ലൈംഗികാരോഗ്യത്തിന് സ്റ്റിറോയ്ഡ് മരുന്നുകളെ ആശ്രയിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്!

പ്രായം ചെല്ലുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നതാണ് സ്റ്റിറോയ്ഡ് ഉപയോഗിക്കുവാനുള്ള മാനസികനിലയിലേക്ക് ഒരാളെ എത്തിക്കുന്നത്. ജിമ്മില്‍ പോയി ശരീരം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നതും ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയല്ല, മറിച്ചു സൗന്ദര്യസങ്കല്‍പ്പത്തിന്റെ കാഴ്ചപാട് കൊണ്ടുകൂടിയാണ്.

ലൈംഗികാരോഗ്യത്തിന് സ്റ്റിറോയ്ഡ് മരുന്നുകളെ ആശ്രയിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്!

നിത്യയൗവനവും ലൈംഗികാരോഗ്യവും കാത്തു സൂക്ഷിക്കാനായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന മധ്യവയസ്ക്കരായ പുരുഷന്മാരുടെ എണ്ണം കൂടുന്നു. നാല്‍പതുകളിലും അമ്പതുകളിലും പ്രായമുള്ളവരിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അറുപത് -എഴുപതു വയസുകാരിലും ഈ ആവശ്യത്തിനായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും സമീപക്കാലത്ത് വന്‍ വര്‍ധനവുണ്ട്.

അമിതഭാരം കുറയ്ക്കുക, ക്ഷീണം തോന്നാതെയിരിക്കുക, സംതൃപ്തിയുള്ള സെക്സ് ലഭിക്കുക, ചര്‍മ്മത്തിന്റെ ആരോഗ്യം കഴിവതും നിലനിര്‍ത്തുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങളോടെയാണ് ഇവര്‍ സ്റ്റിറോയ്ഡുകള്‍ പതിവായി ഉപയോഗിക്കുന്നത്. വാര്‍ദ്ധക്യത്തെ ആവോളം തടഞ്ഞുനിര്‍ത്തി യൗവനം നിലനിര്‍ത്താനാണ് ഈ ശ്രമമെല്ലാം. എന്നാല്‍ ഇത് ആരോഗ്യത്തിനു നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെന്നാണ് സത്യം!

സ്റ്റിറോയ്ഡുകളുടെ അമിതോപയോഗം ഹൃദയാഘാതത്തിനു കാരണമാകുന്ന ഒരു പ്രധാന വില്ലനാണ്. രക്തധമനികളില്‍ തടസ്സമുണ്ടാക്കി ആരോഗ്യപരമായ പല അപകടങ്ങളും സൃഷ്ടിക്കാന്‍ ഈ മരുന്നിന് സാധിക്കും.

"ഇത്തരത്തില്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന പുരുഷന്മാരെ വളരെയധികം കണ്ടിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ആര്‍ത്തവ വിരാമത്തിന്റെ പ്രയാസങ്ങള്‍ മറിക്കടക്കാന്‍ സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ ചികിത്സ നടത്തുന്നത് പോലെ തന്നെയാണ് ഇതും. ശരീരഭാരം നിയന്ത്രിക്കും എന്നു കൂടിയുള്ളതിനാല്‍, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. സ്കോട്ട്ലാന്‍ഡ് സര്‍വ്വകലാശാലയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷിതമെന്നു വിശ്വസിക്കപ്പെടുന്ന ഈ മരുന്നുകള്‍ യൗവനം നിലനിര്‍ത്താന്‍ എത്രമാത്രം സഹായിക്കുമെന്നു വ്യക്തമല്ല, പക്ഷെ ഇതിന്റെ അമിതോപയോഗം ദീര്‍ഘദൂര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നുറപ്പാണ്.

പ്രായമേറുന്തോറും പുരുഷന്മാരില്‍ ടെസ്റ്റ്‌റോണിന്റെ അളവ് കുറയും. ഇത് അമിതഭാരത്തിനും ലൈംഗികശേഷിയുടെ ഇടിവിനും കാരണമായേക്കാം. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് മാഗസിനുകളിലും ഇന്റര്‍നെറ്റിലും മറ്റും പുരുഷാരോഗ്യത്തെ ഉത്തേജിപ്പിക്കും എന്ന അവകാശത്തോടെയുള്ള പരസ്യങ്ങളില്‍ പ്രലോഭിതരായി സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്.

