പൊലീസുദ്യോഗസ്ഥനെ ജീവനോടെ തൊലിയുരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി വനിതാ എംപി

''നരേന്ദ്ര മോഡി സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്നത്. മികച്ച രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഇവിടെ തുടരാനാകൂ'' ---പത്രസമ്മേളനത്തില്‍ പ്രിയങ്ക സിംഗ് പറഞ്ഞു.

പൊലീസുദ്യോഗസ്ഥനെ ജീവനോടെ തൊലിയുരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി വനിതാ എംപി

തനിക്ക് ആവശ്യത്തിന് ബഹുമാനം നല്‍കാതിരുന്ന പൊലീസുദ്യോഗസ്ഥനെ പച്ചക്ക് തൊലിയുരിക്കുമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ലോക്‌സഭാംഗം. ബാരബാങ്കി മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ പ്രിയങ്ക സിങ്ങാണ് വിവാദ പ്രസ്താവന നടത്തിയത്. ജ്ഞാനജയ് സിങ്ങ് എന്ന പൊലീസുദ്യോഗസ്ഥനെയാണ് എംപി ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവം വിവാദമായങ്കെിലും മാധ്യമപ്രവര്‍ത്തകരോട് ഇവര്‍ പൊലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ വാക്കുകള്‍ ആവര്‍ത്തിച്ചു.

ഒരു കേസുമായി ബന്ധപ്പെട്ട് താന്‍ ഈ പൊലീസുദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അപമര്യാദയോടെ പെരുമാറിയതായി എംപി ആരോപിച്ചു. താനൊരു പൊലീസ് ഓഫീസറാണെന്നും തനിക്ക് കേസന്വേഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാമെന്നും ജ്ഞാനജയ് സിങ്ങ് പറഞ്ഞതായി പ്രിയങ്ക സിങ്ങ് ആരോപിച്ചു. ''നരേന്ദ്ര മോഡി സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്നത്. മികച്ച രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഇവിടെ തുടരാനാകൂ'' -പത്രസമ്മേളനത്തില്‍ പ്രിയങ്ക സിംഗ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ ഒരു ബിജെപി എംപി അനുമതിയില്ലാതെ ഒരു പോലീസുദ്യോഗസ്ഥന്റെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത് വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കേശാര്‍ സിങ്ങ് തനിക്ക് പരിഗണന നല്‍കിയില്ലെന്നാരോപിച്ച് ഒരു ബാങ്ക് മാനേജരെ മര്‍ദ്ദിച്ച സംഭവമുണ്ടായി.