എല്ലാ ആനുകൂല്യങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാകില്ല: സുപ്രീം കോടതി

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ നിരവധി ഹരജികളാണ് സുപ്രീം കോടതിയിലെത്തിയത്. ഹരജികള്‍ പരിഗണിക്കുന്നതിന് ഏഴംഗ ബെഞ്ചിനെ നിയോഗിക്കുമെന്നും സുപ്രീം കോടതി ഇന്ന് അറിയിച്ചു.

എല്ലാ ആനുകൂല്യങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാകില്ല: സുപ്രീം കോടതി

എല്ലാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ആധാര്‍ നിര്‍ബന്ധമാക്കുന്ന നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദ്ദേശം.

ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത പദ്ധതികള്‍ക്കായി ബയോമെട്രിക് ഐഡി ഉപയോഗിക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദശിച്ചു. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായനികുതി റിട്ടേണിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. ഈ വര്‍ഷം അവസാനത്തോടെ ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനും കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ തൊഴില്‍ പദ്ധതികള്‍ക്കുമുള്ള തുക ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് നല്‍കാനും കേന്ദ്രം തീരുമാനിച്ചിരുന്നു. ഇത് ആധാര്‍ കാര്‍ഡില്ലാത്തവരെ ആശങ്കയിലാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ നിരവധി ഹരജികളാണ് സുപ്രീം കോടതിയിലെത്തിയത്. ഹരജികള്‍ പരിഗണിക്കുന്നതിന് ഏഴംഗ ബെഞ്ചിനെ നിയോഗിക്കുമെന്നും സുപ്രീം കോടതി ഇന്ന് അറിയിച്ചു.