കഠിനവ്യായാമം പ്രായമാകുന്നതിനെ മന്ദഗതിയിലാക്കുമെന്ന് പഠനം!

യഥാര്‍ഥ പ്രായത്തിനേക്കാള്‍ ചെറുപ്പം തോന്നിക്കന്ന ആളുകളെ നാം കാണാറുണ്ട്. ശാരീരികമായി എത്രത്തോളം പ്രവര്‍ത്തനക്ഷമമാകുന്നുവോ അത്രയും കുറവായിരിക്കും ശരീരത്തിനു പ്രായമാകുന്ന പ്രവര്‍ത്തനം എന്നാണ് എക്‌സര്‍സൈസ് സയന്‍സ് പ്രൊഫസര്‍ ലാറി ടക്കര്‍ അഭിപ്രായപ്പെടുന്നത്.

കഠിനവ്യായാമം പ്രായമാകുന്നതിനെ മന്ദഗതിയിലാക്കുമെന്ന് പഠനം!

ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്നുണ്ടെങ്കിലും മനുഷ്യനു വയസ്സാകുന്നതു തടയാനുള്ള ഫലപ്രദമായ വഴികളൊന്നും കണ്ടെത്തിയിട്ടില്ല. ക്രീമുകളും മേയ്ക്ക് അപ് സാമഗ്രികളും ഉപയോഗിച്ചു പ്രായം മറച്ചുവയ്ക്കാം എന്നല്ലാതെ വര്‍ഷങ്ങള്‍ കഴിയുന്തോറും ഏറുന്ന പ്രായം ഒരു ദുഃഖ സത്യമായി നിലനില്‍ക്കുകയേയുള്ളൂ.

എന്നാല്‍ അത്രയ്ക്കങ്ങു നിരാശപ്പെടുത്താനും ശാസ്ത്രം തയ്യാറല്ല. അമേരിക്കയിലെ ബിര്‍ഗാം യങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണമാണു പ്രായമാകുന്നതു പതുക്കെയാക്കാന്‍ പറ്റുമെന്നു അഭിപ്രായപ്പെടുന്നത്. പ്രായമാകലിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഇത്തരത്തില്‍ പതുക്കെയാക്കാന്‍ പറ്റുകയുള്ളൂ. അതും, അല്പം വിയര്‍ക്കാന്‍ തയ്യാറാകുകയാണെങ്കില്‍ മാത്രം.

ജനുവരിയില്‍ കാലിഫോര്‍ണിയ സാന്‍ഡീഗോ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ദിവസം പത്തു മണിക്കൂറെങ്കിലും ദേഹമനങ്ങിയുള്ള ജോലികളില്‍ ഏര്‍പ്പെടാത്ത മുതിര്‍ന്ന സ്ത്രീകളിലെ ചില കോശങ്ങള്‍ ജീവശാസ്ത്രപരമായി എട്ടു വര്‍ഷത്തോളം പ്രായക്കൂടുതല്‍ അനുഭവിക്കുമെന്നു കണ്ടെത്തിയിരുന്നു. അവരിലെ ഡിഎന്‍ഏ ഇഴകളിലെ ടെലോമിയറുകള്‍ (ഷൂലേയ്‌സിന്റെ പ്ലാസ്റ്റിക് അറ്റം പോലെ) ചെറുതാകുന്നുവെന്നു കണ്ടെത്തിയിരുന്നു.

ശരീരകോശങ്ങള്‍ക്കു പ്രായമാകുമ്പോള്‍ അവയുടെ ടെലോമിയറുകളും തേയുകയും ചെറുതാകുകയും ചെയ്യും. എന്നാല്‍ ആരോഗ്യ, ജീവിതശൈലി എന്നിവയ്ക്ക് അതിന്റെ വേഗം കൂട്ടും. പുകവലി, അമിതവണ്ണം പോലെയുള്ള ഘടകങ്ങള്‍ ആ പ്രവര്‍ത്തനത്തിന്റെ വേഗത കൂട്ടുന്നു.

ഉദാസീനമായ ജീവിതരീതി കോശങ്ങളുടെ പ്രായം ചെല്ലല്‍ വേഗത്തിലാക്കുന്നു. കാലക്രമം അനുസരിച്ചുള്ളതും ശാരീരികമായതുമായ പ്രായങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടാക്കും അത്.

