രക്തത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യണം?

കൊളസ്ട്രോള്‍ രണ്ടു തരമുണ്ട്- ഹൃദയാരോഗ്യത്തിനു ഹാനികരമായതും, മറ്റൊന്നു ഗുണപ്രദമായതും. HDL കൊളസ്ട്രോളാണ് നല്ല കൊളസ്ട്രോള്‍.

രക്തത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യണം?

കൊളസ്ട്രോള്‍ എന്നു കേള്‍ക്കുന്നത് തന്നെ മിക്കവര്‍ക്കും ഭയമാണ്. കാരണം മറ്റൊന്നുമല്ല, കൊളസ്ട്രോള്‍ എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന വില്ലന്‍ എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.

എന്നാല്‍ കൊളസ്ട്രോള്‍ രണ്ടു തരമുണ്ട്- ഹൃദയാരോഗ്യത്തിനു ഹാനികരമായതും, മറ്റൊന്നു ഗുണപ്രദമായതും.ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (HDL) കൊളസ്ട്രോളാണ് നല്ല കൊളസ്ട്രോള്‍. HDL കൊളസ്ട്രോള്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെ അത്യന്താപേക്ഷികമാണ്. എങ്ങനെയെന്നോ? ഹൃദയധമനികളില്‍ അടിഞ്ഞു കൂടാന്‍ സാധ്യതയുള്ള ഹാനികരമായ കൊളസ്ട്രോളിനെ HDL കരളില്‍ എത്തിക്കുകയും അതുവഴി ശരീരത്തില്‍ നിന്നും പുറന്തള്ളുകയും ചെയ്യുന്നു. അതിനാല്‍ HDL ന്റെ അളവ് രക്തത്തില്‍ നല്ലയളവില്‍ ഉണ്ടാകേണ്ടതുണ്ട്.

ഇനി കൊളസ്ട്രോള്‍ നില അറിയാനായി രക്തപരിശോധന നടത്തുമ്പോള്‍ HDL ന്റെ അളവ് കൂടി പരിശോധിക്കുക. നല്ല കൊളസ്ട്രോളിന്റെ അളവ് പുരുഷന്മാരില്‍ 40ല്‍ താഴെയും, സ്ത്രീകളില്‍ 50ല്‍ താഴെയാണ് എങ്കില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്‌. രക്തത്തില്‍ HDL അളവ് കുറഞ്ഞത്‌ അറുപതെങ്കിലും ഉണ്ടായിരിക്കണം.

ഭക്ഷണക്രമീകരണവും ജീവിതശൈലിയിലെ നിയന്ത്രണങ്ങളും രക്തത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.

1) അലസത ഒഴിവാക്കുക: മടിയും അലസതയും നല്ല കൊളസ്ട്രോളിന്റെ ശത്രുക്കളാണ്. കഴിയുന്നതും എപ്പോഴും ഊര്‍ജ്ജസ്വലമായിരിക്കാന്‍ ശ്രമിക്കുക. ഇത് രക്തത്തില്‍ നല്ല കൊളസ്ട്രോളിന്റെ ആളവ്‌ വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, അപകടകാരിയായ കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും.

2) ശരീരഭാരം നിയന്ത്രിക്കുക: അമിതഭാരം ദുര്‍മേദസിനും കാരണമാകും എന്നു പറയേണ്ടതില്ലെലോ. കൂടാതെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള ഏറ്റവും പ്രധാനകാരണവും അമിതഭാരവും വണ്ണവുമാണ്.

3) ആഹാരക്രമത്തില്‍ കൊഴുപ്പ് കുറഞ്ഞതും, ആരോഗ്യകരമായതുമായ ഭക്ഷണം തിരഞ്ഞെടുക്കുക. മത്സ്യം നല്ല കൊള്‌സട്രോള്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും കടല്‍ മത്സ്യങ്ങളില്‍. ചെമ്മീന്‍, കക്ക തുടങ്ങിയവ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയവയാണ്. ധാരാളം മാംസമുള്ള മീനുകള്‍ ഒഴിവാക്കുകയാണ് നല്ലത്. ഏതുതരം മത്സ്യമാണെങ്കിലും കറി വച്ചോ ഗ്രില്‍, ബേക്ക് ചെയ്‌തോ കഴിയ്ക്കണം. എണ്ണയില്‍ വറുത്താല്‍ ഇവ ചീത്ത കൊളസ്‌ട്രോളാണ് ഉണ്ടാക്കുക.കൂടാതെ ഓറഞ്ച് ജൂസ്, വെളുത്തുള്ളി, മുന്തിരി പാനീയങ്ങള്‍ എന്നിവയും നല്ല കൊളസ്ട്രോള്‍ ഉത്‌പാദനത്തിന് സഹായകരമാണ്.

4) മിതമായ മദ്യപാനം: ചെറിയ അളവിലെ മദ്യം നല്ല കൊള്സട്രോള്‍ ഉത്പാദനത്തിന് സഹായകരമാണ് എങ്കിലും മദ്യപാനം മറ്റു പല രോഗങ്ങളും ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തതിനു ശേഷം മാത്രം ഇതു ശ്രമിക്കുക.

5) പുകവലി പൂര്‍ണ്ണമായും നിര്‍ത്തുക. സിഗരറ്റ് ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യും