വിഎസിനുമുന്നില്‍ അച്ചടക്കമുള്ള സഖാവായി എംഎം മണി; നിറപുഞ്ചിരിയോടെ ഇരുവരും ഒരു വേദിയില്‍

മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബത്തെയും നിശിതമായി വിമര്‍ശിക്കുകയും ക്രൂരമായി പരിഹസിക്കുകയും ചെയ്തിരുന്ന എംഎം മണി, വിഎസിന്റെ സാന്നിധ്യത്തില്‍ വിഷയം പ്രതിപാദിക്കാതെ ശാന്തനായിരുന്നു.

വിഎസിനുമുന്നില്‍ അച്ചടക്കമുള്ള സഖാവായി എംഎം മണി; നിറപുഞ്ചിരിയോടെ ഇരുവരും  ഒരു വേദിയില്‍

ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വിരാമമിട്ട് വിഎസ് അച്യുതാനന്ദനും എംഎം മണിയും മലപ്പുറത്തെ പ്രചാരണവേദിയില്‍ കൈകോര്‍ത്തു. ലീഗ് കോട്ടയായ വേങ്ങരയിലെ എല്‍ഡിഎഫ് പ്രചാരണത്തിനാണ് വിഎസും മണിയും ഒരേ വേദിയിലെത്തിയത്. മൂന്നാര്‍ കയ്യേറ്റത്തിന്റെ പേരില്‍ അടുത്തിടെ വിഎസിനെതിരേ വിമര്‍ശനമുന്നയിച്ച എംഎം മണി ,പക്ഷെ വിഎസിനെ നേരില്‍ക്കണ്ടപ്പോള്‍ അച്ചടക്കമുള്ള സഖാവായി.

മൂന്നാര്‍ കയ്യേറ്റവിഷയത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച വിഎസിന് അതേഭാഷയില്‍ മുമ്പ് എംഎം മണി മറുപടി നല്‍കിയിരുന്നു. വിഎസിന് ഓര്‍മ്മപ്പിശകുണ്ടെന്നും മൂന്നാറില്‍ കയ്യേറ്റമില്ലെന്നുമായിരുന്നു അന്ന് എംഎം മണി പറഞ്ഞത്. പട്ടിയെന്നും പൂച്ചയെന്നും പറഞ്ഞ് മൂന്നാറിലെത്തിയവരെ ഓടിച്ചുവിട്ടിട്ടുണ്ടെന്നും വിഎസിന് മറുപടിയെന്നോണം മണി അന്ന് പറഞ്ഞിരുന്നു. ഇതെല്ലാം കണ്ട് ഇവര്‍ ശത്രുതയിലാണെന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് ഇരുവരും ഇന്ന് സുഹൃത്തുക്കളെപ്പോലെ അടുത്തിടപഴകിയത്.

വേങ്ങരയിലെ പ്രചാരണവേദിയിലേക്ക് നൂറുകണക്കിന് പേരുടെ അകമ്പടിയോടെ കടന്നുവന്ന വിഎസിനെ നിറപുഞ്ചിരിയോടെ മണി സ്വീകരിച്ചത്. അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു.

പിന്നീട് കുശലാന്വേഷണം. വിഎസിനുവേണ്ടി ശക്തിയുക്തം വാദിച്ച ആ പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലെന്നോണം തികഞ്ഞ ബഹുമാനവും സ്‌നേഹവും പ്രകടിപ്പിച്ചാണ് എംഎം മണി വിഎസിന് അരികിലിരുന്നത്. ഇടക്കിടെ തമാശകള്‍ പറഞ്ഞ് ഇരുവരും ചിരിച്ചു. കണ്ടുനിന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്കും ഇത് ആവേശം പകര്‍ന്നു.

മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബത്തെയും നിശിതമായി വിമര്‍ശിക്കുകയും ക്രൂരമായി പരിഹസിക്കുകയും ചെയ്തിരുന്ന എംഎം മണി, വിഎസിന്റെ സാന്നിധ്യത്തില്‍ വിഷയം പ്രതിപാദിക്കാതെ ശാന്തനായിരുന്നു.

വിഎസിന്റെ വാക്കുകള്‍ കടമെടുത്ത് പ്രസംഗം തുടങ്ങിയ എംഎം മണി, കേന്ദ്രസര്‍ക്കാരിനെയും ലീഗിനെയും കടന്നാക്രമിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. എംബി ഫൈസലിന്റെ വിജയത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റക്കെട്ടായി പൊരുതുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഎസിന്റെയും എംഎം മണിയുടെയും ഒത്തുചേരലിനെയും പ്രസംഗത്തെയും കരഘോഷങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്. ഒരുകാലത്ത് വിഎസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എംഎം മണി, വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്തെ മൂന്നാര്‍ ഓപ്പറേഷനോടെയാണ് അദ്ദേഹവുമായി അകലുന്നത്.