രോഗമകറ്റാം അഞ്ച് രൂപയ്ക്ക്; മീനിലെ 'വിഷം' തിരിച്ചറിയാനുള്ള സ്ട്രിപ്പ് ഉടൻ വിപണിയിൽ

ഫോർമാലിനും അമോണിയയും ഉള്ളിൽ ചെന്നുണ്ടാകുന്ന രോഗങ്ങൾക്ക് ചിലവാക്കുന്നതിൻ്റെ പണത്തേക്കാൾ എത്രയോ തുച്ഛമാണ് അവ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സ്ട്രിപ്പിൻ്റെ വില. സ്ട്രിപ്പ് ഉപയോഗിക്കേണ്ട വിധം

രോഗമകറ്റാം അഞ്ച് രൂപയ്ക്ക്; മീനിലെ വിഷം തിരിച്ചറിയാനുള്ള സ്ട്രിപ്പ് ഉടൻ വിപണിയിൽ

ഫോർമാലിൻ കലർന്ന മീനാണ് വിപണിയിൽ എത്തുന്നത് എന്ന റിപ്പോർട്ടുകൾ വന്നതോട് കൂടെ മീൻ വാങ്ങാൻ എല്ലാവർക്കും പേടിയാണ്. റിപ്പോർട്ടുകൾക്ക് പുറമെ ഫോർമാലിൻ കലർത്തിയ മീൻ പിടിച്ചെടുക്കുന്നതിൻ്റെ വാർത്തകൾ നിരന്തരം വരാൻ തുടങ്ങിയപ്പോൾ ഭീതി ഇരട്ടിയായി. വിഷം കലർന്ന മീനേത്, കലരാത്തതേത് എന്ന് തിരിച്ചറിയാനും വയ്യ. ഒരു നേരം പോലും മീനില്ലാതെ ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്ക് ഇത് വലിയ സങ്കടം തന്നെ. എന്നാൽ ഇവർക്കായി ഒരു സന്തോഷവാർത്ത. മീനിലെ മായമറിയാൻ ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് സെൻഡ്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി. അടുത്ത ആഴ്ച്ച ഇവ വിപണിയിൽ എത്തും.

അമോണിയ ഫോർമാലിൻ എന്നിവയാണ് മീൻ കേടുകൂടാതിരിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന രാസവസ്തുക്കൾ. അമോണിയ ചേർത്ത ഐസ് അലിഞ്ഞ് പോകാതിരിക്കുകയും ഇത് മൂലം മീൻ കേടാവാതിരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ അമോണിയ ഐസിൽ നിന്ന് മീനിലേക്കും, അത് കഴിക്കുന്നത് വഴി ശരീരത്തിലേക്കും കടക്കുന്നു. ഫോർമാലിനും അങ്ങനെത്തന്നെ. ഇവ മാരക രോഗങ്ങൾക്ക് കാരണമാകുന്നു. ഇത് കണ്ടെത്തുന്നത് വഴി ഇത്തരം മീനുകൾ കഴിക്കുന്നത് ഒഴിവാക്കാം. ഇതിനായി പേപ്പർ സ്ട്രിപ്പുകളാണ് ഫിഷറീസ് വകുപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇവയ്ക്ക് വലിയ വില ഇല്ല എന്നതാണ് മറ്റൊരു ഗുണം. വലിയ വിലയ്ക്ക് മീൻ വാങ്ങുമ്പോൾ കേവലം അഞ്ച് രൂപ മുടക്കിയാൽ അമോണിയയുടേയും ഫോർമാലിൻ്റേയും സാന്നിധ്യം തിരിച്ചറിയാം. അതായത് ഫോർമാലിനും അമോണിയയും ഉള്ളിൽ ചെന്നുണ്ടാകുന്ന രോഗങ്ങൾക്ക് ചിലവാക്കുന്നതിൻ്റെ പണത്തേക്കാൾ എത്രയോ തുച്ഛമാണ് അവ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സ്ട്രിപ്പിൻ്റെ വില.

സ്ട്രിപ്പ് ഉപയോഗിക്കേണ്ട വിധം:

അമോണിയ തിരിച്ചറിയാൻ

കിറ്റിലുള്ള സ്ട്രിപ്പ് മീനിൻ്റെ പുറത്ത് പലഭാഗത്തായി ഉരസുക. ഈ സ്ട്രിപ്പിലേക്ക് കിറ്റിലെ ലായിനിയിൽ നിന്ന് ഒരു തുള്ളി ഒഴിക്കുക. സട്രിപ്പിന് നിറ വ്യത്യാസം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. നിറവ്യത്യാസം ഇല്ലെങ്കിലോ പച്ച നിറമായി മാറുകയാണെങ്കിലോ മീനിൽ അമോണിയ ഇല്ലെന്ന് ഉറപ്പിക്കാം. എന്നാൽ സ്ട്രിപ്പിൻ്റെ നിറം നീലയായി മാറിയാൽ അതിൽ അമോണിയയുടെ സാന്നിദ്ധ്യം ഉണ്ടാകും. നീല നിറം കടുക്കും തോറും അമോണിയയുടെ അളവും കൂടുതലാണെന്ന് മനസ്സിലാക്കാം.

ഫോർമാലിൻ തിരിച്ചറിയാൻ

കിറ്റിൽ 'എ' , 'ബി' എന്നിങ്ങനെ രണ്ടു കുപ്പികളിലായി രണ്ട് ലായിനികൾ ഉണ്ടാകും. ഇവ തമ്മിൽ യോജിപ്പിച്ച് നന്നായി കുലുക്കുക. അമോണിയ ടെസ്റ്റ്ന് ഉപയോഗിച്ചത് പോലെ സ്ടിപ്പ് മീനിൻ്റെ മുകളിൽ ഉരസുകയും അതിലേക്ക് ഈ മിശ്രിതം ഒരു തുള്ളി ഒഴിക്കുകയും ചെയ്യുക. നിറ വ്യത്യാസം ശ്രദ്ധിക്കുക. നീല നിറമായാൽ ഫോർമാലിൻ്റെ സാന്നിദ്ധ്യം ഉറപ്പിക്കാം. എന്നാൽ നിറം മാറാതിരിക്കുകയോ പച്ച നിറമാവുകയോ ചെയ്താൽ അതിൽ മായം ഇല്ല എന്ന് മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.


Read More >>