'ചൂടുള്ള വാര്‍ത്തകള്‍' കണ്ടെത്തുന്നത് എങ്ങനെ?

പ്രധാനവും അപ്രധാനവുമായ എത്രയോ വാര്‍ത്തകള്‍ക്ക് ഇടമുള്ളപ്പോഴും കൂടത്തായിയും ജോളിയും മാധ്യമങ്ങളുടെ ഇഷ്ടവിഷയമായി തുടരുന്നതിന് പിന്നിലെ മനശാസ്ത്രം വിവരിക്കുന്നു സൈക്കോളജിസ്റ്റായ റെനീഷ് റഹ്മാന്‍

ചൂടുള്ള വാര്‍ത്തകള്‍ കണ്ടെത്തുന്നത് എങ്ങനെ?

എന്തുകൊണ്ടാണ് കൂടത്തായ് കൊലപാതകം ചാനലുകളിൽ ദിവസവും അന്തിചർച്ചയും ഗ്രാഫ് വരക്കലും അവരുടേതായ കഥകളുമായി നിറഞ്ഞു നിൽക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ജോളി ചെയ്ത നിഷ്ടൂരകൊലയിൽ ജനങ്ങൾ വിറങ്ങലിച്ചു പോയതിൽ ആണോ?

ഈ കൊലപാതക വാർത്തകൾ ജനങ്ങളിലേക്കെത്തിച്ചു അവരെ നേർ രീതിയിൽ നടത്താൻ ആണോ?

അതൊന്നുമല്ല, ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രം അവർക്കു ശരിക്കും അറിയാവുന്നതു കൊണ്ടാണ്.

ഒരാളുടെ കുറ്റങ്ങൾ (എത്ര ചെറുതോ വലുതോ ) തേടി പോകാനും അത് കാണാനും കേൾക്കാനുമുള്ള ത്വര ആ ആൾക്കൂട്ടത്തിനു ഉണ്ട്. വാ കൊണ്ടോ മനസ്സ് കൊണ്ടോ ഒരാളെ തെറിവിളിക്കാൻ അവസരം കിട്ടിയാൽ അത് ചെയ്തു സംതൃപ്തി അടയുന്ന വലിയൊരു ആൾക്കൂട്ടം ഉണ്ട്.. സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറൽ ആകുന്നതെല്ലാം പോസിറ്റീവ് പോസ്റ്റുകളെക്കാൾ കൂടുതൽ പൊങ്കാല പോസ്റ്റുകൾ ആണ്.

നമ്മൾ ഒന്ന് സ്വയം വിലയിരുത്തി നോക്കിയാൽ മനസ്സിലാകും നമ്മളും ആ ആൾക്കൂട്ടത്തിന്റെ ഭാഗമല്ലേ?

നമ്മളുടെ ചുറ്റുവട്ടത്തു എന്തെങ്കിലും മോശമായ ഒരു സംഭവം നടന്നാൽ അതിനെ കുറിച്ച് അറിയാൻ ഈ അടുത്ത കാലത്തൊന്നും നിങ്ങളെ വിളിക്കാത്ത സുഹൃത്തുക്കൾ വിളിച്ചു അന്വേഷിക്കും.

അതുപോലെ നമ്മളും എത്ര തവണ പലരെയും വിളിച്ചിട്ടുണ്ട്!

നാട്ടിലെ ഒളിച്ചോട്ടം,സദാചാരം, ആത്മഹത്യാ ചെയ്തതിന്റെ കാരണങ്ങൾ തേടി, പറ്റിച്ചവന്റെയും പറ്റിക്കപ്പെട്ടവന്റെയും കഥകൾ കേൾക്കാൻ.. അങ്ങനെ എത്ര വിളികൾ..
ഈ കഥകളൊക്കെ കെട്ടു നമ്മൾ എത്ര നിർവൃതി അടഞ്ഞിട്ടുണ്ട്..

ഞാനും നിങ്ങളും ഉൾപ്പെടുന്ന മാനസിക രോഗികളുടെ ആ വലിയ ആൾക്കൂട്ടത്തിനു വേണ്ടിയാണീ വർത്തകളൊക്കെ ഗ്രാഫിക്സും ബാക്ഗ്രൗണ്ട് മ്യൂസിക്കും മിക്സ് ചെയ്തു വരുന്നത്.


Read More >>