കുഷ്ഠ രോഗം വീണ്ടും പിടിമുറുക്കുന്നു; കണക്ക് പുറത്ത് വിടാന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ തങ്ങളുടെ 'കുഷ്ഠ രോഗ നിര്‍മാര്‍ജന' പ്രഖ്യാപനത്തെ ഭയന്ന് രോഗം ബാധിച്ചവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ തയ്യാറാകുന്നില്ല

കുഷ്ഠ രോഗം വീണ്ടും പിടിമുറുക്കുന്നു; കണക്ക് പുറത്ത് വിടാന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍

തടയപ്പെട്ടു എന്നു കരുതിയിരുന്ന കുഷ്ഠ രോഗം ഇന്ത്യയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കുഷ്ഠ രോഗത്തെ ഭയക്കേണ്ടതില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്. അന്ന് വലിയ ആഘോഷത്തോടെയാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആ പ്രഖ്യാപനത്തെ സ്വീകരിച്ചത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ സെന്‍ട്രല്‍ ലെപ്രസറി ഡിവിഷന്റെ റിപ്പോര്‍ട്ട് കുഷ്ഠ രോഗത്തിന്റെ തിരിച്ചു വരവാണ് സൂചിപ്പിക്കുന്നത്. 2017 ല്‍ ഇന്ത്യയില്‍ 135,485 പേര്‍ക്ക് കുഷ്ഠ രോഗം ബാധിച്ചെന്നാണ് ലെപ്രസി ഡിവിഷന്റെ കണക്ക്. അതായത് ഓരോ നാല് മിനിറ്റിലും ഇന്ത്യയില്‍ ഒരാള്‍ വീതം കുഷ്ഠ രോഗത്തിന് ചികിത്സ തേടുന്നു. കുഷ്ഠ രോഗം തേഞ്ഞു മാഞ്ഞു പോയിട്ടില്ലെന്ന് വ്യക്തം.

2018 ല്‍ ഇന്ത്യയില്‍ നിന്ന് കുഷ്ഠ രോഗം പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്ന് 2017 ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലെ ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. എന്നാലിത് അപ്രാപ്യമാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യയിലാകെ കുഷ്ഠ രോഗം പടര്‍ന്ന് പിടിക്കുന്നത് സംബന്ധിച്ച പഠനമോ സര്‍വേയോ നടന്നിട്ടില്ലെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. തന്നെയുമല്ല, സര്‍ക്കാര്‍ തങ്ങളുടെ 'കുഷ്ഠ രോഗ നിര്‍മാര്‍ജന' പ്രഖ്യാപനത്തെ ഭയന്ന് രോഗം ബാധിച്ചവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. രോഗം കണ്ടെത്തിയവരില്‍ ഏതാണ്ട് പകുതി പേരും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് ചികിത്സ തേടിയത്. രോഗം ബാധിച്ചവരുടെ എണ്ണവും വളരെ കൂടുതലാണ്.

2016 ല്‍ ബിഹാറില്‍ നടത്തിയ നാഷണല്‍ ലെപ്രസി ഇറാഡിക്ഷന്‍ പദ്ധതിയുടെ വിശകലനത്തില്‍ പറയുന്ന പലരുടെയും രോഗം വൈകിയാണ് തിരിച്ചറിഞ്ഞതെന്നാണ്. പലരിലും രോഗം ഒളിഞ്ഞിരിക്കുന്നുണ്ടാകാമെന്നും രോഗബാധിതരില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രോഗബാധിതരോടൊപ്പം പ്രവര്‍ത്തിച്ച പല ആക്ടിവിസ്റ്റുകളും പറയുന്നത് കുഷ്ഠ രോഗ ബാധിതരുടെ പുതിയ കണക്കുകള്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നാണ്. 2005 ന് ശേഷം വര്‍ഷം തോറും ഏതാണ്ട് 130,000 പേര്‍ക്ക് കുഷ്ഠ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. ദേശീയ തലത്തില്‍ ഈ രോഗ നിര്‍ണ്ണയം നടത്തുന്നതിനുള്ള നടപടികളില്ലാത്തതിനാല്‍ പുതിയ രോഗബാധിതരുടെ കണക്കുകള്‍ വരുന്നത് പ്രാദേശിക തലങ്ങളില്‍ നിന്നാണെന്ന് ലെപ്ര സൊസൈറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവായ അഷിം ചൗവല പറയുന്നു.

ഇന്ത്യയില്‍ കുഷ്ഠ രോഗം ബാധിച്ച് അംഗവൈകല്യം സംഭവിച്ചിട്ടുള്ളവരുടെ കണക്ക് മൂന്ന് ദശലക്ഷത്തില്‍ കവിയും. സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അവര്‍ നയിക്കുന്നത് ഒറ്റപ്പെട്ട ജീവിതമാണ്. കുഷ്ഠ രോഗബാധിതരുടെ 750 ഓളം കോളനികളുണ്ട് ഇന്ത്യയില്‍. സമൂഹം അവര്‍ക്കെല്ലാം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. കൃത്യ സമയത്ത് രോഗ നിര്‍ണ്ണയം നടത്തിയില്ലെങ്കില്‍ അത് ദേഹമാസകലം പടരുകയും കൈ കാലുകളുടെ ഞരമ്പിനെ ബാധിക്കുകയും സ്പര്‍ശന ശേഷി നഷ്ടമാകുകയും ചെയ്യുന്നു. ഇത് അംഗ വൈകല്യത്തിലേക്ക് നയിക്കുന്നു. അതിനാലാണ് കുഷ്ഠ രോഗത്തെ ആളുകളെ ഭയക്കുന്നതും രോഗികളെ മാറ്റി നിര്‍ത്തുന്നതും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് സാധാരാണയായി ഈ രോഗത്തിന് ഇരകളാക്കപ്പെടുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യമില്ലാത്തവരെയാണ് സ്വാഭാവികമായും ഈ രോഗം പെട്ടന്ന് പിടികൂടുക. അവര്‍ പോഷകാഹാര കുറവ് നേരിടുന്നവരും മികച്ച ചികിത്സാ സൗകര്യങ്ങള്‍ അപ്രാപ്യമായവരും ആയിരിക്കും. ഇത് അവരുടെ സ്ഥിതി ഒന്നുകൂടെ വഷളാക്കുന്നു.

Read More >>