എന്താണ് പ്രമേഹം? എങ്ങനെ നിയന്ത്രിക്കാം?

ജീവിതശൈലി രോഗമായ പ്രമേഹം മൂലം ഓരോ എട്ടു സെക്കൻഡിലും ഒരാളെങ്കിലും മരണമടയുന്നതായി ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്ത് 422 ദശലക്ഷത്തിനു മുകളിൽ ആളുകളും ഇന്ത്യയിൽ 70 ദശലക്ഷത്തിലധികം ആളുകളും പ്രമേഹരോഗബാധിതരാണ്.

എന്താണ് പ്രമേഹം? എങ്ങനെ നിയന്ത്രിക്കാം?

ഇന്ന് ലോക പ്രമേഹ ദിനം. ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ്. പുത്തൻ ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ പ്രമേഹത്തെ ലോകത്തിനു പരിചയപെടുത്തുന്നതിനായാണ് നവംബർ 14 പ്രമേഹ ദിനമായി ലോകം ആചരിച്ചു വരുന്നത്. ജീവിതശൈലി രോഗമായ പ്രമേഹം കാരണം ഓരോ എട്ടു സെക്കൻഡിലും ഒരാളെങ്കിലും മരണമടയുന്നതായി ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്ത് 422 ദശലക്ഷത്തിനു മുകളിൽ ആളുകളും ഇന്ത്യയിൽ 70 ദശലക്ഷത്തിലധികം ആളുകളും പ്രമേഹരോഗബാധിതരാണ്.

എന്താണ് പ്രമേഹം?

ഇന്‍സുലിന്റെ കുറവ് മൂലമോ ഇൻസുലിനോടുള്ള പ്രതികരണത്തിലുള്ള കുറവോ മൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതാണ് പ്രമേഹം. നാം കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ് ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകോശങ്ങളില് എത്തിക്കുന്നതിന് ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിന്റെയോ ഇൻസുലിന്റെ പ്രവർത്തനത്തിന്റെ കുറവ് മൂലം ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും ഈ രോഗാവസ്ഥയാണ് പ്രമേഹം.

വിവിധതരം പ്രമേഹങ്ങൾ

1. ടൈപ്പ് 1 പ്രമേഹം

ശരീരത്തില്‍ ഇന്‍സുലിന്‍ ഉദ്പാദനം തീരെ ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഏത് പ്രായക്കാരിലും ഇത് ഉണ്ടാകാം എന്നിരിക്കിലും സാധാരണയായി ശൈശവം മുതലും കൗമാര പ്രായം മുതലും പ്രമേഹം തുടങ്ങുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇന്നും ശാസ്ത്രത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പൂര്‍ണ്ണമായും ഇന്‍സുലിന്‍ അധിഷ്ഠിത പ്രമേഹം ആയതിനാല്‍ ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് പുറത്ത് നിന്ന് ഇന്‍സുലിന്‍ നല്‍കുക മാത്രമാണ് പ്രതിവിധി. ഇന്‍സുലിന്‍ നല്‍കാത്തപക്ഷം മരണം സംഭവിക്കുന്നു.

2. ടൈപ്പ് 2 പ്രമേഹം

പ്രമേഹത്തിന്റെ 90 ശതമാനവും ടൈപ്പ് 2 പ്രമേഹമാണ്. സാധാരണയായി മുതിര്‍ന്നവരിലാണ് ഈ പ്രമേഹം ആരംഭിക്കുന്നത്. ശരീരത്തില്‍ ഇന്‍സുലിന്റെ അവസ്ഥ ക്രമാനുഗതമായി കുറയുകയോ ഇന്‍സുലിനോടുള്ള കോശങ്ങളുടെ പ്രതികരണം കുറയുകയോ ചെയ്യുന്നതുകണ്ട് ഉണ്ടാകുന്ന അവസ്ഥയാണിത്. ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണിത്.

