ഫീസടച്ചില്ലെന്നാരോപിച്ച് ഹൈദരാബാദില്‍ 19 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ തടങ്കലിലാക്കി

അഞ്ച് വയസുകാരനായ വിദ്യാര്‍ത്ഥിയും തടങ്കലിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫീസടച്ചില്ലെന്നാരോപിച്ച് ഹൈദരാബാദില്‍ 19 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ തടങ്കലിലാക്കി

ഫീസടച്ചില്ല എന്ന കാരണം പറഞ്ഞ് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ 19 വിദ്യാര്‍ത്ഥികളെ തടങ്കലിലാക്കിയതായി ആരോപണം. രണ്ട് മണിക്കൂറോളം തടങ്കലില്‍ വെച്ച വിദ്യാര്‍ത്ഥികളെ ശനിയാഴ്ച ആരംഭിച്ച കൊല്ലപ്പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ജുവൈനല്‍ നിയമത്തിന് കീഴില്‍ കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹയാത് നഗറിലെ സരിത വിദ്യാനികേതന്‍ എന്ന സ്‌കൂളിലാണ് വിവാദ സംഭവം നടന്നത്.

കുട്ടികളെ തടങ്കലിലാക്കിയ വിവരം ഒരു രക്ഷിതാവ് പോലീസിനേയും മാധ്യമപ്രവര്‍ത്തകരേയും അറിയിക്കുകയായിരുന്നു. ഫീസടയ്ക്കാനെത്തിയ സഹപാഠിയുടെ പിതാവിന്റെ ഫോണ്‍ വാങ്ങിയാണ് വിദ്യാര്‍ത്ഥി പിതാവിനെ വിവരമറിയിച്ചത്. പ്രിന്‍സിപ്പാളിന് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതരാരും സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് പോലീസിന് പരാതി നല്‍കിയ രക്ഷിതാവ് പറഞ്ഞു. ഇതേത്തുടര്‍ന്ന് രക്ഷിതാക്കള്‍ സംഘടിച്ച് സ്‌കൂളിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളെ തടങ്കലില്‍ വെച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് വയസുകാരനായ വിദ്യാര്‍ത്ഥിയും തടങ്കലിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാക്കിയുള്ള ഫീസ് ഏപ്രിലോടെ അടയ്ക്കാമെന്ന് തന്റെ ഭാര്യ നേരിട്ടെത്തി പ്രിന്‍സിപ്പലിനോട് പറഞ്ഞതായും ഇക്കാര്യം പ്രിന്‍സിപ്പല്‍ അംഗീകരിച്ചാതായും ഒരു രക്ഷിതാവ് പറഞ്ഞു.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായെന്ന് ഹയാത് നഗര്‍ എസ് ഐ നരേന്ദര്‍ ഗൗഡ് പറഞ്ഞു. പോലീസ് ഇടപെടലിലൂടെ കുട്ടികളെ മോചിപ്പിക്കുകയും പരീക്ഷ എഴുതാന്‍ അനുവദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കാത്തതാണ് തടങ്കലില്‍ വയ്ക്കാന്‍ കാരണമായതെന്ന് മാനേജ്‌മെന്റ് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ബാലാവകാശ പ്രവര്‍ത്തകര്‍ സംഭവത്തെ അപലപിക്കുകയും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.