കുട്ടികള്‍ ഉള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

ശൈശവവും ബാല്യവും അമിതമായ ശ്രദ്ധ വേണ്ട കാലഘട്ടമാണ്. മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ ഉള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

"കുട്ടികളായാല്‍ തട്ടിയും മുട്ടിയും വീഴും. അങ്ങനെയാണ് അവര്‍ വളരുന്നത്‌" കൊച്ചുകുട്ടികള്‍ ഉള്ള വീട്ടില്‍ മുതിര്‍ന്ന തലമുറയുടെ സ്ഥിരം ഉപദേശ മന്ത്രമായിരിക്കുമിത്. കാര്യങ്ങളെല്ലാം ശരി തന്നെ, പക്ഷെ ഈ വീഴ്ചയിലും വളര്‍ച്ചയിലും സൂക്ഷിക്കേണ്ടതായ ചിലതുണ്ട്. പ്രത്യേകിച്ച്, അണുകുടുംബവ്യവസ്ഥയില്‍ ജീവിക്കേണ്ടി വരുമ്പോള്‍.

1.സുരക്ഷിതമായ ഉറക്കം:

കുട്ടികള്‍ ഉറങ്ങുന്നത് നേരെ കിടന്നായിരിക്കണം. കമഴ്ന്നു കിടന്നു ഉറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്താനിടയുണ്ട്. 1992ല്‍ പാശ്ചാത്യയൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഔദ്യോഗികമായി തന്നെ ഇങ്ങനെ ഒരു അറിയിപ്പ് ആരോഗ്യവകുപ്പില്‍ നിന്നുണ്ടായി. ശിശുമരണ നിരക്ക് കുത്തനെ ഇടിയുന്നതാണ് പിന്നെ ഇവിടെയുണ്ടായത്.

കുട്ടികള്‍ ഉറങ്ങുമ്പോള്‍ ശ്വസനത്തെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ ലേസുള്ള ഉടുപ്പുകളോ ബ്ലാങ്കറ്റോ കൊണ്ടു അവരെ പുതപ്പിക്കരുത്.

തൊട്ടിലിന്റെ അഴികള്‍ക്ക് ആവശ്യമുള്ളത്രയും അകലം ഉണ്ടായിരിക്കണം. ഇത് കൂടാനും കുറയാനും പാടില്ല. സോഫ്റ്റ്‌ ഡ്രിങ്ക്സ് ലഭിക്കുന്ന കാനുകളില്‍ ഒന്നു വിലങ്ങനെ കടന്നു പോകാന്‍ കഴിയുന്ന ദൂരമാണ് ശരിയായ അളവ്.

2.വീഴ്ചകളിലെ അപകടം:

ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ പടികളോട് ചേര്‍ന്നു ചെറിയ ഗേറ്റുകള്‍ ഉണ്ടാകണം. പടികള്‍ ഏറെയുള്ളതാണെങ്കില്‍ മുകളിലും താഴെയും രണ്ടു ഗേറ്റുകള്‍ പിടിപ്പിക്കുന്നതാണ് സുരക്ഷിതത്വം. വോക്കറില്‍ നടക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ അയഞ്ഞു കിടക്കുന്ന അഴയിലോ, അടുപ്പിനരികിലോ എത്താതെ സൂക്ഷിക്കണം. കസേരയിലും ഉയരമുള്ള മറ്റു വസ്തുക്കളിലും വലിഞ്ഞുകയറാന്‍ ശ്രമിക്കുന്ന കുരുന്നുകളുടെ മേല്‍ എപ്പോഴും ഒരു നോട്ടമുണ്ടാകണം എന്ന് പറയേണ്ടതില്ലെലോ.

മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള അലങ്കാരവസ്തുക്കള്‍ കുരുന്നുകളുടെ വഴിയില്‍ നിന്നും മാറ്റുക. അവര്‍ വളരട്ടെ...ശ്വസനം തടസ്സപ്പെടുത്താതെയിരിക്കാം.

കുട്ടികള്‍ക്ക് നല്‍കുന്ന കളിപ്പാട്ടങ്ങളില്‍ ഊരിയെടുക്കാവുന്ന ചെറിയ വസ്തുക്കള്‍ ഇല്ലെന്നു ഉറപ്പു വരുത്തുക.

5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കട്ടിയുള്ള ഉരുണ്ട മിഠായികള്‍,മുന്തിരി,സോസേജ് തുടങ്ങിയവ നല്‍കരുത്. ആദ്യമായി നടക്കാന്‍ തുടങ്ങുന്ന കുഞ്ഞുങ്ങള്‍ ആകര്‍ഷകമായി കാണുന്നതെന്തും വായിലേക്ക് എടുത്തിടാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ശ്രദ്ധയുണ്ടാകണം.

3. തീയും അപകടവും

കളിപ്പാട്ടങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ലൈറ്ററും മറ്റും വാങ്ങരുത്. ഇവ കുട്ടികളുടെ കയ്യെത്താത്ത ദൂരത്തു വേണം സൂക്ഷിക്കേണ്ടത്.

കുട്ടികള്‍ക്ക് എത്തിപിടിക്കാന്‍ കഴിയുന്ന തരത്തില്‍ നീളന്‍ പിടിയുള്ള പാത്രങ്ങളും വീട്ടില്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ വീട്ടില്‍ ഒരു സ്മോക്ക്‌ അലാറം വയ്ക്കുന്നതും പ്രയോജനപ്പെടും.

4.വിഷരഹിതമായ ബാല്യവും ശൈശവവും.

