ഫോണ്‍ ഡേറ്റാ ഉപയോഗം പരിശോധിച്ചു വിഷാദരോഗം അളക്കാം

ജോലി-വീട് എന്നിങ്ങനെ മാത്രം ജീവിക്കുന്നവരിലാണ് കൂടുതല്‍ നിരാശ പ്രകടമാകുന്നത്. 28 പേരെ രണ്ടാഴ്ചയോളം നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്.

ഫോണ്‍ ഡേറ്റാ ഉപയോഗം പരിശോധിച്ചു വിഷാദരോഗം അളക്കാം

ആധുനിക മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണ് എന്ന് ചോദിച്ചാല്‍ അതൊരു മൊബൈല്‍ ഫോണാണ് എന്ന് നിസംശയം പറയാം. ഇനിയും നിങ്ങളുടെ നിരാശയുടെ തോത് മനസിലാക്കാന്‍ ഫോണിനു കഴിയുമെന്നു വന്നാലോ?

നോര്‍ത്ത് വെസ്റ്റ് മെഡിസിനാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിരിക്കുന്നത്. സാധാരണയായി ഒരാള്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നതിലും നാലിരട്ടി അധികമായി അയാള്‍ കൊടിയ നിരാശ അനുഭവപ്പെടുമ്പോള്‍ ഫോണ്‍ പരിശോധിക്കുമത്രേ!

ലളിതമായി വിശദീകരിച്ചാല്‍, 17 മിനിറ്റ് വെറുതെ സ്മാര്‍ട്ട്‌ ഫോണില്‍ ബ്രൌസ് ചെയ്യുന്ന ഒരാള്‍ വിഷാദരോഗത്തിന് അടിമപ്പെടുമ്പോള്‍ 68 മിനിറ്റെങ്കിലും ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ പരതുമെന്നാണ് ഇവര്‍ പറയുന്നത്. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോഴും ഫേസ്‌ബുക്കില്‍ വെറുതെ സമയം കളയുമ്പോഴും തങ്ങളെ അലട്ടുന്ന നിരാശ അല്പസമയത്തേക്ക് എങ്കിലും മറക്കാന്‍ ഇവര്‍ക്ക് കഴിയുന്നതാണ് കാരണം. പ്രൊഫ. സ്റ്റീഫന്‍ സ്കള്ളര്‍ പറയുന്നു.

ജോലി-വീട് എന്നിങ്ങനെ ജീവിക്കുന്നവരിലാണ് കൂടുതല്‍ നിരാശ പ്രകടമാകുന്നത്. 28 പേരെ രണ്ടാഴ്ചയോളം നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. അവര്‍ എത്ര നേരം ഇന്റര്‍നെറ്റില്‍ സമയം ചെലവിടുന്നു എന്നും ജി.പി.എസ് ഉപയോഗിച്ചു അവര്‍ എവിടെയെല്ലാം നെറ്റ് ഓണാക്കി യാത്ര ചെയ്യുന്നു എന്നും നിരീക്ഷിച്ചിരുന്നു. മാനസികനില അറിയാനുള്ള പരീക്ഷകളും കൌണ്‍സലിംഗും നടത്തി. ഒടുവിലാണ് ഫോണ്‍ ഡേറ്റാ ഉപയോഗം പരിശോധിച്ചു വിഷാദരോഗം അളക്കാം എന്ന നിഗമനത്തില്‍ ഇവര്‍ എത്തുന്നത്.

ലോകത്തില്‍ നിന്നും ഓടിയൊളിക്കാന്‍ പ്രവണതയുണ്ടാകുമ്പോള്‍ സ്മാര്‍ട്ട്‌ ഫോണിലേക്ക് മുഖം താഴ്ത്താനാണ് ഇവര്‍ ഇഷ്ടപ്പെട്ടത്.ഇതൊരു ടെക്നോളജിയായി വികസിപ്പിക്കുന്ന പക്ഷം ഭാവിയില്‍ മനുഷ്യന്റെ മാനസികാരോഗ്യത്തിനും ഒരു പക്ഷെ ഈ പഠനങ്ങള്‍ സഹയിക്കും എന്നിവര്‍ കരുതുന്നു. മാത്രമല്ല, വിഷാദരോഗത്തിന്റെ ചികിത്സ എത്ര ഫലപ്രദമാകുന്നുണ്ട് എന്നും തിരിച്ചറിയാന്‍ കഴിയും.

Read More >>