മറ്റ് പ്രമേഹങ്ങൾ

ഗർഭകാല പ്രമേഹം-ഗർഭാവസ്ഥയിൽ സ്‌ത്രീകൾക്ക് പിടിപെടുന്ന പ്രമേഹമാണ് ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ് (ജിഡിഎം) ഗർഭിണിയാകുന്നതോടെ മിക്കവാറും സ്‌ത്രീകൾക്കും ഇൻസുലിൻ പ്രതിരോധം കൂടുന്നു. 2 മുതൽ 4 ശതമാനം വരെ ഗർഭിണികളിൽ താൽക്കാലിക പ്രമേഹാവസ്ഥയായി ഇത് കാണപ്പെടുന്നു. എന്നാൽ ഗർഭാവസ്ഥാപ്രമേഹം ബാധിക്കുന്ന സ്‌ത്രീകൾക്ക് പിൽക്കാലത്ത് മേൽപ്പറഞ്ഞ തരം 2 പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നായ ഗര്‍ഭകാല പ്രമേഹം ബ്ളഡ്ഷുഗര്‍ തുടര്‍ച്ചയായി ഉയര്‍ന്നുതന്നെ നില്‍ക്കുന്ന ഗര്‍ഭിണികളില്‍ കൂടുതലായും കാണപ്പെടുന്നു. നേരത്തെ പ്രസവം നടക്കുക, നേരത്തെ രക്തസ്രാവം ഉണ്ടാവുക, കുഞ്ഞിന്റെ തൂക്കം കൂടുകയോ കുറയുകയോ ചെയ്യുക, പ്രസവശേഷം ആദ്യമണിക്കൂറുകളില്‍ കുഞ്ഞിന്റെ ബ്ളഡ്ഷുഗര്‍ കുറയുക തുടങ്ങിയ പ്രശ്‌നങ്ങൾ ഗര്‍ഭകാലപ്രമേഹം നിയന്ത്രിക്കാത്തവരില്‍ കാണാറുണ്ട്. ജീവിതശൈലിക്രമീകരണം, ഔഷധോപയോഗം എന്നിവയിലൂടെ ഗര്‍ഭകാല പ്രമേഹം നിയന്ത്രിക്കാനാകും.

സെക്കൻഡറി പ്രമേഹം-ആഗ്നേയഗ്രന്ഥിയുടെ വീക്കം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ( ഉദാ: ഡ്യെയുറെറ്റിക്സ്, സ്റ്റിറോയ്ഡുകൾ) മൂലം ഉണ്ടാകുന്ന പ്രമേഹമാണ് സെക്കൻഡറി പ്രമേഹം.

ഇമ്പയേർഡ് ഗ്ലുക്കോസ്സ് ടോളറൻസ് (ഐജിഡി) -തുടക്കത്തിൽ രക്തത്തിലെ പഞ്ചസാരയുടെ സാധാരണ അളവിൽ നിന്നും കൂടിയതായി കാണിക്കുകയും എന്നാൽ പ്രമേഹത്തിലേക്കെത്താതെ നിൽക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഐജിഡി. ഇത്തരക്കാർക്ക് ക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാൽ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ സാധിക്കും. വയറിലും അരക്കെട്ടിലും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കും. പാൻക്രിയാസിലും കരളിലും ഉള്ള അമിതകൊഴുപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്ന സംവിധാനത്തെ തകരാറിലാക്കുന്നതായി കാണുന്നു. ഏകദേശം 32 കോടിയോളം ആളുകൾക്ക് പ്രീഡയബെറ്റിസുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രമേഹം പിടിപെടുന്നതിനുള്ള പ്രധാന കാരണങ്ങൾ

പ്രമേഹം രോഗം പിടിപെടുന്നതിനു ഒന്നിലധികം കാരണങ്ങളുണ്ട്. പാരമ്പര്യഘടകങ്ങൾ, സ്വയം-പ്രതിരോധജന്യം,പൊണ്ണത്തടി,രക്തക്കുഴലുകളുടെ പ്രശ്‌നങ്ങൾ,മാനസിക പിരിമുറുക്കം, ക്ഷീണങ്ങൾ, വൈറസ് ബാധ എന്നിവയാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണങ്ങൾ. കുടുംബാംഗങ്ങളിൽ ആരെങ്കിലും പ്രമേഹ രോഗികളാണെങ്കിൽ പാരമ്പര്യമായി പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളുടെ നാശം പ്രമേഹത്തിൽ കലാശിക്കും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രമൊഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് പ്രമേഹത്തിൽ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ.

പ്രമേഹത്തിന്റെ അനുബന്ധ സങ്കീർണതകൾ:

പ്രമേഹവും സങ്കീർണതകളും നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം മറ്റു പല ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. എന്നാൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതിലൂടെ ഇവ വൈകിപ്പിക്കുകയോ നിയന്ത്രിച്ചു നിർത്തുകയോ ചെയ്യുവാൻ സാധിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചില്ലെങ്കിൽ ഗ്ലോക്കോമ,കാട്ടറക്റ്റ്,റെറ്റിനോപ്പതി തുടങ്ങിയ നേത്ര രോഗങ്ങൾക്ക് കാരണമാകും.

