ശമ്പളത്തോടു കൂടിയ ആറു മാസം പ്രസവാവധി നല്‍കി ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുന്നു

സ്ത്രീകള്‍ക്ക് പ്രസവാവധി 26 ആഴ്ചയാക്കിയ (6 മാസം) ഭേദഗതി ബില്ല് കഴിഞ്ഞ ആഴ്ച ലോക്‌സഭ പാസാക്കുകയും ചെയ്തിരുന്നു. മുന്‍പ് 3 മാസമായിരുന്നു ഇവര്‍ക്ക് പ്രസവാവധി ലഭിച്ചിരുന്നത്.

ശമ്പളത്തോടു കൂടിയ ആറു മാസം പ്രസവാവധി നല്‍കി ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുന്നു

ഇന്ത്യയിലെ സ്ത്രീകളുടെ 27% മാത്രമാണ് ഉപജീവനത്തിനായി തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെടുന്നത്. സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ചില മുന്നേറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് പ്രസവാവധി 26 ആഴ്ചയാക്കിയ (6 മാസം) ഭേദഗതി ബില്ല് കഴിഞ്ഞ ആഴ്ച ലോക്‌സഭ പാസാക്കുകയും ചെയ്തിരുന്നു. മുന്‍പ് 3 മാസമായിരുന്നു ഇവര്‍ക്ക് പ്രസവാവധി ലഭിച്ചിരുന്നത്.

സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയാക്കി വര്‍ധിപ്പിക്കുന്നതാണ് ബില്‍. 1961ലെ പ്രസവാനുകൂല്യ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള ബില്‍ ആണ് ലോക്‌സഭ പാസാക്കിയത്. രാജ്യസഭയുടെ അംഗീകാരം ബില്ലിന് നേരത്തെ ലഭിച്ചിരുന്നു.ജോലിക്കിടയില്‍ കുട്ടികളെ നാല് തവണ കുറഞ്ഞത്‌ സന്ദര്‍ശിക്കാനും അവര്‍ക്ക് പാലുകൊടുക്കാനുമുള്ള സാഹചര്യം സ്ത്രീകള്‍ക്കുറപ്പ് വരുത്തണമെന്നും എല്ലാ സ്ഥാപനങ്ങളും ഇത്തരം സൗകര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തുകൊടുക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

ഫാക്റ്ററികള്‍, മൈനുകള്‍, റീട്ടെയ്ല്‍ കടകള്‍ തുടങ്ങി പത്തോ അതിലധികമോ പേര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. ഏകദേശം 1.8 ദശലക്ഷം വനിതകള്‍ ഇതിന്റെ ഗുണഭോക്താക്കളാകും.
ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസവാവധി നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇതോടെ ഇന്ത്യ മാറുകയും ചെയ്തു. ഫ്രാന്‍സില്‍ 14 ആഴ്ചയാണ് പ്രസവാവധി എങ്കില്‍ ജര്‍മ്മനിയിലും ജപ്പാനിലും ഇത് 14 ആഴ്ചയാണ്.
ഈ ബില്‍ പാസായതോടെ പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ അമ്മമാരായ സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ പ്രകടമാക്കുന്നതില്‍ മുന്‍പന്തിയിരിക്കുകയാണ്.യു.കെ,ഗ്രീസ്,അയര്‍ലണ്ട്, സ്ലോവക്ക് റിപബ്ലിക്ക്‌ തുടങ്ങിയ രാജ്യങ്ങളാണ് പ്രസവാവധിയില്‍ കൂടുതല്‍ സാവകാശം നല്‍കുന്ന മറ്റു രാജ്യങ്ങള്‍.

അമേരിക്കയില്‍ പ്രസാവാവധി ഇല്ലെന്നു തന്നെ പറയാം.. എന്നാല്‍ 1993ലെ മെഡിക്കല്‍ ആക്ട്‌ പ്രകാരം ഒരു സ്ത്രീയ്ക്ക് പ്രസവശേഷം 12 ആഴ്ചകള്‍ വരെ ജോലിക്കെത്തിയില്ലെങ്കിലും തൊഴില്‍ നഷ്ടമാകില്ല എന്ന ആനുകൂല്യം മാത്രമാണ് ഉള്ളത്. ഇക്കാലയളവില്‍ അവര്‍ക്ക് തൊഴില്‍രഹിത ശമ്പളത്തെ കുറിച്ചു പക്ഷെ ഉറപ്പില്ല.

ഇന്ത്യന്‍ പാസാക്കിയ ബില്ലില്‍ പ്രയോജനങ്ങള്‍ ഏറെയുണ്ടെങ്കിലും ചില ന്യുനതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴില്‍ നിയമം ബാധകമാകുന്ന തരത്തില്‍ ജീവനക്കാരെ നിയമിക്കുന്ന കമ്പനികളിലെ ഏകദേശം 1.8 ദശലക്ഷം വനിതകള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ഉണ്ടാവുക. സ്വയം തൊഴിലില്‍ ഏര്‍പ്പെടുകയോ, വീട്ടില്‍ ഇരുന്നു ജോലി ചെയ്യുകയോ, പത്തില്‍ താഴെ ജീവനക്കാരുള്ള ചെറുകിട തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്നതോ ആയ 16 ദശലക്ഷം സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ഉറപ്പു പറയാന്‍ കഴിയില്ല. മാത്രമല്ല, പ്രസവാവധി തുടങ്ങി പല സ്ത്രീസഹായക ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിയമം മൂലം പരിരക്ഷിക്കുമ്പോള്‍, അവരെ കഴിവതും ജോലിയ്ക്കെടുക്കാതിരിക്കാന്‍ തൊഴില്‍ ഉടമകള്‍ താല്പര്യപ്പെട്ടെന്നും വരാം.

സ്ത്രീ മുന്നേറ്റ വികസനത്തിനുതകുന്ന ചരിത്രപരമായ നീക്കം എന്നാണ് പ്രധാനമന്ത്രി പുതിയ നിയമത്തെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ വിവരിച്ചത്.