രാത്രി വൈകി ഉറങ്ങുന്നതും രാവിലെ താമസിച്ചുണരുന്നതും അഹങ്കാരമല്ല, ഒരു ജനിതക മാറ്റമാണ്

കൂടുതല്‍ വ്യായാമം ചെയ്തു നേരത്തെ ഉറങ്ങാന്‍ കിടക്കണം, നല്ല ഉറക്കത്തിന് കാപ്പി പൂര്‍ണ്ണമായും ഒഴിവാക്കണം, ഭക്ഷണരീതിയില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ ശ്രവിച്ചു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കേണ്ടതില്ല പോലും! സത്യമെന്താണ്?

രാത്രി വൈകി ഉറങ്ങുന്നതും രാവിലെ താമസിച്ചുണരുന്നതും അഹങ്കാരമല്ല, ഒരു ജനിതക മാറ്റമാണ്

ഇന്റര്‍നെറ്റിന്റെ കടന്നു വരവോടെ നമ്മുടെ ജീവിതത്തില്‍ അറിയാതെ മാറ്റം സംഭവിച്ച ഒരു ശീലമുണ്ട്- ഉറക്കം. സന്ധ്യക്ക് വീടണയണം എന്നും രാത്രി 9ന് മുന്‍പായി ഉറങ്ങണമെന്നും അതികാലത്തെ 5 മണിക്ക് ഉന്മേഷത്തോടെ പുതിയ ദിവസം തുടങ്ങണമെന്നുമുള്ള തത്വങ്ങള്‍ ഒക്കെ എങ്ങോ പോയിമറഞ്ഞു.

നേരം പുലരുവോളം ഉറങ്ങാതെയിരിക്കുമ്പോള്‍ ഇവന്/ഇവള്‍ക്ക് മൂങ്ങയുടെ സ്വഭാവമാണ് എന്ന് വീട്ടുകാര്‍ കരുതുന്നതില്‍ തെറ്റ് പറയാന്‍ കഴിയുമോ? അടുത്ത ദിവസം തുടങ്ങുന്നതാകട്ടെ ഏതായാലും 7 മണി കഴിയുമെന്ന് ഉറപ്പ്. അവധിയുള്ള ദിവസങ്ങളില്‍ ഇത് 10-11 മണി വരെ നീളാനും മതി. പക്ഷെ രാത്രി വെളുക്കുവോളം ഉറങ്ങാതിരിക്കാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. മനപ്പൂര്‍വ്വമായി ഇങ്ങനെ ചെയ്യുന്നതല്ല, അറിയാതെ ശീലമായി പോകുന്നതാണ്. ഫലമോ ഇവര്‍ക്ക് പകല്‍ ക്ഷീണവും രാത്രിയില്‍ നല്ല ഊര്‍ജ്ജസ്വലതയും അനുഭവപ്പെടും. ഏതായാലും ഇതൊരു നല്ല ശീലമാണ് എന്ന് ആരും പറയാനിടയില്ല.

ഇത് ഒരാളുടെ ശീലങ്ങളുടെ മാത്രം കുഴപ്പമാണോ? വിഷമിക്കേണ്ട, അത് അങ്ങനെയല്ലെന്നാണ് പുതിയ പഠനങ്ങള്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ ജനിതകത്തിന്റെ ചെറിയ പങ്കും ഉണ്ടത്രേ. കഴിഞ്ഞ 45 വര്‍ഷമായി ഉറക്കത്തിന്റെ മനശാസ്ത്രം പഠിക്കുന്ന മൈക്കല്‍ യംഗ് എന്നയാളാണ് ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. കൂടുതല്‍ വ്യായാമം ചെയ്തു നേരത്തെ ഉറങ്ങാന്‍ കിടക്കണം, നല്ല ഉറക്കത്തിന് കാപ്പി പൂര്‍ണ്ണമായും ഒഴിവാക്കണം, ഭക്ഷണരീതിയില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ ശ്രവിച്ചു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കേണ്ടതില്ല എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം.