ഒരു സ്റ്റിറോയ്ഡ് സൈക്കിള്‍ സാധാരണയായി മൂന്നു മാസം വരെയുണ്ടാകാം. തുടക്കത്തില്‍ ചെറിയ അളവില്‍ ഉപയോഗിച്ചു തുടങ്ങുകയും ക്രമേണ ഇതിന്റെ ഡോസ് വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതിനു അടിമപ്പെടുന്നതോടെ ദിവസവും ഉപയോഗിക്കുവാന്‍ തുടങ്ങുകയും ഒടുവില്‍ ഒരു ദിവസം തന്നെ പല പ്രാവശ്യം ഉപയോഗിക്കുന്ന തരത്തിലേക്കുള്ള മാനസികനിലയിലേക്ക് ഈ സ്റ്റീറോയ്ഡുകള്‍ കൊണ്ടുചെന്നെത്തിക്കും.

പ്രായം ചെല്ലുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നതാണ് സ്റ്റിറോയ്ഡ് ഉപയോഗിക്കുവാനുള്ള മാനസികനിലയിലേക്ക് ഒരാളെ എത്തിക്കുന്നത്. ജിമ്മില്‍ പോയി ശരീരം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നതും ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയല്ല, മറിച്ചു സൗന്ദര്യസങ്കല്‍പ്പത്തിന്റെ കാഴ്ചപാട് കൊണ്ടുകൂടിയാണ്.

ഒരിക്കല്‍ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമ്പോള്‍ ഇവര്‍ വിത്ഡ്രോയല്‍ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി കണ്ടുവരുന്നു. ക്ഷീണം,തളര്‍ച്ച,തലവേദന,ദേഷ്യം എന്നിവയാണ് പൊതുലക്ഷണങ്ങള്‍

'ആനാബോളിക് ആന്‍ഡ്രോജെനിക് സ്റ്റീറോയ്ഡ്' എന്ന ഈ മരുന്നുകള്‍ ആദ്യം മെഡിക്കല്‍ ആവശ്യത്തിനു മാത്രമാണ് ഉപയോഗിച്ചിരുന്നത്. ക്ലാസ്സ്‌ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഇതിന്റെ ഉപയോഗം നിയന്ത്രിച്ചും വന്നിരുന്നു. എന്നാല്‍, ക്രമേണ ഓണ്‍ലൈനില്‍ കൂടിയും ചില ജിമ്മുകള്‍ വഴിയും ഇതിന്റെ ഉപയോഗം പുരുഷാരോഗ്യവുമായി ബന്ധപ്പെട്ടു പരസ്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വ്യാപകമായി ഇതിന്റെ ഉപയോഗം പടര്‍ന്നുപിടിച്ചത്. ഗുളികയായും ഇന്‍ജക്ഷനായും ഇത് ഇപ്പോള്‍ ലഭാമാകുന്ന അവസ്ഥയില്‍ വരെയെത്തി കാര്യങ്ങള്‍.

പോപ്‌ ഗായകന്‍ മൈക്കല്‍ ജാക്സനിന്റെ മരണത്തെ തുടര്‍ന്ന് സ്റ്റിറോയ്ഡ് ഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അതൊന്നും തുടര്‍ന്നുണ്ടായില്ല എന്നു വേണം കരുതാന്‍. അധികമായാല്‍ അമൃതും വിഷമല്ലേ എന്നു വാദിക്കുന്നവരുണ്ടാകും. മദ്യപാനവും പുകവലിയുമെല്ലാം ഇത്തരത്തില്‍ തന്നെയല്ലേ എന്നാകും ഇവരുടെ ന്യായവാദങ്ങള്‍. അവയെല്ലാം ദുശ്ശീലങ്ങളുടെ ഗണത്തില്‍ പെടുമെങ്കിലും, നിത്യയൗവനത്തിന് സ്റ്റിറോയ്ഡ് ഉപയോഗിക്കുമ്പോള്‍ ജീവചക്രത്തിന്റെ താളമാണ് മാറ്റുവാന്‍ ശ്രമമുണ്ടാകുന്നത്. ഇതു ആരോഗ്യത്തിനും ആയുസ്സിനും സൃഷ്ടിക്കുന്ന പരിവര്‍ത്തനം ഏതായാലും നിസ്സാരകാര്യമല്ല എന്നുള്ള തിരിച്ചറിവ് കൂടി ഇതിനൊപ്പം ഉണ്ടാകണം.