കശ്മീരി വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനത്തെ ആദരിച്ചില്ലെന്നാരോപിച്ച് എബിവിപി ജമ്മു സര്‍വകലാശാലയിലെ കായിക പരിപാടി തടസ്സപ്പെടുത്തി

കശ്മീരി വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കായിക മത്സരങ്ങള്‍ നടത്താനനുവദിക്കില്ലെന്നാണ് എ ബി വി പി ഭീഷണി മുഴക്കിയത്.

കശ്മീരി വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനത്തെ ആദരിച്ചില്ലെന്നാരോപിച്ച് എബിവിപി ജമ്മു സര്‍വകലാശാലയിലെ കായിക പരിപാടി തടസ്സപ്പെടുത്തി

കശ്മീരി വിദ്യാര്‍ത്ഥികള്‍ ദേശീയഗാനത്തെ ആദരിച്ചില്ലെന്നാരോപിച്ച് എ ബി വി പി ജമ്മു സര്‍വകലാശാലയില്‍ നടന്ന കായിക പരിപാടി തടസ്സപ്പെടുത്തി. നിദ്യാര്‍ത്ഥികള്‍ ദേശീയഗാനത്തോട് അനാദരവ് കാണിക്കുന്ന ചിത്രമെന്ന പേരില്‍ ഇതുമായി ബന്ധപ്പെട്ട് സംഘടന ഫോട്ടോ പ്രചരിപ്പിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നത്. എ ബി വി പി പ്രവര്‍ത്തകര്‍ കാമ്പസിനകത്ത് പ്രവേശിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. അതേസമയം എ ബി വി പിയുടെ നിര്‍ബന്ധപ്രകാരം ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ദേശീയഗാനം ആലപിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ''ഫുട്‌ബോള്‍ മത്സരത്തിനിടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് നല്‍കിയിരുന്നു.

എന്നാല്‍ ദേശീയഗാനത്തിന് ശേഷവും കായിക മത്സരങ്ങള്‍ തുടരാന്‍ എ ബി വി പി അനുവദിച്ചില്ല'' ഒരു കശ്മീരി വിദ്യാര്‍ത്ഥി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എ ബി വി പിയുടെ നടപടിയെ വിമര്‍ശിച്ച് സര്‍വകലാശാല രംഗത്തുവന്നു. സംഘടനയുടെ നടപടി തെറ്റായിപ്പോയെന്ന് ജമ്മു സര്‍വകലാശാല സ്‌പോര്‍ട്‌സ് ആന്റ് ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ അവ്താര്‍ സിങ്ങ് പറഞ്ഞു. കശ്മീരി വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കായിക മത്സരങ്ങള്‍ നടത്താനനുവദിക്കില്ലെന്നാണ് എ ബി വി പി ഭീഷണി മുഴക്കിയത്.