അവിവാഹിതരേ ജാഗ്രതൈ; വിവാഹിതരില്‍ ഹൃദ്രോഗസാധ്യത കുറയുന്നതായി പഠനം

പഠന വിവരങ്ങള്‍ 'യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി (ഇ.എസ്.സി) കോണ്‍ഗ്രസ് 2017'ല്‍ അവതരിപ്പിച്ചു വരികയാണ്

അവിവാഹിതരേ ജാഗ്രതൈ; വിവാഹിതരില്‍ ഹൃദ്രോഗസാധ്യത കുറയുന്നതായി പഠനം

നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ ഹൃദയം അത്ര സുരക്ഷിതമല്ലെന്ന് പുതിയ പഠനം. അവിവാഹിതരേക്കാള്‍ വിവാഹിതരുടെ ഹൃദയം കൂടുതല്‍ സുരക്ഷിതമാണെന്നാണ് ബെര്‍മിങ്ങ്ഹാമിലെ ആസ്റ്റണ്‍ മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.

പഠന വിവരങ്ങള്‍ 'യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി (ഇ.എസ്.സി) കോണ്‍ഗ്രസ് 2017'ല്‍ അവതരിപ്പിച്ചു വരികയാണ്. 929,552 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഏറ്റവുമധികം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഈ വിഷയത്തിലുള്ള ആദ്യത്തെ സര്‍വേയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിവാഹിതര്‍, വിവാഹിതര്‍, വിവാഹമോചിതര്‍ എന്നീ വിഭാഗത്തിലുള്ളവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഹൃദ്രോഗബാധയുണ്ടായ 25,287 പേരുടെ രോഗവിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അവിവാഹിതരെ അപേക്ഷിച്ച് വിവാഹിതരില്‍ 14 ശതമാനം പേര്‍ കൂടുതലായി രോഗത്തെ അതിജീവിച്ചതായി കണ്ടെത്തി.

കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ ഹൃദ്രോഗമുണ്ടാക്കുന്ന രോഗങ്ങള്‍ക്കെതിരെ വിവാഹജീവിതം മികച്ച പ്രതിരോധം നല്‍കുന്നതായും പഠനം പറയുന്നു. ''പങ്കാളിയോടൊത്തുള്ള ജീവിതം ശാരീരികവും മാനസികവുമായ ഉന്മേഷം നല്‍കുന്നു. ഇത്തരത്തിലുള്ള ജീവിതം വ്യക്തികളില്‍ കൂടുതല്‍ അച്ചടക്കവും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുന്നു. ഇത് രോഗങ്ങളോട്, പ്രത്യേകിച്ച് ഹൃദ്രോഗത്തോട് മികച്ച പ്രതിരോധം നല്‍കുന്നു'' ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. പോള്‍ കാറ്റര്‍ പറഞ്ഞു.

Read More >>