പഞ്ചസാരയുടെ അളവ് ഉയർന്നിരിക്കുന്നത് നാഡി കോശങ്ങൾക്ക് ക്ഷതം സംഭവിക്കുവാനും തന്മൂലം സ്പർശനം അറിയാതിരിക്കുവാനും കാരണമാകും. ഇതുമൂലം മുറിവുകൾ അറിയാതിരിക്കുകയും പിന്നീട് വിരലോ കാലോ മുറിച്ച് മാറ്റേണ്ട അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പഞ്ചസാരയുടെ അളവ് കൂടിയ രക്തം തുടർച്ചയായി അരിക്കുന്നതിലൂടെ വൃക്കയ്ക്ക് തകരാറു സംഭവിക്കാൻ കാരണമാകുന്നു. പ്രമേഹം രക്ത ധമനികൾക്ക് ക്ഷതം ഉണ്ടാക്കുകയും തന്മൂലം ഉയർന്ന രക്ത സമ്മർദ്ദത്തിന് കാരണമാകുകയും ചെയ്യും. ഇത് ഹൃദ്രോഗത്തിനും വൃക്ക രോഗത്തിനും കാരണമാക്കുന്നു. ഇതുകൂടാതെ പ്രമേഹം നിയന്ത്രണത്തിലല്ലാത്തത് ഡയബെറ്റിക് കീറ്റോഅസിഡോസിസ്, സ്‌ട്രോക്ക് തുടങ്ങിയ സങ്കീർണതകൾക്ക് കാരണമാകുന്നു.

പ്രമേഹ രോഗികളിലെ ആഹാരക്രമീകരണം

ആഹാരക്രമീകരണമാണ് പ്രമേഹനിയന്ത്രണത്തിലെ പ്രധാന ഘടകം. ഭക്ഷണക്രമീകരണം എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം ചിട്ടപ്പെടുതി കഴിക്കുക എന്നതാണ്. പ്രായം, ശരീരഭാരം, അധ്വാനഭാരം, ജോലി ഇവ പരിഗണിച്ചാണ് ഓരോ പ്രമേഹരോഗിക്കും ആവശ്യമുള്ള ഭക്ഷണം നിശ്ചയിക്കുന്നത്. ഭക്ഷണം കഴിച്ചില്ലെങ്കില്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് താഴ്ന്നുവരുന്ന അവസ്ഥ പ്രമേഹരോഗിക്കുണ്ടാകാം. അതിനാൽ ഭക്ഷണം കഴിക്കാതിരിക്കുക എന്നത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗമല്ല.

പ്രമേഹരോഗി മൂന്നുനേരമെന്ന ഭക്ഷണരീതി മാറ്റി അത്രയും അളവ് ഭക്ഷണം ആറു നേരമായി കഴിക്കുന്നത് കൂടുതല്‍ ഗുണകരമാണ്. പ്രഭാതഭക്ഷണം അടക്കം എല്ലാ ഭക്ഷണവും പ്രമേഹ രോഗി കൃത്യസമയത്ത് കഴിക്കണം. ചോറിലും ചപ്പാത്തിയിലുമുള്ള അന്നജത്തന്റെ അളവ് തുല്യമായതിനാൽ നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക. ഗ്ളൈസിമിക് ഇന്‍ഡക്സ് കൂടിയ വെള്ള അരിയെക്കാൾ ഫൈബർ കൂടുതലുള്ള ചുവന്ന അറിയാന് പ്രമേഹരോഗിക്ക് കൂടുതൽ നല്ലത്. ഭക്ഷണത്തോടൊപ്പം ധാരാളം പച്ചക്കറി ഉൾപ്പെടുത്തുന്നത് രക്തത്തിലേക്ക് ഗ്ളൂക്കോസ് ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗത കുറക്കാൻ സഹായിക്കും.

സംസ്‌കരിച്ചെടുത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിനു പകരം അരി, ഗോതമ്പ് എന്നിവകൊണ്ടുള്ള ആഹാരം, ധാന്യങ്ങൾ കൊണ്ടുള്ള ബ്രഡ്‌ എന്നിവ മിതമായ അളവിൽ കഴിക്കുക. നാരുകളും പോഷകങ്ങളും ധാരാളമായി അടങ്ങിയ തിന, റാഗി, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളും ഞാവല്‍, ആപ്പിള്‍, ഓറഞ്ച്, മുസമ്പി, പേരയ്ക്ക, നെല്ലിക്ക, പഴുക്കുന്നതിനുമുമ്പുള്ള പപ്പായ എന്നി പഴവർഗങ്ങളും മിതമായി പ്രമേഹരോഗിക്ക് കഴിക്കാം.

