'ഹിന്ദി വിരുദ്ധ കലാപം ക്ഷണിച്ചു വരുത്തരുത്' - മോഡിയോട് സ്റ്റാലിന്‍; ഇന്ത്യയെ 'ഹിന്ദിരാജ്യം' ആക്കരുതെന്നും ഡിഎംകെ

ഹിന്ദി ഭാഷ പ്രചരിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെ ഡിഎംകെ ശക്തമായി വിമർശിച്ചു. ഹിന്ദി പ്രചാരണനീക്കത്തിനെതിരെ യുവാക്കളേയും വിദ്യാര്‍ഥികളേയും ചേര്‍ക്കാന്‍ സംസ്ഥാനവ്യാപകമായി സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണു ഡിഎംകെ.

ഹിന്ദി വിരുദ്ധ കലാപം ക്ഷണിച്ചു വരുത്തരുത് - മോഡിയോട് സ്റ്റാലിന്‍;   ഇന്ത്യയെ ഹിന്ദിരാജ്യം ആക്കരുതെന്നും ഡിഎംകെ

കേന്ദ്ര സർക്കാരിന്റെ ഹിന്ദി പ്രചാരണ നീക്കത്തിനെതിരെ യുവാക്കളേയും വിദ്യാര്‍ഥികളേയും ചേര്‍ക്കാന്‍ സംസ്ഥാനവ്യാപകമായി സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ ഡിഎംകെ ഒരുങ്ങുന്നു. കേന്ദ്രത്തിന്റെ 'നീതിരഹിത അടിച്ചേല്‍പ്പിക്കല്‍' എന്നാണു ഹിന്ദി ഭാഷാ ഉപയോഗം പ്രചരിപ്പിക്കാനുള്ള നീക്കത്തിനെ ഡിഎംകെ വിശേഷിപ്പിക്കുന്നത്.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന 'ഭാഷാ ഷോവനിസം' ഉടൻ പിന്‍വലിക്കണമെന്ന് ഡിഎംകെ നേതൃയോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന ശേഷം പ്രശ്‌നം തമിഴ്‌നാട്ടിലെ യുവാക്കളിലേയ്ക്കും വിദ്യാര്‍ഥികളിലേയ്ക്കും ജനങ്ങളിലേയ്ക്കും എത്തിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തമിഴ് ഭാഷയെ മനഃപൂര്‍വം അവഗണിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെതെന്ന് പ്രഖ്യാപിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയെ 'ഹിന്ദി രാജ്യം' ആക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. മറ്റൊരു ഹിന്ദി വിരുദ്ധ കലാപം ക്ഷണിച്ചു വരുത്തരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.

ഹിന്ദി ഉപയോഗത്തിലില്ലാത്ത സംസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നതു വരെ ഇംഗ്ലീഷ് ആയിരിക്കും ഉപയോഗത്തിലുണ്ടാകുക എന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഉറപ്പ് ചൂണ്ടിക്കാണിച്ചാണു കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി നീക്കത്തെ യോഗം വിമര്‍ശിച്ചത്.

അദ്ധ്യാപകദിനത്തിനെ 'ഗുരു ഉത്സവ്' എന്നാക്കിയതും എല്ലാ സര്‍വ്വകലാശാലകളിലും ഹിന്ദിയ്ക്കു പ്രാമുഖ്യം നല്‍കണമെന്ന നിര്‍ദ്ദേശവും തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് യോഗം വിലയിരുത്തി.

അടുത്തിടെ രാഷ്ട്രപതി ഉള്‍പ്പടെയുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഹിന്ദിയില്‍ പ്രസംഗിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ഡിഎംകെയുടെ എതിര്‍പ്പ് വന്നപ്പോള്‍ അതു വെറും അപേക്ഷ മാത്രമാണെന്ന് കേന്ദ്രം മറുപടി നല്‍കിയിരുന്നു.

'ഹിന്ദിയുടെ കാര്യത്തില്‍ ബിജെപിയുടെ ലക്ഷ്യം വ്യക്തമാണ്. തമിഴ്‌നാട് ഉള്‍പ്പടെയുള്ള ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളുടെ വികാരങ്ങളെ താഴ്ത്തിക്കെട്ടുകയാണു കേന്ദ്ര സര്‍ക്കാര്‍,' എന്ന് യോഗത്തില്‍ പ്രമേയം പാസാക്കി.