മലപ്പുറത്തെ ജനവിധി ഇന്നറിയാം; ആകാംഷയോടെ കേരളം

ആദ്യ ഫലസൂചനകള്‍ എട്ടരയോടെയും അന്തിമഫലം പതിനൊന്നുമണിയോടെയും അറിയാനാകും. കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് മലപ്പുറത്ത് സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലപ്പുറത്തെ ജനവിധി ഇന്നറിയാം; ആകാംഷയോടെ കേരളം

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. മലപ്പുറം ഗവണ്‍മെന്റ് കോളേജിലാണ് വോട്ടെണ്ണെല്‍ നടക്കുക. രാവിലെ വോട്ടിംങ്ങ് യന്ത്രങ്ങള്‍ കൗണ്ടിംഗ് സ്റ്റേഷനുകളിലേക്കെത്തിക്കുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയക്ക് തുടക്കമാകും. ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ വിരലിലെണ്ണാവുന്നത്രയെ ഉള്ളൂ. ഏഴു മണ്ഡലങ്ങളുടെ വോട്ട് ഏഴു സ്ഥലങ്ങളിലായി എണ്ണും. മലപ്പുറം വേങ്ങര മണ്ഡലങ്ങള്‍ക്ക് 12 ടേബിളുകളും ബാക്കി അഞ്ചു മണ്ഡലങ്ങള്‍ക്ക് പത്തു ടേബിളുകളുമാണ് ഉണ്ടാവുക. ആദ്യ ഫലസൂചനകള്‍ എട്ടരയോടെയും അന്തിമഫലം പതിനൊന്നുമണിയോടെയും അറിയാനാകും.

മണ്ഡലത്തിലെ വനിതാ വോട്ടര്‍മാരുടെ തീരുമാനം വിജയിയെ നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ഏഴു നിയമസഭാ മണ്ഡലങ്ങളിലും വനിതകളാണ് പോളിംഗില്‍ മുന്നിലുള്ളത്. ആകെ വോട്ട് ചെയ്ത 9,36,315 പേരില്‍ 4,93,433 പേരും വനിതകളാണ്. അതായത് പുരുഷന്മാരേക്കാള്‍ 50,551 കൂടുതല്‍ വോട്ടുകള്‍ ചെയ്തത് വനിതകളാണ്. എസ് ഡി

‌പി ഐ ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ജമാ അത്തെ ഇസ്ലാമി ആര്‍ക്കും വോട്ടുചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനങ്ങള്‍ ഇന്നത്തെ ഫലത്തിലുണ്ടാകും.

71.33 ശതമാനം പോളിംഗാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 13,12,693 വോട്ടര്‍മാരില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത് 9,36315 പേരാണ്. 2014 നേക്കാള്‍ 1,14000 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടെങ്കിലും പോളിംഗ് ശതമാനം വലിയ തോതില്‍ ഉയരാത്തത് എല്ലാ പാര്‍ട്ടികള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

2014ല്‍ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കുന്ന ഫലം ഉണ്ടാകില്ലെന്നാണ് യുഡിഎഫിന്റ വിലയിരുത്തല്‍. ജയിക്കാനായില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കാന്‍ സാധിക്കുമെന്ന് എല്‍ഡിഎഫ് ഉറച്ചുവിശ്വസിക്കുന്നു. കേന്ദ്രഭരണത്തിന്റെ നേട്ടങ്ങള്‍ പ്രചരണായുധമാക്കിയ ബിജെപി മലപ്പുറത്ത് ലക്ഷ്യമിടുന്നത് ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ്.

കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് മലപ്പുറത്ത് സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനപോലീസിനൊപ്പം കേന്ദ്രസേനയും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിരീക്ഷണം നടത്തും.യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫിലെ എംബി ഫൈസല്‍, എന്‍ഡിഎയുടെ എന്‍ ശ്രീപ്രകാശ് എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. ആറു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.