പ്രമേഹവും സെക്സും

ലൈംഗികശേഷിക്കുറവും, ലൈംഗികാരോഗ്യ പ്രശ്നങ്ങളും പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആകാം. പ്രമേഹം അതിലൊന്നാണ്. ഇതുമായി കൂടുതല്‍ ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടന്നുവരികയാണ് എങ്കിലും ടൈപ് 2 പ്രമേഹരോഗം ലൈംഗികാരോഗ്യത്തെ ബാധിക്കുന്നതാണ് പൊതുവേ കണ്ടു വരുന്നത്.

പ്രമേഹവും സെക്സും

സാമൂഹിക മാധ്യമങ്ങളില്‍ കൂടിയും, സ്വകാര്യ സന്ദേശങ്ങളില്‍ കൂടിയും സെക്സ് സംസാരിക്കാന്‍ മടിക്കാത്ത ഒരു സമൂഹത്തിനു പക്ഷെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം സംസാരിക്കാന്‍ മടിയാണ്. ലൈംഗിക പ്രശ്നങ്ങള്‍ ഡോക്ടറിനോട് സംസാരിക്കാനും പരിഹാരം തേടാനും പ്രമേഹരോഗികള്‍ മടിക്കുന്നതിന്റെ കാരണവും ഇതാകാം.

വികസിത ലോകരാജ്യങ്ങളില്‍ പോലും ഡയബറ്റിക്സ്‌ ബാധിതരായവരില്‍ കേവലം 19% സ്ത്രീകളും 40% പുരുഷന്മാരും മാത്രമാണ് തങ്ങള്‍ നേരിടുന്ന ലൈംഗികപ്രശനങ്ങളെ കുറിച്ച് വൈദ്യസഹായം തേടാന്‍ ശ്രമിക്കുന്നത് എന്ന് ഡയബറ്റിക്സ്‌ കെയര്‍ ഫൌണ്ടേഷന്‍ ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഡോക്ടറുമാരുടെ ഭാഗത്തു നിന്നും മനപ്പൂര്‍വ്വമായ ഒരു ഉപേക്ഷക്കുറവും ലേഖനത്തില്‍ ആരോപിക്കപ്പെടുന്നു. കാഴ്ച, മൂത്രതടസ്സം, ഹൃദയാരോഗ്യം എന്നിവയെ കുറിച്ചു ആരായുമ്പോഴും ലൈംഗികാരോഗ്യത്തെ കുറിച്ചു വിവരങ്ങള്‍ തേടാന്‍ ഇവരും മടിക്കുന്നു.

ലൈംഗികശേഷിക്കുറവും, ലൈംഗികാരോഗ്യ പ്രശ്നങ്ങളും പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആകാം. പ്രമേഹം അതിലൊന്നാണ്. ഇതുമായി കൂടുതല്‍ ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടന്നുവരികയാണ് എങ്കിലും ടൈപ് 2 പ്രമേഹരോഗം ലൈംഗികാരോഗ്യത്തെ ബാധിക്കുന്നതാണ് പൊതുവേ കണ്ടു വരുന്നത്. പുരുഷന്മാരില്‍ ഇത് ഉദ്ധാരണത്തിനു തടസ്സം സൃഷ്ടിക്കുമെങ്കില്‍ സ്ത്രീകളില്‍ ഇത് യോനിയുടെ വരള്‍ച്ചയ്ക്ക് കാരണമാകുന്നു.

ശരീരത്തില്‍ ലിബിഡോ പ്രോട്ടീന്‍ അളവ് കുറയുന്നത് സെക്സിനുള്ള താല്‍പര്യം കുറയ്ക്കും. പ്രമേഹത്തിന് വേണ്ടി കഴിക്കുന്ന ചില മരുന്നുകളും ലൈംഗികതാല്‍പര്യത്തെ നിരുത്സാഹപ്പെടുത്തുന്നതായിരിക്കും. അതിനാല്‍ തന്നെ ഇക്കാര്യങ്ങള്‍ ഡോക്ടറിനോട് തുറന്നു സംസാരിക്കെണ്ടതുണ്ട്.തലച്ചോര്‍ നിര്‍ദ്ദേശിക്കുന്ന ഒരു വികാരമാണ് ലൈംഗിക താല്‍പര്യം.രക്തകോശങ്ങളില്‍ നിയന്ത്രണം വരുത്തുന്ന മരുന്നുകള്‍ കഴിക്കുമ്പോള്‍ തലച്ചോറില്‍ നിന്നുമുള്ള പല നിര്‍ദ്ദേശങ്ങള്‍ തടസ്സപ്പെടാന്‍ ഇടയുണ്ടെന്നും, ലൈംഗികതാല്പര്യത്തെയും അവ ബാധിക്കാനിടയുണ്ടെന്നും ഷിക്കാഗോ സെക്ഷ്വല്‍ മെഡിസിന്‍ ഡയറക്ടര്‍ ടെസ്ലര്‍ പറയുന്നു.

