രവീന്ദ്ര ഗെയ്ക്ക്‌വാദ് വീണ്ടും ടിക്കറ്റ് ബുക്കു ചെയ്തു; എയര്‍ ഇന്ത്യ അതും റദ്ദാക്കി

കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യയുടെ പുനെ-ഡല്‍ഹി വിമാനത്തിലാണ് ഗെയ്ക്ക്‌വാദ് 60കാരനായ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചത്.

രവീന്ദ്ര ഗെയ്ക്ക്‌വാദ് വീണ്ടും ടിക്കറ്റ് ബുക്കു ചെയ്തു; എയര്‍ ഇന്ത്യ അതും റദ്ദാക്കി

എയര്‍ ഇന്ത്യ വിമാന ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലൂടെ വിവാദ നായകനായ ശിവസേന എം പി രവീന്ദ്ര ഗെയ്ക്ക്‌വാദിന് എയര്‍ ഇന്ത്യയുടെ വക അടുത്ത തിരിച്ചടി. ഗെയ്ക്ക്‌വാദ് ബുക്ക് ചെയ്ത മുംബൈ-ഡല്‍ഹി ടിക്കറ്റ് എയര്‍ ഇന്ത്യ ഇന്ന് റദ്ദാക്കി. കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യയുടെ പുനെ-ഡല്‍ഹി വിമാനത്തിലാണ് ഗെയ്ക്ക്‌വാദ് 60കാരനായ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചത്.

ഇതിന് ശേഷം ഇദ്ദേഹം ബുക്ക് ചെയ്ത ടിക്കറ്റ് എയര്‍ ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും റദ്ദാക്കിയിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പല വിമാനക്കമ്പനികളും ഗെയ്ക്ക്‌വാദിനെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി. ഇതിനെതിരെ ഇദ്ദേഹത്തിന്റെ മണ്ഡലമായ ഒസ്മനാബാദില്‍ ശിവസേന ഇന്നലെ ബന്ദ് നടത്തിയിരുന്നു. സംഭവം വിവാദമായിട്ടും വിമാന ജീവനക്കാരനോട് മാപ്പ് പറയാന്‍ തയ്യാറാകാതെ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് ഗെയ്ക്ക്‌വാദ് ചെയ്തത്.

എംപിയുടെ പ്രവൃത്തിയെ ന്യായീകരിച്ച് ഭാര്യയും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചതു കൊണ്ടാണ് വളരെ സാത്വികനായ തന്റെ ഭര്‍ത്താവ് വിമാന ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് അവര്‍ പറഞ്ഞു. ഗെയ്ക്ക്‌വാദിന്റെ നടപടിക്കെതിരെ എംപിമാരില്‍ പലരും രംഗത്തെത്തിയിരുന്നു. സംഭവം ലോക്‌സഭയില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ചയാക്കാമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.