റാഗിങ്ങിന്റെ പിന്നിലെ മനശ്ശാസ്ത്രം

റാഗിംഗ് ഒരു മനോവൈകല്യമല്ല. റാഗിംഗ് നടത്തുന്ന ഒരാളെ വിഭ്രാന്തിയുള്ളവനായി കണക്കാക്കാന്‍ കഴിയുകയുമില്ല.

റാഗിങ്ങിന്റെ പിന്നിലെ മനശ്ശാസ്ത്രം

ദ്രോഹിച്ചും പീഡിപ്പിച്ചും പരിഹസിക്കുന്നതും അല്ലെങ്കില്‍ വിഡ്‌ഢിവേഷം കെട്ടിച്ചു ആഹ്ലാദം കണ്ടെത്തുന്നതിനെയെല്ലാം റാഗിംഗിന്റെ ഗണത്തില്‍ പെടുത്താം. ഒരു കലാലയത്തിലേക്ക് ആദ്യമായി കടന്നു ചെല്ലുന്നവരെ സീനിയേര്‍സ് റാഗിംഗ് നടത്തി സ്വീകരിക്കുന്നതാണ് ഇപ്പോഴത്തെ പൊതുവായ രീതി.അനൌദ്യോഗികമെന്നു റാഗിംഗിനെ വിശേഷിപ്പിക്കുമെങ്കിലും പലയിടത്തും ഇതങ്ങനെയല്ല. കുറ്റകരമായ ഒരു കൃത്യമാണ് റാഗിംഗ്.

ഒരു വര്‍ഷമെങ്കിലും കലാലയത്തില്‍ ചെലവഴിച്ചിട്ടുള്ള സീനിയേര്‍സിന് തങ്ങളുടെ ലോകത്തിലേക്ക് പുതുതായി കടന്നു വരുന്നവരോടുണ്ടാകാന്‍ ഇടയുള്ള അമര്‍ഷമാണ് റാഗിംഗ് എന്ന് വിശദീകരിക്കപ്പെടാറുണ്ട്‌. ക്യാമ്പസിലേക്കെത്തുന്ന പുതുമുഖ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും ലഭിക്കാനാണ് റാഗിംഗ് എന്നും പറയപ്പെടുന്നു.

ഇതിന്റെ പിന്നിലെ സൈക്കോളജി എന്താണെന്നും എന്തുക്കൊണ്ടാണ് റാഗിംഗ് പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ കഴിയാത്തത്തുമെന്ന ചര്‍ച്ചകള്‍ക്കും പഞ്ഞമില്ല. പക്ഷെ റാഗിംഗ് അന്നുമിന്നും തുടരുന്നു.ഒരു പുതിയ സ്ഥാപനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെയും ആത്മവിശ്വാസത്തിനും ധൈര്യത്തിനും അങ്ങനെയെങ്കില്‍ റാഗിംഗ് നടത്തേണ്ടതല്ലേ എന്ന ചോദ്യം ഉയരാം. അങ്ങനെ പരസ്പരം ജോലിയിടത്തും താമസിക്കുന്നയിടത്തും റാഗിംഗ് നടന്നാലുള്ള അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നത്‌ കൂടിയല്ല.

പിന്നെങ്ങനെയാണ് നമ്മുടെ കലാലയങ്ങളില്‍ റാഗിംഗ് എന്ന ക്രൂരവിനോദം സ്ഥാപിക്കപ്പെട്ടത്? കലാലയങ്ങളിലെ തുടക്കക്കാരിലാണ് റാഗിംഗ് നടത്തുന്നത് എങ്കില്‍ കലാലയം വിട്ടുപോകുന്ന സീനിയേര്‍സിന് ഫെയര്‍വെല്‍ എന്ന പേരില്‍ മറുറാഗിംഗ് നടത്തുന്ന ക്യാമ്പസുകളും ഉണ്ട്. ചിലയിടങ്ങളില്‍ ഇത് പരസ്പരം ഏറ്റുമുട്ടുന്നതില്‍ വരെ കലാശിക്കുന്നുണ്ട്.

Higher education in transition എന്ന പുസ്തകത്തില്‍ ജോണ്‍ സെയ്ലര്‍ 'ഫാഗിംഗ്' എന്നൊരു പദം ഉപയോഗിക്കുന്നുണ്ട്. വിദ്യഭ്യാസം തേടിയെത്തുന്ന താഴ്ന്ന പശ്ചാത്തലമുള്ള കുട്ടികളെ വേലക്കാരെ പോലെ കാണുന്ന ഉന്നതകുല വിദ്യാര്‍ഥികളുടെ ഒരു വിനോദമായിരുന്നത്രേ ഈ ഫാഗിംഗ്. 1770 കളിലാണ് ഇത് കണ്ടുവന്നിരുന്നത്. പില്‍ക്കാലത്ത് ഇത് പിന്‍വലിച്ചു. നിരുപദ്രവകരമായി തുടങ്ങിയ ഫാഗിംഗ് പിന്നീടു അപമാനിക്കാനുള്ള വേദികളായി മാറിയപ്പോഴായിരുന്നു നിരോധിക്കപ്പെട്ടത്.

'ഹാസിംഗ്' എന്ന മറ്റൊരു പദം കൂടിയുണ്ട്. ഒരു ഗൂഡസംഘത്തിലേക്കോ, മിലിട്ടറിക്ക് സമാനമായ ഏതെങ്കിലും ഗ്രൂപ്പുകളിലേക്കോ പ്രവേശനം നേടാന്‍ ഹാസിംഗ് അതിജീവിക്കേണ്ടിയിരുന്നു. ശാരീരികവും മാനസികവുമായ ക്രൂരപീഡനങ്ങളായിരുന്നു അവര്‍ക്ക് അതിജീവിക്കേണ്ടിയിരുന്നത്. നഗ്നരാകുന്നതോ, ലൈംഗീകചായ്വുള്ള പ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കുന്നതോ ഹാസിംഗില്‍ അപൂര്‍വ്വമായിരുന്നില്ല.

റാഗിംഗിനെ പിന്തുണയ്ക്കുന്നവരുടെ വാദം ഇതൊരു നിര്‍ദോഷ തമാശയാണെന്നാണ്. റാഗിംഗ് ചിലപ്പോഴൊക്കെ ഹാസിംഗിന്റെ സ്വഭാവം പ്രാപിക്കുന്നതാണ് സമീപകാലത്ത് കണ്ടുവരുന്നത്. റാഗിംഗ് ഒരു മനോവൈകല്യമല്ല. റാഗിംഗ് നടത്തുന്ന ഒരാളെ വിഭ്രാന്തിയുള്ളവനായി കണക്കാക്കാന്‍ കഴിയുകയുമില്ല. ഇത് സ്വഭാവത്തിന്റെ അല്ലെങ്കില്‍ പെരുമാറ്റത്തിന്റെ ന്യൂനതയാണ് എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം.

Read More >>