ഇതേ കണ്ടെത്തലിന്റെ വഴി പിടിച്ചാണു ബിര്‍ഗാം യങ് യൂണിവേഴ്‌സിറ്റിയിലെ പഠനം കോശങ്ങള്‍ക്കു പ്രായമാകുന്നതു മന്ദഗതിയിലാക്കാം എന്നു കണ്ടെത്തിയിരിക്കുന്നത്.

നിങ്ങള്‍ക്കു 40 വയസ്സായി എന്നതുകൊണ്ട് ശാരീരികമായി 40 വയസ്സാകണമെന്നില്ല എന്നാണു എക്‌സര്‍സൈസ് സയന്‍സ് പ്രൊഫസര്‍ ലാറി ടക്കര്‍ പറയുന്നത്. യഥാര്‍ഥ പ്രായത്തിനേക്കാള്‍ ചെറുപ്പം തോന്നിക്കുന്ന ആളുകളെ നാം കാണാറുണ്ട്. ശാരീരികമായി എത്രത്തോളം പ്രവര്‍ത്തനക്ഷമമാകുന്നുവോ അത്രയും കുറവായിരിക്കും ശരീരത്തിനു പ്രായമാകുന്ന പ്രവര്‍ത്തനം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ശാരീരിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ടെലോമറുകള്‍ ഉദാസീനരായവരേക്കാള്‍ ഒമ്പതു വയസ്സെങ്കിലും ചെറുപ്പമായിരിക്കും എന്നു പഠനത്തില്‍ വ്യക്തമാക്കുന്നു. ക്രോമസോമുകളുടെ പ്രോട്ടീന്‍ തൊപ്പികളാണു ടെലോമിയറുകള്‍. ഓരോ തവണ കോശങ്ങള്‍ പകര്‍പ്പെടുക്കുമ്പോഴും ആ തൊപ്പികള്‍ക്കു അല്പം ക്ഷതമുണ്ടാകുന്നു. അതുകൊണ്ട്, പ്രായമാകുന്തോറും ടെലോമിയറുകളുടെ നീളവും കുറയുന്നു.

എന്നാല്‍ ചെറിയ എന്തെങ്കിലും വ്യായാമം ചെയ്തു ശാരീരിക പ്രായമാവലിനെ നിയന്ത്രിക്കാനാവില്ലെന്നും പ്രൊ. ടക്കര്‍ പറയുന്നു. അതിനു ദിവസവും കഠിനമായ വ്യായാമങ്ങള്‍ തന്നെ ആവശ്യമാണ്.

ഏറ്റവും നീളം കുറഞ്ഞ ടെലോമിയറുകള്‍ കാണപ്പെടുന്നത് ഉദാസീനരായ ആളുകളിലാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചെറിയ രീതിയില്‍ വ്യായാമം ചെയ്യുന്നവരും ഒട്ടും വ്യായാമം ചെയ്യാത്തവരും തമ്മില്‍ ടെലോമിയറുകളുടെ നീളത്തില്‍ കാര്യമായ വ്യത്യാസവുമില്ല.

കഠിനമായ വ്യായാമം ടെലോമിയറുകളെ എങ്ങിനെ സംരക്ഷിക്കുന്നു എന്നറിയില്ലെങ്കിലും അത് ദഹനവും ശുദ്ധീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അനുമാനിക്കുന്നു. ഈ രണ്ടു പ്രവര്‍ത്തനങ്ങളും ടെലോമിയറിന്റെ നീളവുമായി കാര്യമായ ബന്ധമുണ്ടെന്നു മുമ്പു നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

'പതിവുള്ള വ്യായാമവും ശാരീരികാധ്വാനവും ആയുസ് വര്‍ധിപ്പിക്കുമെന്നു നമുക്കറിയാം. ഇപ്പോള്‍ ടെലോമിയറുകളും ആ അറിവിന്റെ ഭാഗമായിരിക്കുന്നു'- പ്രൊ. ടക്കര്‍ പറയുന്നു. അപ്പോള്‍, തുടങ്ങുകയല്ലേ സല്‍മാല്‍ ഖാന്‍ ശൈലിയില്‍ വ്യായാമം?

Read More >>