ഡല്‍ഹിയെ വിറപ്പിച്ച് ഭീം ആര്‍മി; സംഘപരിവറിനെതിരെ ഒറ്റ വാട്ട്‌സപ്പ് സന്ദേശത്തിലൂടെ എത്തിയത് ലക്ഷം ദളിതര്‍

ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തിനെതിരെയാണ് ഡല്‍ഹിയില്‍ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നവമാദ്ധ്യമങ്ങളിലൂടെ നല്‍കിയ ആഹ്വാനത്തിലൂടെ അന്‍പതിനായിരത്തിലധികം ആളുകളാണ് നീലത്തൊപ്പിയും പ്ലക്കാര്‍ഡുമേന്തി ജന്തര്‍ മന്ദറിലെത്തിയത്. ഡല്‍ഹി പൊലീസിന്റെ അനുമതി ഇല്ലാതെയായിരുന്നു വന്‍പ്രതിഷേധം.

ഡല്‍ഹിയെ വിറപ്പിച്ച് ഭീം ആര്‍മി; സംഘപരിവറിനെതിരെ ഒറ്റ വാട്ട്‌സപ്പ് സന്ദേശത്തിലൂടെ എത്തിയത് ലക്ഷം ദളിതര്‍

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് അതിക്രമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ദളിത് സംഘടനയായ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നു. പൊലീസ് അനുമതി നിഷേധിച്ചിട്ടും വിലക്ക് ലംഘിച്ച് അമ്പതിനായിരത്തിലേറെ ആളുകളാണ് ജന്തര്‍ മന്ദറിലേക്ക് ഒഴുകിയെത്തിയത്. പ്രതിഷേധത്തെ തടുക്കാന്‍ പൊലീസിനായില്ല. ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി, കനയ്യകുമാര്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.


പ്രതിഷേധത്തിന്റെ ഭാഗമായി ദളിതര്‍ ഹിന്ദുമതം ഉപേക്ഷിക്കുന്ന ചടങ്ങുകളും നടന്നു. നിരവധി പേര്‍ ഹിന്ദു ആചാരപ്രകാരം കെട്ടിയ ചരടുകള്‍ മുറിച്ച് ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അതിക്രമത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. നവമാദ്ധ്യമങ്ങളിലെ ആഹ്വാനത്തെ തുടര്‍ന്നാണ് ആളുകള്‍ രാജ്യതലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തിയത്. കനത്ത സുരക്ഷയായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്.

സവര്‍ണ ഹിന്ദു വിഭാഗമായ താക്കൂറുകളുടേയും പൊലീസിന്റെയും അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ 180 കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.


ഈ മാസം അഞ്ചിനു സഹാരന്‍പൂരിലെ ഷബീര്‍പൂര്‍ ഗ്രാമത്തില്‍ സവര്‍ണ ഹിന്ദുവിഭാഗമായ താക്കൂറുകള്‍ ദളിത് ജാദവ് വിഭാഗത്തെ ആക്രമിച്ചിരുന്നു. കാവി തലക്കെട്ടു ധരിച്ചെത്തിയ താക്കൂര്‍ വിഭാഗത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനെതിരെ മെയ് ഒമ്പിതിന് ഭീം ആര്‍മി എന്ന ദളിത് സംഘടനയുടെ നേതൃത്വത്തില്‍ സഹാറന്‍പൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തിനു നേരെ ബജ്റംഗ്ദള്‍, ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.

ഭീം ആര്‍മിയിലെ അംഗങ്ങളെ മാവോയിസ്റ്റുകളാണെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നെന്നും ഭീഷണിപ്പെടുത്തുന്നെന്നും പരാതിയുണ്ട്. 2015-ല്‍ ചന്ദ്രശേഖര്‍ എന്ന അഭിഭാഷക യുവാവ് ആരംഭിച്ച ദളിത് സംഘടനയാണ് ഭീം ആര്‍മി. ഏഴു സംസ്ഥാനങ്ങളിലായി നാല്‍പതിനായിരത്തോലം ആളുകള്‍ ഈ സംഘടനയില്‍ അംഗങ്ങളായിട്ടുണ്ട്.