പ്രമേഹം ഉള്ളവരില്‍ ടെസ്ട്രോണിന്റെ അളവിലും കുറവുണ്ടാകാനിടയുണ്ട്.ലൈംഗികാഗ്രഹവും ഉദ്ധാരണവും തമ്മിലുള്ള വ്യത്യാസം അറിയണം. സെക്സിന് ആദ്യം ഉണ്ടാകേണ്ടത് അതിനുള്ള താല്‍പര്യം തന്നെയാണ്. ഈ താല്‍പര്യത്തില്‍ നിന്നും ശരീരത്തിന് ഉത്തേജനം ലഭിക്കുന്നു. പ്രമേഹരോഗികളായവരില്‍ നല്ലൊരു ശതമാനത്തിനും സെക്സിനുള്ള താല്‍പര്യം ഉണ്ടാകുമെങ്കിലും ശരീരത്തിന് അതിനനുസൃതമായി ഉത്തേജിതാവസ്ഥയില്‍ എത്തുവാന്‍ സാധിക്കുന്നില്ല. പ്രമേഹം നിയന്ത്രിക്കുവാന്‍ അവര്‍ കഴിക്കുന്ന മരുന്നുകളുടെ അനന്തരഫലമായും ഇത്തരം അവസ്ഥ സംജാതമാകുന്നുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന മരുന്നുകള്‍ കഴിക്കുമ്പോഴും ഉദ്ധാരണത്തിനു പ്രയാസം അനുഭവപ്പെടുന്നതായി കണ്ടു വരുന്നു.

ഇത്തരം പ്രശ്നങ്ങള്‍ പക്ഷെ സ്ഥായിയായതല്ല എന്ന് സെക്സ് ആന്‍ഡ്‌ ഡയബെറ്റിക്സ് എന്ന പുസ്തകത്തിന്‍റെ രചയിതാവ് ജാനിസ് പറയുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്ന മരുന്നുകള്‍, ടെസ്റ്ററോണ്‍ കുത്തിവയ്പ്പുകള്‍, ഉദ്ദാരണത്തിനു സഹായകമാകുന്ന വിധം ലിംഗാഗ്രത്തില്‍ സ്ഥാപിക്കുന്ന ചെറിയ വളയം തുടങ്ങി അനവധി ചികിത്സാരീതികള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് പക്ഷെ നിര്‍ബന്ധമായും ഡോക്ടറിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നു മാത്രം.

സ്ത്രീകളില്‍ യോനിയുടെ വരള്‍ച്ചയാണ് പ്രധാനമായും സെക്സിനുള്ള താല്‍പര്യം കുറയ്ക്കുന്നത്. ഈ അവസ്ഥ സെക്സിനെ വേദനാജനകമായ ഒരു അനുഭവമാക്കി തീര്‍ക്കുന്നു. പ്രമേഹബാധിതരില്‍ ഈ അവസ്ഥ കൂടുതലായി കണ്ടു വരുന്നുണ്ട്.ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചും ഈ ലക്ഷണങ്ങള്‍ പ്രകടമാണ്. ഈസ്ട്രോജനിന്റെ കുറവാണ് യോനിയുടെ വരള്‍ച്ചയ്ക്ക് കാരണമാകുന്നതെങ്കില്‍ അതിന് പരിഹാരമായുള്ള ക്രീമുകളും മരുന്നുകളും വിപണിയില്‍ ലഭ്യമാണ്.

മറ്റേതു ശാരിരികാവസ്ഥയെ കുറിച്ചും വൈദ്യസഹായം തേടാന്‍ മടി കാണിക്കാത്തവര്‍ ലൈംഗികത സംബന്ധിച്ച സംശയങ്ങളും ഡോക്ടറുമായി സംസാരിച്ചു ദൂരീകരിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. എല്ലാ പ്രമേഹവും ഒരു പോലെയല്ല എന്നുള്ളത് പോലെ ഓരോരുത്തരുടേയും പ്രശ്നങ്ങളും വിഭിന്നമായിരിക്കും. അതിനനുസരിച്ചുള്ള ചികിത്സ തേടി ജീവിതം കൂടുതല്‍ സുഖപ്രദവും ആസ്വാദ്യകരവുമാക്കുക. രോഗം ഒന്നിന്റെയും അവസാനമല്ല.

Story by