ്പുല്ലും വെള്ളവും കിട്ടാതെയാണ് ഇവ ചത്തത്.


കഴിഞ്ഞ ആറ് മാസത്തിനിടെ വരള്‍ച്ച മൂലം തനിക്ക് നഷ്ടമായത് 50ലധികം പശുക്കളെയാണെന്ന് ആര്‍ നാരായണനെന്ന കര്‍ഷകന്‍ INDIATIMES.COMനോട് പറഞ്ഞു. ഇത്തരത്തില്‍ ചാകുന്ന പശുക്കളെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അതിനുള്ള വേതനം നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ഇതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിളിച്ചാലും ഡോക്ടര്‍മാര്‍ വരാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഈറോഡ്, സേലം, കോയമ്പത്തൂര്‍ എന്നീ ജില്ലകളിലും വരള്‍ച്ച മൂലം പശുക്കള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗൂഡല്ലൂരില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനിടെ താന്‍ 59 പശുക്കളുടെ ജഡം കണ്ടതായി ഒരു പ്രമുഖ എന്‍ജിഒ പ്രതിനിധി എസ് ഭാരതിദാസന്‍ പറഞ്ഞു.