വൈകി ഉറങ്ങുന്നവരില്‍ CRY1 എന്ന ജനതിക മാറ്റം നടക്കുന്നു എന്ന് യംഗ് പറയുന്നു. ബയോളജിക്കല്‍ ക്ലോക്കിന് മാറ്റമുണ്ടാക്കുന്നതും ഇവയാണ്. കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി വെളിച്ചത്തിനും താപത്തിനും അനുസൃതമായി മനുഷ്യശരീരത്തില്‍ ഉറങ്ങുന്നതിനും ഉണരുന്നതിനുമുള്ള എന്‍സൈമുകള്‍ ഉത്പാദിക്കപ്പെടുന്നത് ചിട്ടപ്പെടുത്തിയിരിക്കുന്നു.

സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് ഉണരുന്നത് പ്രകൃതിദത്തമായ ഒരു ക്രിയയല്ല, അഭ്യസനത്തിലൂടെ നേടിയതാണ്. നവജാതശിശുക്കളുടെ കാര്യം തന്നെയെടുക്കാം. രാത്രിയെന്നും പകലെന്നും ചിട്ടപ്പെടുത്തിയ ഉറക്കമല്ല അവര്‍ക്കുള്ളത്. വിശ്രമം വേണമെന്നു തോന്നുമ്പോള്‍ ശരീരം സ്വാഭാവികമായി ഈ എന്‍സൈമുകള്‍ ഉത്പാദിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ജീവിക്കുന്ന നാടിന്റെ സാഹചര്യങ്ങള്‍ക്ക് അനുരൂപമാകാന്‍ ഉറക്കത്തെയും പിന്നീട് അവരില്‍ പരിശീലിപ്പിക്കുകയാണ്. ഈ സമയത്തും അവരില്‍ ജനതികമാറ്റം ഉണ്ടാകുന്നുണ്ട്.

സൂര്യനുദിക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രകാശം ശരീരത്തില്‍ മെലാടോണിന്‍ എന്ന എന്‍സൈം ഉണ്ടാക്കുന്നു. ഉണരുന്നതിനുള്ള സൂചന തലച്ചോറിനു ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെ ഇരുട്ടുള്ള മുറിയില്‍ കിടക്കുമ്പോള്‍ ഉണരാന്‍ വൈകുന്നതിന്റെ കാരണവും ഇതാണ്. CRY1 ജനതിക മാറ്റം സംഭവിച്ചവരുടെ തലച്ചോറിന് ഉറങ്ങാനും ഉണരാനുമുളള എന്‍സൈമുകള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല. മിക്ക ആളുകളും നിര്‍ബന്ധപ്പൂര്‍വ്വമായിരിക്കും ഉറങ്ങാന്‍ കിടക്കുന്നത് തന്നെ ഫലമോ, പകല്‍ മുഴുവന്‍ ഇവരുടെ പ്രവര്‍ത്തികളില്‍ മന്ദത പ്രകടമാകാനുള്ള സാധ്യതകള്‍ ഉണ്ടാകും.

ഈ ശൈലിയില്‍ മാറ്റം ഇനിയും വരുത്താന്‍ കഴിയില്ല എന്ന് വിഷമിക്കേണ്ട കാര്യമില്ല എന്നും യംഗ് പറയുന്നു. സ്വല്പം ബുദ്ധിമുട്ടണം എന്നേയുള്ളു ഇത് സാധ്യമാണ്. ജോലിയെയോ പഠനത്തെയോ ഈ ശീലം സാരമായി ബാധിക്കുന്ന പക്ഷം, നിരന്തരമായ പരിശീലനത്തിലൂടെ ഉറക്കം ക്രമപ്പെടുത്താന്‍ സാധിക്കുന്നതെ ഉള്ളൂ.

Read More >>