നോമ്പുകാലം ആരംഭിക്കാനിരിക്കെ, രാജ്യത്ത് കന്നുകാലികളെ കശാപ്പുചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍; വിജ്ഞാപനം പുറത്തിറങ്ങി

കന്നുകാലികളെ കശാപ്പുശാലകള്‍ക്ക് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാള, പശു, പോത്ത്, ഒട്ടകം എന്നിവയുടെ വിപണനത്തിനാണ് നിരോധനം. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് വിവാദ ഉത്തരവെന്നതും ശ്രദ്ധേയമാണ്.

നോമ്പുകാലം ആരംഭിക്കാനിരിക്കെ, രാജ്യത്ത് കന്നുകാലികളെ കശാപ്പുചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍; വിജ്ഞാപനം പുറത്തിറങ്ങി

റംസാന്‍ നോമ്പുകാലം ആരംഭിക്കാനിരിക്കെ ജനങ്ങളുടെ ഭക്ഷണത്തിനു മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം. കന്നുകാലികളെ കശാപ്പുചെയ്യുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി കശാപ്പിന് കാലികളെ വില്‍ക്കുന്നത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഇനിമുതല്‍ കര്‍ഷകര്‍ക്കു മാത്രമേ കന്നുകാലികളെ വാങ്ങാനോ വില്‍ക്കാനോ കഴിയൂ. 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പ് ഉപയോഗിച്ചാണ് നിരോധനം. കാള, പശു, പോത്ത്, ഒട്ടകം എന്നിവയുടെ വിപണനത്തിനാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് വിവാദ ഉത്തരവെന്നതും ശ്രദ്ധേയമാണ്.

കന്നുകാലികളെ കൊല്ലാന്‍ പാടില്ല. ഈ നിയമത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ഗോഹത്യ തടയാനാണ് നീക്കം. കന്നുകാലികളെ കര്‍ഷകര്‍ക്ക് മാത്രമേ വാങ്ങാനും കൈമാറാനും സാധിക്കൂ. കന്നുകുട്ടിയേയും ആരോഗ്യം ക്ഷയിച്ചവയെയും വില്‍ക്കാനും നിയന്ത്രണമുണ്ടാകും. കന്നുകാലികളെ വാങ്ങുന്നവര്‍ക്ക് ആറുമാസത്തേക്ക് അവയെ വില്‍ക്കാനാകില്ല. കന്നുകാലി മാര്‍ക്കറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും അകലത്തിലും, സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം. സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാകും.

കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്‌ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കും. കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ സ്വന്തമായി കൃഷിഭൂമിയുള്ളവരാണെന്നതിന്റെ രേഖകള്‍ മേല്‍പ്പറഞ്ഞ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണം. വില്‍പ്പന സംബന്ധിച്ചതിന്റെ രേഖയുടെ കോപ്പി പ്രാദേശിക റവന്യു ഓഫീസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടര്‍, ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് നല്‍കണം. ഓരോ കോപ്പി വീതം വാങ്ങിയ ആളും വിറ്റ ആളും കൈവശം വെക്കണം.കന്നുകാലി മാര്‍ക്കറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വൃത്തി എന്നിവ ഉണ്ടായിരിക്കണം.

കന്നുകാലികളെ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കുന്നതിന് ഉടമസ്ഥന്‍ ഫിസ് നല്‍കണം. ഈ ഫീസ് ഓരോവര്‍ഷവും സംസ്ഥാന സര്‍ക്കാരിന് മാറ്റം വരുത്താം.മാര്‍ക്കറ്റില്‍ കന്നുകാലികളെ വാഹനങ്ങളില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്റിനറി ഇന്‍സ്പക്ടറുടെ സാന്നിധ്യമുണ്ടാകണമെന്നും പുതിയ ഉത്തരവ് അനുശാസിക്കുന്നു. .

Story by