വസ്ത്രമില്ലാതെ ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍...

കേവലം സുഖപ്രദം എന്നതില്‍ ഉപരി വിവസ്ത്രനായി ഉറങ്ങുന്നതിനു പിന്നില്‍ ആരോഗ്യപരമായ എന്തെങ്കിലും കാരണം ഉണ്ടോ? ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ലൈവ് സയന്‍സ് ഇത് സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം തേടിയിരുന്നു.

വസ്ത്രമില്ലാതെ ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍...

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വസ്ത്രം ധരിക്കണോ വേണ്ടയോ എന്ന് പൊതുവേ ഉയരുന്ന ഒരു സംശയമാണ്. ചിലര്‍ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിച്ചു കിടക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചായിരിക്കും കിടക്കുക. ഇനി മറ്റു ചിലര്‍ക്ക് നഗ്നരായി കിടന്നുറങ്ങുന്നതാണ് സുഖപ്രദം.

സ്ത്രീകളില്‍:

പുരുഷന്മാരെ അപേക്ഷിച്ചു വസ്ത്രമില്ലാതെ കിടന്നുറങ്ങുന്നതില്‍ പൊതുവേ സ്ത്രീകള്‍ വിമുഖത പ്രകടിപ്പിക്കാറുണ്ട്. അടിവസ്ത്രങ്ങള്‍ ധരിക്കാതെ അയഞ്ഞ വേഷങ്ങള്‍ മാത്രം ധരിച്ച് ഉറങ്ങാന്‍ തയ്യാറാവുമെങ്കിലും ബഹുഭൂരിപക്ഷം സ്ത്രീകളും പൂര്‍ണ്ണനഗ്നരായി കിടന്നുറങ്ങാന്‍ താല്പര്യപ്പെടില്ല. കിടപ്പറയില്‍ പോലും സ്വകാര്യത സൂക്ഷിക്കണമെന്ന മനോഭാവമാണ് ഇതിനു പിന്നില്‍. ആരോഗ്യത്തിന്‌ ഗുണകരമല്ലാത്തതിനാല്‍ ഉറങ്ങുമ്പോള്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുതെന്ന്‌ പറയുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ പലതുണ്ട്.

ഉറങ്ങുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരിയായ രീതിയില്‍ രക്തയോട്ടം നടക്കണമെന്നില്ല. ഇത് ശ്വസനത്തെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നു മാത്രമല്ല പില്‍ക്കാലത്ത്‌ പല അസ്വസ്ഥതകള്‍ക്കും വഴി തുറക്കാനും സാധ്യതകള്‍ വളരെയാണ്. സ്വകാര്യഭാഗങ്ങളില്‍ ചര്‍മ്മത്തിനുണ്ടാകുന്ന പലവിധ അണുബാധയും തടയാന്‍ വിവസ്ത്രമായി കിടന്നുറങ്ങുന്നത് സഹായകരമാകും.

ചര്‍മ്മം ഇപ്പോഴും ഈര്‍പ്പമുള്ളതായിരുന്നാല്‍ യോനീഭാഗത്ത് ചൊറിച്ചിലോട് കൂടി തടിപ്പുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇരുണ്ടതും നനവുമുള്ള ചര്‍മ്മത്തില്‍ ബാക്ടീരിയ വളരാനുള്ള സാഹചര്യങ്ങളും ഏറെയാണ്‌. ആര്‍ത്തവത്തിന് ശേഷം ഇങ്ങനെയൊരു അവസ്ഥയിലൂടെ സ്ത്രീകള്‍ കടന്നു പോകുന്നതും പുതുമയുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ അടിവസ്ത്രമില്ലാതെ ഉറങ്ങുന്നത് ആരോഗ്യകരമായി ഏറെ ആശ്വാസകരമായിരിക്കും. അടിവസ്ത്രമില്ലാതെ കിടന്നുറങ്ങാന്‍ മടി തോന്നുന്നുവെങ്കില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.

പുരുഷന്മാരില്‍:

അടിവസ്ത്രം ധരിച്ചുറങ്ങുന്നത് പ്രത്യുല്പാദനശേഷിയെ ബാധിക്കുമെന്ന വിശ്വാസം തെറ്റാണ് എന്നു ഡോക്ടര്‍മാര്‍ പറയുന്നു. കാലിഫോര്‍ണിയ സര്‍വ്വകലാശാല ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിരുന്നു. പല പ്രായത്തിലുള്ള 500 പുരുഷമാരെ ഒരു വര്‍ഷം സര്‍വ്വേയുടെ ഭാഗമായി നിരീക്ഷിച്ചതില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ അവര്‍ എത്തി ചേര്‍ന്നത്‌.ഉറങ്ങുമ്പോള്‍ ശരീരത്തെ സ്വതന്ത്രമാക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നഗ്നരായി കിടന്നുറങ്ങാം. സാമൂഹിക-കുടുംബപശ്ചാത്തലങ്ങള്‍ അതിനു അനുവദിക്കുന്നുണ്ട് എങ്കില്‍ ഇത്തരം ഉറക്കം അനായാസകരമാവുകയും ചെയ്യും. ഇറുകിപിടിച്ച വസ്ത്രങ്ങള്‍ ഏതായാലും വേണ്ടേ വേണ്ടാ!


കിടപ്പറയില്‍ എന്തു ധരിക്കണം എന്തു ധരിക്കേണ്ട എന്നുള്ളത് പങ്കാളിയുമായി ചേര്‍ന്ന് തീരുമാനിക്കുന്നത്‌ ദാമ്പത്യത്തിനു ഗുണകരമാണ് എന്ന് പറയേണ്ടതില്ലെലോ. ലൈംഗികതയെ ഉത്തേജിപ്പിക്കാനും ഇതൊരു കാരണമാകും. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസിന്റെ സന്തോഷത്തിനും ഇതു വഴി തുറക്കുന്നു.

ഏതായാലും മാനസികപിരിമുറുക്കത്തെ അതിജീവിച്ചു സുഖകരമായി ഉറങ്ങാന്‍ വസ്ത്രങ്ങള്‍ ഇല്ലാതെയിരിക്കുന്നത് തന്നെയാണ് നല്ലത്.