മാനസികമായ പീഡനങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നതെങ്ങനെ?

മാനസികമായ അധിക്ഷേപങ്ങള്‍ക്ക് നിങ്ങളുടെ തലച്ചോറിന്റെ ഘടനയെ തന്നെ തകരാറിലാക്കാന്‍ കഴിയും

മാനസികമായ പീഡനങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നതെങ്ങനെ?

'കല്ലിനും ദണ്ഡിനും നിങ്ങളുടെ എല്ലുകളെ തകര്‍ക്കാനായേക്കും എന്നാല്‍ വാക്കുകള്‍ക്ക് നിങ്ങളെ വേദനിപ്പിക്കാനാകില്ല' എന്നൊരു ചൊല്ലുണ്ട്. നിന്ദ്യമായ വാക്കുകളെ അവഗണിയ്ക്കാന്‍ പലരെയും ഈ ചൊല്ല് സഹായിക്കുമെങ്കിലും ശാസ്ത്രം അത് അംഗീകരിക്കുന്നില്ല. ശാരീരകമായ പീഡനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാകും, അതേ സമയം വൈകാരികമായ നിന്ദയെ ഒരാള്‍ എങ്ങനെയാണ് തിരിച്ചറിയുക? മാനസികമായ അധിക്ഷേപം കാര്‍ബണ്‍ മോണോക്‌സൈഡ് പോലെയാണ് ; അതിന് പ്രകടമായ ലക്ഷണങ്ങളില്ല, എന്നാലതിന് അപകടകാരിയാകാന്‍ കഴിയും.

മാനസികമായ അധിക്ഷേപങ്ങള്‍ക്ക് നിങ്ങളുടെ തലച്ചോറിന്റെ ഘടനയെ തന്നെ തകരാറിലാക്കാന്‍ കഴിയും. സ്ഥിരമായി മാനസിക അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരുടെ തലച്ചോറിലെ ഹിപ്പോകാംപസ് ചുരുങ്ങുന്നു. കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് സഹായിക്കുന്ന തലച്ചോറിലെ പ്രധാന ഘടകമാണ് ഹിപ്പോകോംപസ്. ഹിപ്പോകാംപസ് ഒരാളുടെ ഹ്രസ്വകാല ഓര്‍മ്മകളില്‍ വഹിക്കുന്ന പങ്ക് വലുതാണ്.

ഹ്രസ്വകാല ഓര്‍മ്മശക്തിയുടെ നിലനിര്‍ത്തലാണ് അറിവിന്റെ ആദ്യപടി. തലച്ചോറിലുള്ള ഏത് വിവരങ്ങളും അത് സുസ്ഥിരമായ ഓര്‍മ്മയായി രൂപാന്തരപ്പെടുന്നതിനോ നീക്കം ചെയ്യപ്പെടുന്നതിനോ മുന്‍പ് ആദ്യം സംഭരിക്കപ്പെടുന്നത് ഹ്രസ്വകാല ഓര്‍മ്മകളിലാണ്. ഹ്രസ്വകാല ഓര്‍മ്മകളില്ലാതെ പഠനം ഒരിക്കലും സാധ്യമല്ല. ഹിപ്പോകാംപസിലുണ്ടാകുന്ന ഈ ക്ഷതം ശാസ്ത്രജ്ഞര്‍ ആദ്യം കരുതിയിരുന്നതിനേക്കാള്‍ എത്രയോ അസഹ്യമാണ്.

ഒരാള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ അയാളുടെ ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറത്ത് വിടും. കോര്‍ട്ടിസോള്‍ ഹിപ്പോകാംപസിലുള്ള ഞരമ്പുകളെ ആക്രമിക്കുമെന്നും അതിന്റെ വ്യാപ്തി കുറയ്ക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതായത് നിങ്ങള്‍ എത്രയധികം സമ്മര്‍ദത്തിലാണോ അത്രയധികം കോര്‍ട്ടിസോള്‍ പുറത്ത് വരികയും ഹിപ്പോകാംപസിന്റെ വലിപ്പം അത്രയും തന്നെ ചുരുങ്ങുകയും ചെയ്യുന്നു. മാനസികമായ അധിക്ഷേപം മൂലം തകരാറിലാകുന്ന തലച്ചോറിലെ മറ്റൊരു ഭാഗമാണ് അമിഗ്ഡല. മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ സ്ഥിരമായി ഉത്കണ്ഠയും ഭയവും അനുവഭിക്കുന്നു. സ്ഥിരമായ മാനസിക പീഡനം മൂലം അവരുടെ അമിഗ്ഡല വീര്‍ക്കുന്നതാണ് ഇതിന് കാരണം.തലച്ചോറിലെ ഈ ഭാഗമാണ് നിങ്ങളുടെ ശ്വസനത്തെയും ഹൃദയമിടിപ്പിനെയും നിയന്ത്രിക്കുന്നത്.