കുഞ്ഞുങ്ങള്‍ അറിയാതെ എന്തെങ്കിലും വിഴുങ്ങി എന്ന് തോന്നിയാല്‍ നിര്‍ബന്ധിപ്പിച്ചു ഛര്‍ദ്ദിപ്പിക്കുവാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ അപകടമുണ്ടാക്കിയേക്കാം.

അബദ്ധവശാല്‍ ഗുളികകള്‍ വിഴുങ്ങുന്നതാണ് വിഷമയമായ അപകടം ഉണ്ടാക്കുന്നത്‌. മരുന്നുകള്‍ ഒരിക്കലും അവര്‍ക്ക് കാണാന്‍ കഴിയുന്നിടത്ത് വയ്ക്കരുത്. മാത്രമല്ല, മരുന്ന് കഴിപ്പിക്കാനായി കുഞ്ഞുമനസിലേക്ക് ഗുളികകള്‍ മിഠായിയാണ് എന്ന ചിന്ത നല്‍കരുത്. ഇത് അവര്‍ക്ക് പ്രലോഭനം നല്‍കും.

ഉപയോഗിച്ചു കഴിഞ്ഞതും അല്ലാത്തതുമായ ബാറ്ററികള്‍ അലക്ഷ്യമായി ഇടുന്നതും വളരെ അപകടകാരിയാണ്.

5. വെള്ളം മൂലമുള്ള അപകടസാധ്യതകള്‍

നേരിട്ട് അവരെ നിരീക്ഷിക്കാന്‍ സമയം ലഭിക്കുന്നില്ലായെങ്കില്‍ കുട്ടികള്‍ക്ക് കളിക്കാനായി ടബിലോ പാത്രത്തിലോ വെള്ളം നിറച്ചു കുട്ടികളെ അതില്‍ വിടരുത്. മക്കള്‍ക്ക്‌ നീന്തലറിയാം എന്ന വിശ്വാസത്തില്‍ അവരെ ഒറ്റയ്ക്ക് നദികളിലും ജലസ്രോതസുകളിലും വിടുന്ന മാതാപിതാക്കന്മാരുണ്ട്. എന്നാല്‍ സത്യമിതാണ് വെള്ളത്തില്‍ മുങ്ങിമരിച്ച കുട്ടികളില്‍ 47% പേര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ മുങ്ങിമരണം കേവലം ഒരു മിനിറ്റ് പോലും വേണ്ടാത്ത നിശബ്ദതയില്‍ ആയിരിക്കും. അതിനാല്‍ കുട്ടികളില്‍ നിന്നും ഒരു നിമിഷം പോലും ശ്രദ്ധയകറ്റരുത്.

6. 'W' ഇരിപ്പ് അത്ര നല്ലതല്ല...


കുട്ടികള്‍ ഏറ്റവുമധികം ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പൊസിഷനാണ് 'w'. പക്ഷെ ഈ ഇരിപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ ഇടയുണ്ട്. ശരീരത്തിന്റെ സന്തുലിതാവസ്ഥ, നട്ടെല്ലിന്റെ ബലക്ഷയം എന്നിവയെല്ലാം അനന്തരഫലങ്ങളാകാം. കാല്‍മുട്ടുകള്‍ രണ്ടും ഒരേ ദിശയിലേക്ക് വരുന്ന തരത്തില്‍ ഇരിക്കുന്നതിനു അവരെ പരിശീലിപ്പിക്കുക.

7. വാഹനത്തിനുള്ളില്‍...

മുതിര്‍ന്നവരുടെ സീറ്റ് ബെല്‍റ്റ്‌ കുട്ടികള്‍ക്ക് പാകമാകില്ല. അതിനാല്‍ അവരെ വാഹനത്തില്‍ ഒറ്റയ്ക്കിരുത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള സീറ്റില്‍ കുട്ടികളെ ഇരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ഒന്നുണ്ട്- സീറ്റ് ബെല്‍റ്റ്‌ അവരുടെ കഴുത്തിന്‌ വിലങ്ങാകരുത്. അതുപോലെ തന്നെ സീറ്റ് ബെല്‍റ്റിന്റെ താഴെ ഭാഗം അവരുടെ ഇടുപ്പിലൂടെയായിരിക്കണം മുറുക്കേണ്ടത്‌, ഒരിക്കലും വയറിനു മീതെയാകരുത്.കഴിയുമെങ്കില്‍ അവര്‍ക്കായി വിപണിയില്‍ ലഭിക്കുന്ന ബേബി സീറ്റര്‍ കരുതുക. പതിവായി യാത്ര ചെയ്യുന്നവരാണ് എങ്കിലും ഇത് ഒരു ആവശ്യവസ്തുവാണ്.

കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി ഹൃസ്വനേരം പോലും മാറി നില്‍ക്കാതിരികാന്‍ ശ്രദ്ധിക്കുക.

സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ തന്നെ ഹെല്‍മെറ്റ്‌ വയ്ക്കാനും പരിശീലിപ്പിക്കുന്നത് നല്ലതായിരിക്കും. ഇതൊരു സുരക്ഷാമാര്‍ഗ്ഗമാണ്, മാത്രമല്ല ഒരു നല്ല ശീലം കൂടി പാവുകയാണ്. സൈക്കിള്‍ ഓടിക്കുന്ന കുട്ടികളുടെ വസ്ത്രത്തിലുമുണ്ട് കാര്യം. നീളം കൂടിയതും പറക്കുന്നതുമായ വസ്തുക്കള്‍ ടയറിനുള്ളില്‍ കുടുങ്ങി അപകടം ക്ഷണിച്ചുവരുത്താന്‍ ഇടയാക്കരുത്. അവരുടെ വാഹനം എപ്പോഴും നല്ല കണ്ടീഷനിലാണ് എന്ന് ഉറപ്പു വരുത്തണം