കേരളാ മോഡല്‍ ആരോഗ്യരംഗം എന്തു സന്ദേശമാണ് നല്‍കുന്നത്?

യു.പിയില്‍ ശ്വാസം കിട്ടാതെ കൊല്ലപ്പെട്ട ശിശുക്കളെ കുറിച്ചു ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്, അതുപോലെ തന്നെ പ്രധാനമാണ് കേരളത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടാകുന്ന വീഴ്ചകളെ കുറിച്ചുള്ള ചര്‍ച്ചകളുമെന്നു ഞാന്‍ കരുതുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളം വിവിധതരം പനികളുടെ പ്രഭാകേന്ദ്രമാണ്. എന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ഇതിന്റെ ദുരിതം ഇപ്പോള്‍ അനുഭവിച്ചു കഴിഞ്ഞു.

കേരളാ മോഡല്‍ ആരോഗ്യരംഗം എന്തു സന്ദേശമാണ് നല്‍കുന്നത്?

ജെ.എസ്.അടൂര്‍

'കേരള മോഡല്‍' എന്നു ഇതരയിടങ്ങളില്‍ കൊട്ടിയാഘോഷിക്കപ്പെടുന്ന സംസ്ഥാനത്തിന്റെ ആരോഗ്യരംഗം തീര്‍ത്തും പരിതാപകരമാണ് എന്ന് പറയാതെ വയ്യ. അല്ലെങ്കില്‍ അങ്ങനെയൊരു വിശേഷണം ഗതകാലസ്മരണകളുടെ വിശേഷണമായി മാത്രം ഉപയോഗിക്കുന്നതാകും നല്ലത്. കേരളത്തിന്റെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കൂണുകള്‍ പോലെ സ്വകാര്യാശുപത്രികളും മെഡിക്കല്‍ കോളേജുകളും മുളച്ചു പൊങ്ങുന്നതില്‍ മാത്രമാണ് ഇവിടുത്തെ ആരോഗ്യരംഗം വളരുന്നത്‌ എന്ന് പറയാം.

യു.പിയില്‍ ശ്വാസം കിട്ടാതെ കൊല്ലപ്പെട്ട ശിശുക്കളെ കുറിച്ചു ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്, അതുപോലെ തന്നെ പ്രധാനമാണ് കേരളത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടാകുന്ന വീഴ്ചകളെ കുറിച്ചുള്ള ചര്‍ച്ചകളുമെന്നു ഞാന്‍ കരുതുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളം വിവിധതരം പനികളുടെ പ്രഭാകേന്ദ്രമാണ്. എന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ഇതിന്റെ ദുരിതം ഇപ്പോള്‍ അനുഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍ വന്ന എനിക്കും വൈറല്‍ പനി പിടിപെടുകയും ഒടുവില്‍ അതെന്നെ ബാങ്കോക്കിലെ സെന്റ്‌ ലൂയിസ് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. ഒരു പനിക്കാലം 7 കിലോയാണ് എന്റെ ശരീരഭാരത്തില്‍ നിന്നും കുറച്ചത്. ഏപ്രില്‍ 26 നാണ് ഞാന്‍ പനി ബാധിതനാകുന്നത്‌. തിരിച്ചു ബാങ്കോക്കില്‍ എത്തിയ ഉടന്‍ തന്നെ ഞാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇപ്പോള്‍ തിരിച്ചു വീണ്ടും നാട്ടില്‍ എത്തുമ്പോഴും പനി പിടിപെടാനുള്ള സാധ്യതകള്‍ എന്നെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. എന്‍റെ അമ്മയും പനിബാധിതയായി അഞ്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്നു. ഞങ്ങളുടെ ഒരു പെണ്‍ക്കുട്ടി ഡെങ്കി ബാധിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ മരണത്തിനു കീഴടങ്ങി. എനിക്ക് പരിചയക്കാരും ബന്ധുക്കളുമായവരില്‍ ഭൂരിപക്ഷവും കഴിഞ്ഞ രണ്ടു മാസക്കാലത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രോഗബാധിതരായത് ഞാന്‍ നേരിട്ട് കണ്ടറിഞ്ഞ കാര്യമാണ്. ഇതെല്ലാം കേരളത്തിന്റെ ആരോഗ്യരംഗത്തെ കുറിച്ചു എന്തു ധാരണകളാണ് നല്‍കുന്നത്?

എന്തുക്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌? ശുദ്ധജല സ്രോതസുകളുടെ മലിനീകരണം, ശരിയായ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ അഭാവം, സ്വകാര്യ-സര്‍ക്കാര്‍ ആശുപതികള്‍ ഇക്കാര്യത്തില്‍ പാലിക്കേണ്ടതായ ജാഗ്രതയുടെ ഉപേക്ഷ എന്നിവയാണ് ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് നയിക്കുന്നത് എന്നു നിസ്സംശയം പറയാം. കൊതുകുകളുടെ പ്രജനനത്തെ തടയാന്‍ നടത്തുന്ന മഴക്കാലപ്പൂര്‍വ്വ ശുചീകരണവും പരാജയമാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കേരളത്തില്‍ എത്ര പേരാണ് പണി ബാധിതരായി മരിച്ചത്?സാമൂഹ്യമാധ്യമങ്ങളില്‍ കൂടിയും മുഖ്യധാരാ മാധ്യമങ്ങളില്‍ കൂടിയും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉണ്ടാകുമ്പോള്‍, നമ്മുക്ക് ചുറ്റുമുള്ള ഈ പ്രതിസന്ധിയെ കാണാതെ പോകരുത്. കേരളത്തെ കുറിച്ചു അഭിമാനിക്കാന്‍ ഏറെയുണ്ട്, എന്നിരുന്നാലും ഇത്തരം വാക്പാടവത്തില്‍ സര്‍വ്വവും മറന്നു പോകരുത്. വിവിധ മേഖലകളില്‍ നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നതും നല്ലതല്ല. പരസ്യങ്ങള്‍ നല്‍കുന്നത് എളുപ്പവും ആയാസരഹിതവുമായ പണിയാണ്. എന്നാല്‍ നിലവിലെ പ്രതിസന്ധിയെ അതിജീവിക്കുന്നതും സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ, ഭരണ വ്യവസ്ഥിതികളിലെ വെല്ലുവിളികളെ നേരിടാൻ അതി കഠിനമായി പ്രയത്നിക്കേണ്ടി വരും.

മതിയായ ചട്ടക്കൂടുകള്‍ ഇല്ലാതെ ആരോഗ്യരംഗത്ത് ഏറ്റവുമധികം സ്വകാര്യവത്കരണം നടക്കുന്നതും കേരളത്തിലാണ്. പണ്ട് പണ്ട് പണ്ടോരുകാലത്ത് എന്നാകണം കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ അറിയപ്പെടുന്നത്.നിസ്സംശയം പറയാം-കേരളത്തിന്റെ ആരോഗ്യരംഗവികസനം കഠിനമായ പ്രതിസന്ധിയിലാണ്.

Read More >>