പഴങ്ങള്‍ ഒരിക്കലും പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കരുത്. ഇടഭക്ഷണമായി കഴിക്കാം. ചെറുപഴം, റോബസ്റ്റ ഇവ നിയന്ത്രിത അളവില്‍ മറ്റ് പഴങ്ങള്‍ ഒഴിവാക്കി ഒരെണ്ണം കഴിക്കാം. ഭക്ഷ്യനാരുകളുടെ കലവറയായ പയര്‍വര്‍ഗങ്ങളായ ഉഴുന്ന്, മുതിര, കടല, തുവര, ചെറുപയര്‍, വന്‍പയര്‍, രാജ്മ തുടങ്ങിയവയിൽനിന്നും പ്രമേഹരോഗിക്ക് ആവശ്യമായ മാംസ്യം ലഭിക്കും. ജീവകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറികളും. വാഴക്കൂമ്പ്, പിണ്ടി, കോവയ്ക്ക, വെള്ളരിക്ക, പാവയ്ക്ക, മത്തന്‍, പയറ്, തക്കാളി, മുരിങ്ങക്ക, പടവലങ്ങ എന്നെ പച്ചക്കറികളും ഭക്ഷണത്തില്‍പെടുത്താവുന്നതാണ്.

മുരിങ്ങയില, ചീരയില, ഉലുവാച്ചീര, സാമ്പാര്‍ചീര, പൊന്നാരിവീരന്‍ ചീര തുടങ്ങി ഇലകളും പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമാണ്. ചക്കയ്ക്ക് ടൈപ്പ് 2 പ്രമേഹം കുറയ്ക്കാനും കൊളസ്ട്രോള്‍ അടക്കമുള്ള ചില രോഗങ്ങള്‍ കുറയ്ക്കാനുമുള്ള കഴിവുണ്ട്. നെല്ലിക്ക, ഉലുവ, പാവയ്ക്ക, കറുവപ്പട്ട എന്നിവയും പ്രമേഹം നിയന്ത്രിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. കിഴങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്, കാച്ചില്‍,കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് പ്രമേഹരോഗികള്‍ കരുതലോടെ കഴിക്കേണ്ട വിഭവമാണ്.

ചോറ്, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം ഇവ കഴിക്കുമ്പോള്‍ പെട്ടെന്നുതന്നെ ഷുഗര്‍ നില ഉയരാം. എന്നാല്‍ ചേമ്പും കാച്ചിലുമൊക്കെ ചേര്‍ത്ത പുഴുക്ക് മാത്രമായി ഒരുനേരത്തെ പ്രധാന ഭക്ഷണം ഒഴിവാക്കി വല്ലപ്പോഴും പ്രമേഹരോഗിക്ക് കഴിക്കാം. തൊലിനീക്കി കറിയാക്കിയ കോഴിയിറച്ചി, മത്തി, അയല, നെത്തോലി, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ എന്നിവ കറിയാക്കി കഴിക്കുന്നത് പ്രമേഹരോഗിക്ക് അനുയോജ്യമാണ്. എണ്ണ പരമാവധി കുറഞ്ഞ വിഭവങ്ങളാണ് പ്രമേഹരോഗിക്ക് അനുയോജ്യം.

അധികം പഞ്ചസാരയിട്ട ജ്യൂസ്‌, സോഡ പോലെ കാർബൺ ഡൈ ഓക്‌സൈഡുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. പകരം വെള്ളം, ചായ, കാപ്പി തുടങ്ങിയവ കുടിക്കുക. പാടമാറ്റിയ പാൽ , മോര്, നാരങ്ങവെള്ളം നേരിത തോതില്‍ മാത്രം ഉപ്പുചേര്‍ത്തത്, ജീരകവെള്ളം, മല്ലിവെള്ളം, ഉലുവവെള്ളം ഇവ പ്രമേഹരോഗിക്ക, ഉപയോഗിക്കാം. എന്നാല്‍ കോള, നിറംചേര്‍ത്ത മറ്റ് പാനീയങ്ങള്‍, കരിമ്പിന്‍ നീര്, തൈര് ഇവ ഒഴിവാക്കണം. ശര്‍ക്കര, പഞ്ചസാര, പുളിച്ച ഭക്ഷണങ്ങള്‍, മദ്യം, പുതിയ ധാന്യങ്ങള്‍, മധുരവിഭവങ്ങള്‍, എണ്ണയും നെയ്യും ചേര്‍ത്ത വിഭവങ്ങള്‍ പ്രമേഹരോഗി ഒഴിവാക്കണം.

ശരീരത്തിന്റെ വിവിധ അവയവങ്ങളെ സാരമായി ബാധിക്കുന്ന പ്രമേഹം നിശബ്ദമായാണ് വന്നെത്തുക. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യതിയാനമാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്. പ്രമേഹത്തെ വിജയകരമായി നിയന്ത്രിച്ചുനിര്‍ത്തുന്ന രോഗികളുടെ എണ്ണം കുറവാണ്. എന്നാൽ കൃത്യമായ ഔഷധോപയോഗം, ശരിയായ ജീവിത ശൈലി,ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.


Read More >>