സ്‌നേഹം, കാമം, വെറുപ്പ്, ഭയം തുടങ്ങിയ വൈകാരിക അനുഭവങ്ങളെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിര്‍ണ്ണയിക്കുന്ന ഒരു കേന്ദ്രം കൂടിയാണിത്. ഒരാള്‍ മാനസികമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ അവരുടെ അമിഗല്‍ഡ ഇടവിടാതെ ജാഗരൂകമാകുകയും അധിക്ഷേപത്തിന്റെ നേരിയ ാെു സൂചനയോടു പോലും പ്രതികരിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ഇരയാക്കപ്പെടുന്നവര്‍ നിരന്തരമായ ഒരു സംഘര്‍ഷാവസ്ഥയിലാകും.

മാനസികമായി പീഡനം അനുഭവിക്കുന്ന ഒരു ബന്ധത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പലര്‍ക്കും സാധിക്കാത്തതിനുള്ള കാരണവും ഇതാണ്. ശാരീരിക പീഡനം പോലെ തന്നെ, അവഹേളനം, അലര്‍ച്ച, അസഭ്യം പറച്ചില്‍ എന്നിവ തലച്ചോറിന് വിനാശകരമാണ് , പ്രത്യേകിച്ച് തലച്ചോര്‍ വികസിച്ചു വരുന്ന കുഞ്ഞുങ്ങളില്‍. യൗവന കാലത്ത് മാനസികമായ പീഡനങ്ങളിലൂടെ കടന്ന് പോയിട്ടുള്ള ആരോഗ്യവാന്മാരായ യുവാക്കളുടെ തലച്ചോറില്‍ ഇടത്, വലത് വശങ്ങള്‍ പരസ്പരം ബന്ധപ്പെട്ടല്ല കിടക്കുന്നത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

തലച്ചോറിനകത്ത് ഇവ പരസ്പരം ബന്ധിപ്പിക്കപ്പെടാതിരിക്കുമ്പോള്‍ ഉത്കണ്ഠ, ദേഷ്യം, പക, വിയോജിപ്പ്, നിസ്സംഗത്വം എന്നിവയുടെ സാധ്യതയും കാലക്രമേണയുള്ള ലഹരി ഉപയോഗ സാധ്യതയും വര്‍ധിപ്പിക്കുന്നു. ഒരാള്‍ മാനസികമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അയാളുടെ തലച്ചോറ് അതിജീവന രീതിയിലേക്ക് മാറുന്നു. സ്വയം സംരക്ഷിക്കാനായി തലച്ചോര്‍ പല തലങ്ങളിലുള്ള സമ്മര്‍ദ്ദങ്ങളെയും വേദനകളെയും വഴിതിരിച്ചു വിട്ട് അമിതഭാരം ഒഴിവാക്കുന്നു. മാനസിക പീഡനമേല്‍ക്കുന്ന ആളുകളുടെ തലച്ചോറുകളില്‍ അറിവിന്റെയും പെരുമാറ്റത്തിന്റെയും പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭാഗങ്ങള്‍ വലിപ്പം കുറഞ്ഞിരിക്കും. ഇത്തരത്തിലുണ്ടാകുന്ന പ്രഭാവങ്ങള്‍ നീണ്ടുനില്‍ക്കുന്നതുമാണ്.

ഇതിന്റെ ഫലമായി നിലവില്‍ പ്രയാസകരമായ ഒരു സാഹചര്യമോ ആശങ്കയോ ഇല്ലെങ്കില്‍ പോലും ഇവര്‍ക്ക് ആരോഗ്യകരമായ ഒരു പ്രതികരണം സാധ്യമാകില്ല. മാനസിക പീഡനമനുഭവിക്കുന്ന ബന്ധങ്ങള്‍ നയിക്കുന്നവര്‍ എല്ലായ്‌പ്പോഴും മാനസികമായും വൈകാരികമായും ഊര്‍ജ്ജസ്വലതയില്ലായ്മ അനുഭവിക്കുന്നു. അവരുടെ തലച്ചോര്‍ നിരന്തരമായി ജാഗ്രതയിലായതിനാല്‍ എല്ലാ ഊര്‍ജ്ജവും വ്യാപിച്ചു കിടക്കുകയാണ്. അതിനാല്‍ കല്ലുകളെയും ദണ്ഡുകളെയും പോലെ വാക്കുകള്‍ പ്രകടമായ പാടുകള്‍ അവശേഷിപ്പിക്കുന്നില്ല. എന്നാല്‍ അതിലെ ശാസ്ത്രം ഇതാണ് : വൈകാരികമായ തലത്തില്‍ രണ്ട് പേര്‍ പരസ്പരം പെരുമാറുന്ന രീതി അനുസരിച്ച് വാക്കുകള്‍ക്ക് ഒടിഞ്ഞ എല്ലുകളേക്കാള്‍ നീണ്ടു നില്‍ക്കുന്ന അവശേഷിപ്പിക്കുകള്‍ ഉണ്ടാക്കാനാകും.

Read More >>