രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടരുന്നു

മീരാ കുമാറിന് 37.9 ശതമാനവും രാംനാഥ് കോവിന്ദിന് 62 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടരുന്നു

രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടരുന്നു. പാര്‍ലമെന്റിന്റെ 62ാം നമ്പര്‍ മുറിയിലും സംസ്ഥാന നിയമസഭകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനാണ് അവസാനിക്കുക.

എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായ മീരാ കുമാറും തമ്മിലാണ് മത്സരം. ലോക്‌സഭാ-രാജ്യസഭാ എംപിമാരും സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവർ. പാര്‍ലിമെന്റില്‍ ലോകസഭ, രാജ്യസഭ സെക്രട്ടിമാരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുന്നത്. നിയമസഭ സെക്രട്ടറിമാരാണ് സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാരുടെ ചുമതല വഹിക്കുന്നത്.

എന്‍ഡിഎ കക്ഷികളെക്കൂടാതെ ശിവസേന, അണ്ണാഡിഎംകെയുടെ ഇരു വിഭാഗങ്ങള്‍, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് രാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും രാംനാഥിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം എംപി വിരേന്ദ്രകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കാെപ്പമാണ്.

ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പ്രത്യേക പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. അല്ലാത്ത പക്ഷം വോട്ട് അസാധുവായി പ്രഖ്യാപിക്കും.

കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ആര്‍ജെഡി തുടങ്ങി 17 ഓളം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായാണ് മുന്‍ ലോക്സഭാ സ്പീക്കറായ മീരാകുമാര്‍ മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയും മീരാ കുമാറിനാണ്.

മീരാ കുമാറിന് 37.9 ശതമാനവും രാംനാഥ് കോവിന്ദിന് 62 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.